സർക്കാർ സമ്പാദ്യ പദ്ധതികളിൽ പ്രവാസികൾക്കും നോമിനിയാകാം
Mail This Article
ന്യൂഡൽഹി∙ പോസ്റ്റ് ഓഫിസ് നിക്ഷേപം, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് അടക്കമുള്ള സർക്കാർ സമ്പാദ്യ പദ്ധതികളിൽ ഇനി നോമിനിയായി പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) പേരും ചേർക്കാം. ഇതിനായി 2018ലെ സർക്കാർ സമ്പാദ്യ പ്രോത്സാഹന ചട്ടം ഭേദഗതി ചെയ്തു. എൻആർഐയ്ക്ക് നോമിനിയാകാമെങ്കിലും തുക ഇന്ത്യയിൽ തന്നെ ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. അതേസമയം, പ്രവാസി ഇന്ത്യക്കാർക്ക് ഈ നിക്ഷേപ പദ്ധതികളിൽ അംഗമാകാൻ കഴിയില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ ഉടമയുടെ പേരിൽ മാറ്റം വരുത്തുന്നതുപോലെ തന്നെ സർക്കാർ നിക്ഷേപ പദ്ധതികളിലും പേര് മാറ്റാൻ കഴിയുന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേര് മാറ്റത്തിനുള്ള ഔദ്യോഗിക രേഖ ലഭിച്ച ശേഷം വേണം അപേക്ഷിക്കാൻ.
നിലവിൽ സിംഗിൾ അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കാനോ തിരിച്ചോ സാധ്യമല്ല. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ ഒരാൾ മരിച്ചാൽ ആ അക്കൗണ്ട് ഇനി സിംഗിൾ അക്കൗണ്ട് ആക്കി മാറ്റാൻ കഴിയും. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോളുള്ള വ്യവസ്ഥകളിലും മാറ്റമുണ്ട്. അക്കൗണ്ടിൽ നോമിനിയില്ലാതിരിക്കുകയും, ആകെത്തുക 5 ലക്ഷം രൂപയിൽ താഴെയുമാണെങ്കിൽ, യഥാർഥ അവകാശിയായ വ്യക്തി ഫോം 11 പൂരിപ്പിച്ചു നൽകണം. മരണശേഷം 6 മാസത്തിനുള്ളിൽ വിൽപത്രമനുസരിച്ച് സ്വാഭാവിക പിന്തുടർച്ചാവകാശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളിലാണ് ഈ ഫോം നൽകേണ്ടത്. അവകാശിയായ വ്യക്തി അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്‍ബുക്/നിക്ഷേപ രസീത്, സത്യവാങ്മൂലം തുടങ്ങിയവ നൽകണം.