ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്ത ഭാഗം തിരികെ വയ്ക്കാൻ മാർഗമില്ലാതെ ബാബു
Mail This Article
തിരുവല്ല ∙ റബർ തോട്ടത്തിലെ ജോലിക്കിടെ പക്ഷാഘാതം വന്നു കുഴഞ്ഞുവീണു കിടപ്പിലായ ടാപ്പിങ് തൊഴിലാളി ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്ത ഭാഗം തിരികെ വച്ചുപിടിപ്പിക്കാൻ സഹായം തേടുന്നു. തിരുവല്ല കുറ്റപ്പുഴ ബഥേൽപ്പടിക്ക് അടുത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അടൂർ പറക്കോട് കല്ലറകിഴക്കേതിൽ ബാബു ജോർജ് ആണ് കാരുണ്യം തേടുന്നത്.
ഒരു വർഷം മുൻപ് ടാപ്പിങ് കഴിഞ്ഞു വരുന്ന സമയത്തു സ്ട്രോക്ക് വന്നു കുഴഞ്ഞു വീണ ബാബു അന്നു കിടപ്പിലായതാണ്. 45000 രൂപയുടെ കുത്തിവയ്പ് എടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ന്യൂറോ സർജന്റെ നിർദേശപ്രകാരം കോട്ടയം കാരിത്താസിൽ എത്തിച്ച് രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗം ശസ്ത്രക്രിയചെയ്തു നീക്കിയെങ്കിലും ശരീരം തളർന്നുപോയി.
തലയിൽ നിന്നു എടുത്തുമാറ്റിയ ബോൺ തിരികെ യഥാസ്ഥാനത്തു വയ്ക്കണം എങ്കിൽ ഒരു സർജറി കൂടി ആവശ്യമാണ്. ഈ സർജറി ചെയ്യുക ആണെങ്കിൽ ശരീരത്തിന്റെ ഇടതു ഭാഗത്തെ ചലനശേഷി തിരികെ കിട്ടുമെന്ന് കാരിത്താസ് ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ. എം.കെ. സരീഷ് കുമാർ പറയുന്നു. ഭാര്യയുടെയും വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മൂത്തമകളുടെയും അടുത്തടുത്തുണ്ടായ മരണം ബാബുവിനെ തളർത്തി. ചികിത്സയ്ക്കായാണ് അടൂരിലെ വീടു വിറ്റത്. മകന്റെ ഭാര്യാ മാതാവും രോഗിയായതോടെ മരുമകൾ അവരുടെ വീട്ടിലാണ്.
ഇതുമൂലം ഡ്രൈവർ ജോലിക്കു പോകാൻ കഴിയാതെ മകൻ പിതാവിനെ പരിചരിച്ചു കൂടെ നിൽക്കുകയാണ്. മരുന്നു വാങ്ങുന്നതിനും വീട്ടു ചെലവിനും ബുദ്ധിമുട്ടുകയാണ്. ഒരു സർജറി കൂടി ചെയ്യുന്നതിന് വേണ്ട 5 ലക്ഷത്തോളം രൂപ കണ്ടെത്താൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കയാണ് കുടുംബം. തിരുവല്ല കുറ്റപ്പുഴ എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
എസ്ബിഐ അക്കൗണ്ട്: 57003317446.
ഐഎഫ്എസ്‌സി: SBIN0070309.
ഫോൺ: 7012188018.