ADVERTISEMENT

ചിലരുടെ കാര്യത്തിൽ ‘ദൈവം എന്താണിങ്ങനെ’ എന്ന് അറിയാതെ ചോദിച്ചുപോകില്ലേ...അതുപോലൊരു ചോദ്യമാണ് ഷംലയെയും രണ്ട് പെൺമക്കളുടെയും അവസ്ഥ കാണുമ്പോൾ എല്ലാവരും ചോദിച്ചുപോകുന്നത്.  വർഷങ്ങൾക്കു മുൻപു ഭർത്താവ് ഉപേക്ഷിച്ചപ്പോഴല്ല, മാലാഖമാരെ പോലെ പാറിപ്പറന്നു നടന്ന രണ്ട് മക്കളും അപൂർവ രോഗത്തിന്റെ പിടിയിൽ വീണ് വേദനയിൽ പുളയുമ്പോഴും തീരുന്നില്ല ഷംലയുടെ ജീവിതത്തിലെ തിരിച്ചടികൾ സ്വന്തം ശരീരത്തിനെ കാർന്നു തിന്നാൻ കാൻസർ രോഗം കൂടി എത്തിക്കഴിഞ്ഞു.  

പഠിക്കാൻ മിടുക്കികളായ രണ്ടു കുട്ടികളിൽ നിന്ന് ഇൗ കഥ തുടങ്ങണം. സ്കൂളിൽ ഏറ്റവും മിടുക്കായി പഠിക്കുന്നവർ. മൂത്തമകൾ ഫാത്തിമയെന്ന പത്താംക്ലാസുകാരി സ്കൂളിൽ തളർന്നു വീണതിനു കാരണം പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്‌റ്റോസിസ് എന്ന അപൂർവരോഗമാണെന്ന് അറിഞ്ഞപ്പോഴാണ് കൊല്ലം സ്വദേശി ഷംല ആദ്യം തളർന്നത്. ഓർമക്കുറവിലായിരുന്നു തുടക്കം. പഠിക്കാൻ മിടുക്കിയായ കുട്ടി ഉഴപ്പുകയാണെന്നു കരുതി അമ്മയും ടീച്ചർമാരും ശകാരിച്ചു. എന്നാൽ തളർന്നുവീഴുന്നത് പതിവായി. ഒരു ദിവസം രക്തത്തിൽ പഞ്ചസാര അമിതമായി കുറഞ്ഞ് ക്ലാസിൽ തളർന്നു വീണു. 3 വർഷത്തോളം ആശുപത്രികളിൽ കയറിയിറങ്ങി. ഒടുവിൽ ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണു രോഗം കണ്ടെത്തിയത്. 

പാൻക്രിയാസിന്റെ 90 ശതമാനവും തിരുവനന്തപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്നിട്ടും രോഗം കുറഞ്ഞില്ല. ഇപ്പോൾ മാസം ലക്ഷം രൂപയോളം ചെലവു വരുന്ന കുത്തിവയ്പുകളിലാണു ജീവിതം. ഓരോ ദിവസവും ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്ന അസുഖം. 

6 മാസം മുൻപാണ് അനുജത്തി ആറാം ക്ലാസുകാരി ഫാദിയയും ക്ലാസിൽ തളർന്നു വീണത്. പരിശോധനയ്‌ക്കൊടുവിൽ കുടുംബം ഭയപ്പെട്ട ഫലമെത്തി. ചേച്ചിയുടെ അതേ രോഗം തന്നെ. കണ്ണീർമഴയിൽ കുടുംബം പകച്ചു നിൽക്കുമ്പോൾ ദുരിതം പിന്നെയും ആഞ്ഞടിച്ചു. 

തളരാതെ കൈപിടിച്ച് ഈ ദൂരമത്രയും നടത്തിയ ഉമ്മ ഷംലയുടെ ചെറുകുടലിൽ കാൻസർ. പട്ടിണിനാളുകളിൽ അവഗണിച്ചുകളഞ്ഞ വയറുവേദനയാണു കാൻസറായി പരിണമിച്ചെത്തിയത്. വാടക കൊടുക്കാനില്ലാതെ വീട്ടിൽനിന്ന് ഇറക്കിവിടുമെന്നായപ്പോൾ ഷംലയെയും കുട്ടികളെയും തന്റെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ദൈവത്തിന്റെ ദുതുമായി ഒരു കൂട്ടുകാരി വന്നു. നസീമ. അന്നു മുതൽ നസീമയ്ക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിൽ ഷംലയും കുട്ടികളും ജീവിക്കുന്നു.

മൂത്ത കുട്ടി ഫാത്തിമ ഇപ്പോൾ നസീമയുടെ വീട്ടിലെ രോഗക്കിടക്കയിലാണ്. ഇളയ മകൾ ഫാദിയയും ഉമ്മ ഷംലയും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷക്കണക്കിന് രൂപ ചികിൽസയ്ക്കായി. നാട്ടുകാരുടെ സഹായമാണ് തുണയായത്. മാസം അൻപതിനിയാരത്തിലധികം രൂപയുടെ ഇൻജക്ഷൻ എടുത്താൽ മാത്രമേ ഇവരുടെ ജീവൻ നിലനിന്നുപോകു. ഇപ്പോൾ ചികിൽസ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ തുടർ ചികിൽസയ്ക്ക് ലക്ഷങ്ങൾ വേണം.  ഈ കുടുംബത്തിലേക്ക് ആശ്വാസമെത്തണമെങ്കിൽ സുമനസ്സുകൾ കനിയണം.

മൂത്തമകൾ ഫാത്തിമയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ

Fathima Farhana 

Account Number -14290100183624

IFSC code – FDRL0001429

google pay- 6282074734

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com