6 വര്ഷം, 300 കോടിയുടെ തട്ടിപ്പ്; ഒരു പാര്ട്ടി എല്ലാം മുകളിലിരുന്ന് കാണുന്നുണ്ടായിരുന്നു
Mail This Article
‘കരുവന്നൂർ സഹകരണ ബാങ്കിൽ ഗുരുതര ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സോഫ്റ്റ്‍വെയറിൽ കൃത്രിമം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞു. സാമ്പത്തിക ക്രമക്കേടുകളിലെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും ഇതര ഏജൻസികളുടെയും അന്വേഷണം ആവശ്യമാണ്.’
കഴിഞ്ഞ 4 പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിന്റെ ഓഹരി മൂലധനം 12 കോടി രൂപയാണ്. പക്ഷേ, 6 വർഷത്തിനിടെ ബാങ്കിൽ നടന്നത് 300 കോടിയോളം രൂപയുടെ തട്ടിപ്പുകൾ. ഊരും പേരും വ്യക്തമല്ലാത്ത നൂറുകണക്കിന് അജ്ഞാതരുടെ പേരിൽ കൊടുത്തുതുലച്ചത് 50 ലക്ഷം രൂപ വീതം. കൂലിപ്പണിക്കാരടക്കം വായ്പ എടുക്കാത്ത ഒട്ടേറെപ്പേർക്കു ലഭിച്ചതു ജപ്തി നോട്ടിസും. കരുവന്നൂരിൽ സത്യത്തിൽ എന്താണു നടന്നത്?
300 കോടിയുടെ തട്ടിപ്പുനടന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചു സഹകരണ അസി. റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് അവസാനിക്കുന്നതു മുകളിലുള്ള വാചകത്തോടെയാണ്. ബാങ്കിൽനടന്ന കുംഭകോണം തെളിവുകൾ സഹിതം കൃത്യമായി വരച്ചുകാട്ടുന്ന റിപ്പോർട്ട് ജോയിന്റ് റജിസ്ട്രാർക്ക് അന്വേഷണസംഘം സമർപ്പിച്ചത് 2019 ഓഗസ്റ്റ് 31ന്. സഹകരണ വകുപ്പിനു സമർപ്പിക്കപ്പെട്ട ആ റിപ്പോർട്ടിന്റെ പകർപ്പുകൾ ദിവസങ്ങൾക്കുള്ളിൽ സിപിഎം ജില്ലാ കമ്മിറ്റിയിലേക്കുമെത്തി. പാർട്ടി ഭരിക്കുന്ന ബാങ്കിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്കുതട്ടിപ്പു നടന്നതായി വ്യക്തമായിട്ടും 2 വർഷം ആരും അനങ്ങിയില്ല. തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുമെന്നു വ്യക്തമായിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്യാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ വായ്പത്തട്ടിപ്പിന്റെ ഇരകളിലൊരാൾ ജീവനൊടുക്കുകയും ചെയ്തു. കരുവന്നൂരിൽ കോടികൾ മുക്കാൻ ആരാണു കരുനീക്കിയത്? കൂട്ടുനിന്നവർ ആരൊക്കെ?
പാസ്ബുക്കില്ലാത്ത വായ്പകൾ
50 ലക്ഷം രൂപയും പലിശയും തിരിച്ചടയ്ക്കണമെന്നുകാട്ടി കരുവന്നൂർ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച ഒട്ടുമിക്കവരും ഒരേസ്വരത്തിൽ ആവർത്തിക്കുന്ന ചില വാചകങ്ങളുണ്ട്: ‘വായ്പയായി പാസാക്കിയെന്നു ബാങ്ക് പറയുന്ന പണം ഞങ്ങൾക്കു ലഭിച്ചിട്ടില്ല. ഈടായി രേഖകളൊന്നും ഞങ്ങൾ ബാങ്കിൽ നൽകിയിട്ടില്ല. പാസ്ബുക്ക് അവർ നൽകിയിട്ടില്ല.’ പിന്നെങ്ങനെ ജപ്തി നോട്ടിസ് വന്നു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. എന്തുതരം തട്ടിപ്പുകളാണു ബാങ്കിൽ നടന്നത് എന്നതിലുണ്ട് ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാമുള്ള ഉത്തരം. ആ തട്ടിപ്പുകൾ ഇങ്ങനെ:
അപേക്ഷിക്കാതെ വായ്പ: വായ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത 5 പേർക്ക് 50 ലക്ഷം രൂപ വീതം വായ്പ അനുവദിച്ചതായി സഹകരണ ഇൻസ്പെക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ശിവരാമൻ, അരവിന്ദാക്ഷൻ, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകൾ ലെഡ്ജറിൽ ഉണ്ടെങ്കിലും ഇവരുടെ വായ്പ അപേക്ഷ, കരമടച്ച രസീത്, പൊസഷൻ സർട്ടിഫിക്കറ്റ്, ഈടുരേഖ എന്നിവയൊന്നും ബാങ്കിലില്ല.
ജപ്തി ഭൂമിക്കും വായ്പ: ചാലക്കുടി സ്വദേശിയായ ഒരാൾക്ക് 4 അപേക്ഷകളിലായി 1.85 കോടി രൂപ വായ്പ അനുവദിച്ചെന്നു ബാങ്ക് രേഖകളിലുണ്ട്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഭൂമി ഈടുവച്ചായിരുന്നു വായ്പ നൽകിയത്. എന്നാൽ, ഈ ഭൂമി കടംകയറി ജപ്തി ചെയ്യപ്പെട്ട് ഏതാനും മാസങ്ങൾക്കു ശേഷമാണ് 1.85 കോടി രൂപ വായ്പ അനുവദിച്ചത്. ഇത്തരം കേസുകൾ ഒന്നിലേറെയുണ്ട്.
ഈടുവച്ച ഭൂമി വിറ്റുനൽകും: ഈടുവയ്ക്കുന്ന ഭൂമിയുടെ ആധാരം വായ്പ തീർക്കും മുൻപേ ഉടമയ്ക്കു തിരിച്ചുനൽകുന്ന ഏർപ്പാട്. ഇവരെല്ലാം ഈടുഭൂമി വിറ്റു പണം സ്വന്തമാക്കി. വായ്പ തിരിച്ചടച്ചതുമില്ല. പ്രതികളിലൊരാളും ബാങ്കിന്റെ അക്കൗണ്ടന്റുമായ ജിൽസ് ഇത്തരത്തിൽ ഭൂമി സ്വന്തമാക്കിയെന്നു കണ്ടെത്തിയിട്ടുണ്ട്.
പരിധിയില്ലാതെ വായ്പ: സഹകരണ ബാങ്കുകളിൽ ഒരേസമയം ഒരു വായ്പ മാത്രമേ ഒരാൾക്ക് അനുവദിക്കൂ. പരമാവധി 50 ലക്ഷമാണു വായ്പപരിധി. എന്നാൽ, കരുവന്നൂരിൽ ഒരു കോടിയിലേറെ രൂപയുടെ വായ്പ തരപ്പെടുത്തിയത് 94 പേർ. ഇതിൽ 5 മുതൽ 14 കോടി വരെ സ്വന്തമാക്കിയത് 12 പേർ.
ബെനാമിക്കു വായ്പ: ബാങ്കിലെ കിട്ടാക്കടങ്ങളിൽ ബഹുഭൂരിപക്ഷവും ബെനാമി പേരുകളിൽ അനുവദിച്ച വായ്പകളാണ്. ജീവനക്കാരും ഭരണസമിതിയുടെ ഇഷ്ടക്കാരും ബെനാമി പേരുകളിൽ വായ്പകൾ യഥേഷ്ടം സ്വന്തമാക്കി. മുൻ മാനേജർ, അക്കൗണ്ടന്റ്, കമ്മിഷൻ ഏജന്റ് എന്നിവർ ബെനാമികൾവഴി തട്ടിയത് 100 കോടിയോളം രൂപയെന്നാണു നിഗമനം. ഭാര്യ, പിതാവ്, ബന്ധുക്കൾ തുടങ്ങിയവരുടെ പേരിലാണു വായ്പകളിലേറെയും.
ചെറുവായ്പയിൽ മറുവായ്പ: ചെറുവായ്പകൾക്കായി ബാങ്കിനെ സമീപിച്ചവർക്കു ജപ്തി നോട്ടിസ് ലഭിച്ചത് ഇതിന്റെ പലമടങ്ങു തുകയുടെ പേരിലാണ്. ഇവർ സമർപ്പിച്ച ഈടുരേഖകൾ ഉപയോഗിച്ച് 50 ലക്ഷം രൂപ വരെ പാസാക്കി പ്രതികൾ പങ്കുവച്ചെടുക്കുകയായിരുന്നു.
ചെയ്തതാര്, ചെയ്യിച്ചതാര്?
ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ 6 പേരാണു പ്രതികൾ. മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസ്, ഇടനിലക്കാരൻ കിരൺ (അരുൺ), കമ്മിഷൻ ഏജന്റ് എ.കെ.ബിജോയ്, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരെയാണു കേസ്.ഇതിൽ 3 പ്രതികൾ പാർട്ടി ഭാരവാഹികളാണ്.
ഒന്നാം പ്രതിയും സൂത്രധാരനുമായ സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമാണ്. രണ്ടാം പ്രതി എം.കെ.ബിജു ബാങ്ക് മാനേജരും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണ്. അഞ്ചാം പ്രതി സി.കെ.ജിൽസ് തൊടുപറമ്പ് ബ്രാഞ്ച് അംഗമാണ്. ഇവർക്കെതിരെ പാർട്ടി നടപടിയുണ്ടായിട്ടില്ല. ഇവരെ പിണക്കിയാൽ തിരിച്ചടി ചെറുതല്ലെന്നു പാർട്ടിക്കറിയാം. കാരണം വായ്പ വാങ്ങിയ പലരും സിപിഎമ്മിനു വളരെ വേണ്ടപ്പെട്ടവരാണ്.
ആധാരം വീട്ടിലുണ്ടെന്ന് രാജു; പണയത്തിലാണെന്ന് ബാങ്ക്
ഇരിങ്ങാലക്കുട ഠാണാ ജംക്‌ഷനിൽ വാൻ ഡ്രൈവറാണ് രാജു മുത്രത്തിപ്പറമ്പിൽ. താമസം മൂന്നേകാൽ സെന്റിലെ കൊച്ചുവീട്ടിൽ. പക്ഷേ, രാജുവിന്റെ വീട്ടിലേക്കു കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നയച്ച നോട്ടിസ് പ്രകാരം ഇദ്ദേഹം 50 ലക്ഷം രൂപ കടത്തിലാണ്. എടുക്കാത്ത വായ്പയ്ക്കു നോട്ടിസ് ലഭിച്ചതെങ്ങനെ എന്നു മനസ്സിലാകാതെ ബാങ്കിലേക്കു വിളിച്ചന്വേഷിച്ച രാജുവിനോട് അധികൃതർ പറഞ്ഞു: ‘നിങ്ങൾ വീടിന്റെ ആധാരം പണയംവച്ചെടുത്ത 50 ലക്ഷം രൂപയുടെ വായ്പ കുടിശികയായിരിക്കുന്നു.’ ആധാരം തന്റെ വീട്ടിൽ തന്നെയുണ്ടെന്നു രാജു പറഞ്ഞെങ്കിലും കേൾക്കാൻ ആരുമുണ്ടായില്ല.
3 മാസം മുൻപാണു രാജുവിന്റെ വീട്ടിലേക്ക് ആദ്യമായി ബാങ്കിൽനിന്നു നോട്ടിസ് എത്തിയത്. വായ്പയുടെ പലിശയിനത്തിൽ 1.33 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നു കാട്ടിയായിരുന്നു നോട്ടിസ്. സഹകരണ സംഘത്തിൽ അംഗത്വമുണ്ടെന്നല്ലാതെ ബാങ്കുമായി രാജുവിന് ഇടപാടുകളൊന്നുമുണ്ടായിരുന്നില്ല. വീടു പരിശോധിച്ചപ്പോൾ ആധാരം ഉൾപ്പെടെ എല്ലാ രേഖകളും സുരക്ഷിതമായി കൈവശമുണ്ടെന്നു മനസ്സിലായി. ഇതോടെ ബാങ്കിന്റെ മുൻ മാനേജരും തട്ടിപ്പുകേസിലെ രണ്ടാംപ്രതിയുമായ എം.കെ. ബിജുവിനെ ഫോണിൽ വിളിച്ചു. രാജുവിന്റെ അകന്നബന്ധു കൂടിയാണു ബിജു. എന്തെങ്കിലും പിശകുപറ്റിയതാകാമെന്നും താൻ പരിഹരിച്ചോളാമെന്നും ബിജു വാഗ്ദാനം ചെയ്തതോടെ രാജുവിനു സമാധാനമായി. എന്നാൽ, കഴിഞ്ഞദിവസം വീണ്ടും ജപ്തി നോട്ടിസ് ലഭിച്ചതോടെ ജീവിതം തകിടംമറിഞ്ഞ നിലയിലായി.
എല്ലാം മുകളിലിരുന്ന് ഒരു പാർട്ടി കാണുന്നുണ്ടായിരുന്നു; പക്ഷേ, കണ്ണടച്ചുവെന്നുമാത്രം...
കരുവന്നൂർ അഴിമതിയെക്കുറിച്ചു ശക്തമായ നടപടിയുണ്ടാകുമെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പറഞ്ഞതു കഴിഞ്ഞ 21ന് ആണ്. പത്രക്കുറിപ്പിൽ എത്ര രൂപയുടെ അഴിമതിയെന്നോ എന്താണെന്നോ ഒന്നുമില്ല. 300 കോടിയുടെ അഴിമതിയെ ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചതു വായ്പക്രമക്കേട് എന്നു മാത്രമാണ്.
സിപിഎം നേതൃത്വത്തിനു ഇതെക്കുറിച്ചു പരാതി കിട്ടുന്നതു രണ്ടു വർഷം മുൻപാണ്. ആദ്യഘട്ടത്തിൽ ചർച്ച ചെയ്തതേയില്ല. പാർട്ടി അംഗം രണ്ടാമതും പരാതിപ്പെട്ടതോടെ 2019 ഡിസംബറിൽ 2 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 3 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും രണ്ടു പേരെ അന്വേഷണ കമ്മിഷനായി ചുമതലപ്പെടുത്തുകയും ചെയ്തു. മുൻ എംപി പി.കെ.ബിജുവും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ പി.കെ.ഷാജനുമായിരുന്നു അന്വേഷണച്ചുമതല. അവരുടെ റിപ്പോർട്ട് കയ്യിലിരിക്കെയാണു കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു പാർട്ടി പ്രഖ്യാപിച്ചത്. പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ടാൽ നടപടിയെന്നാണു വിശദീകരണം.
ഭരണസമിതി പരാജയപ്പെട്ടെന്നു പാർട്ടി
പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയ പ്രധാനകാര്യം പാർട്ടി നയിക്കുന്ന ഭരണസമിതി അഴിമതി തടയുന്ന കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ്. പണം പാർട്ടി അംഗങ്ങൾ തട്ടിയെടുത്തുവെന്നു ഒരിടത്തും പറയുന്നില്ല. വായ്പ എടുത്തതും കൊടുത്തതും പാർട്ടി അംഗങ്ങളായിട്ടും എവിടെയും തൊടാതെയാണു റിപ്പോർട്ട് നൽകിയത്. എത്ര രൂപയുടെ അഴിമതി നടന്നുവെന്നും പറയുന്നില്ല. സഹകരണ റജിസ്ട്രാറുടെ സംവിധാനം പരാജയപ്പെട്ടുവെന്നു പറയുന്നുണ്ട്. രണ്ടു വർഷത്തോളം വിവരം ശേഖരിച്ചുനൽകിയ റിപ്പോർട്ടിൽപ്പോലും പാർട്ടിയിലെ അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്നില്ല. ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായെന്നു മാത്രമാണു പറയുന്നത്.
മൂടിവച്ചതു തിരഞ്ഞെടുപ്പുകാലത്ത്
ബാങ്കിലെ തട്ടിപ്പ് തിരഞ്ഞെടുപ്പിനു രണ്ടുമാസം മുൻപുതന്നെ പാർട്ടിക്കു വ്യക്തമായി മനസ്സിലായി. എന്നാൽ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തട്ടിപ്പു പുറത്തുവരരുതെന്നു പാർട്ടി എല്ലാത്തട്ടിലും കർശനനിർദേശം നൽകി. സഹകരണവകുപ്പിനോടു ഈ സമയത്തു നടപടിയെടുക്കരുതെന്നു നിർദേശം നൽകി. നിക്ഷേപം തിരിച്ചു ചോദിച്ചു വന്നവരെ കണ്ട് അവധി ചോദിച്ചു.
തയാറാക്കിയത്: ഉണ്ണി കെ.വാരിയർ, എസ്.പി.ശരത്
നാളെ: തട്ടിപ്പുപണത്തിന്റെ നിക്ഷേപ സാധ്യതകളും കൊടിയുടെ തണലും
English Summary: Karuvannur Bank scam: CPM role