മോദിയുടെ ഫോട്ടോ അച്ചടിച്ചിട്ടും മന്ത്രിസ്ഥാനം പോയി; മാതൃക പ്രണബും സ്റ്റാലിനും
Mail This Article
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇക്കാലത്തെ രാഷ്ട്രീയനേതാക്കൾക്ക് ഒരു അപൂർവ സന്ദേശം നൽകിയിരിക്കുന്നു. കഴിഞ്ഞ അണ്ണാ ഡിഎംകെ ഭരണകാലത്തു തയാറാക്കിയ ഒരു ലക്ഷം സ്കൂൾ ബാഗുകളിലുള്ള മുൻമുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ചിത്രം മാറ്റി പകരം തന്റെ പടം വയ്ക്കേണ്ട ആവശ്യമില്ല എന്നാണു സ്റ്റാലിൻ പറഞ്ഞത്. ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചെലവഴിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തീരുമാനത്തിനു രണ്ടു പാർശ്വഫലങ്ങളാണുണ്ടായത്. ഒന്ന്, പളനിസ്വാമിയുടെ പടമുള്ള സ്കൂൾ ബാഗുകൾ വിതരണം ചെയ്യുന്ന ജില്ലാതല പരിപാടികളിൽനിന്നു ഡിഎംകെ മന്ത്രിമാർ അകന്നുനിന്നു. രണ്ട്, പഴയ ബാഗുകൾ വേഗം വിതരണം ചെയ്തു തീർക്കാൻ വിദ്യാഭ്യാസ വകുപ്പും തിടുക്കം കാട്ടി. സ്റ്റോക്ക് തീർന്നാലുടൻ സ്റ്റാലിന്റെ പടം വച്ചുള്ള പുതിയ സ്കൂൾ ബാഗുകൾ അടുത്ത സാമ്പത്തിക വർഷത്തിലേക്കു വാങ്ങാമല്ലോ. തിരഞ്ഞെടുപ്പിൽ തോറ്റ പളനിസ്വാമിയിൽനിന്നു നിലവിൽ ഭീഷണിയില്ലെന്നു സ്റ്റാലിനറിയാം. ഈ ഒരു സംഭവത്തിലല്ലാതെ, സർക്കാർ പ്രചാരണങ്ങളിൽ തന്റെ പടം അമിതമായി ഉപയോഗിക്കുന്നതിൽ അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചിട്ടുമില്ല.
കക്ഷികളോ മുഖ്യമന്ത്രിമാരോ മാറുമ്പോൾ, അധികാരം നഷ്ടമായ നേതാവിന്റെ പടമുള്ള കോടിക്കണക്കിനു രൂപയുടെ പലതരം വസ്തുക്കളാണു സംസ്ഥാനത്തും കേന്ദ്രത്തിലും പാഴ്‌വസ്തുക്കളായി ഗോഡൗണിലേക്കു തള്ളാറുള്ളത്. ഈ സമ്പ്രദായത്തിനെതിരെ രാഷ്ട്രപതി ഭവനിൽനിന്ന് ഒരിക്കൽ ഒരു സ്വരമുയർന്നു. പ്രണബ് മുഖർജി രാഷ്ട്രപതിയായപ്പോൾ, രാഷ്ട്രപതി ഭവനിലെ 340 മുറികളുടെയും അറ്റകുറ്റപ്പണി നടത്താനുള്ള നീക്കത്തിലാണ് അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചത്.
പുതിയ രാഷ്ട്രപതി വരുമ്പോൾ രാഷ്ട്രപതി ഭവനിൽ മോടിപിടിപ്പിക്കൽ പതിവാണ്. പക്ഷേ, പ്രണബ് മുഖർജി തന്റെ സെക്രട്ടറിയായ ഒമിത പോളിനോടു രാഷ്ട്രപതി ഭവനിലെ മുറികളെല്ലാം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. 2.5 കിലോമീറ്റർ നീളമുള്ള രാഷ്ട്രപതിഭവന്റെ ഇടനാഴികൾ മുഴുവനും നടന്ന് അവർ തൽസ്ഥിതി വിലയിരുത്തി. അപ്പോഴാണു വിലപിടിച്ച പെയിന്റിങ്ങുകളും ഫർണിച്ചറും അടക്കം സാധനങ്ങൾ പലയിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കൂട്ടിയിട്ടിരിക്കുന്നതു കണ്ടത്.
ഇക്കൂട്ടത്തിൽ മുൻ പ്രസിഡന്റുമാർ എഴുതി പ്രസിദ്ധീകരിച്ച കെട്ടുകണക്കിനു പുസ്തകങ്ങളുടെ ശേഖരവും കണ്ടെത്തി. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രപതിയായിരിക്കെ, രാഷ്ട്രപതിഭവൻ സന്ദർശിക്കുന്ന കുട്ടികൾക്കു നൽകാനായി തയാറാക്കിയ മെഡലുകളുടെയും കീചെയിനുകളുടെയും വൻശേഖരമായിരുന്നു മറ്റൊന്ന്. പുതിയ രാഷ്ട്രപതി വരുമ്പോൾ മുൻരാഷ്ട്രപതിയുടെ കാലത്തെ മുഴുവൻ വസ്തുക്കളും ശേഖരങ്ങളും നീക്കം ചെയ്യുന്നതാണു പതിവ്. ഇക്കാര്യം മുഖർജിയെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞതു പുസ്തകങ്ങളും മെഡലുകളും മറ്റും കുട്ടികൾക്കു വിതരണം ചെയ്യണം എന്നാണ്. മാത്രമല്ല, വിദേശ അതിഥികൾ രാഷ്ട്രപതിയെ സന്ദർശിക്കാനെത്തുമ്പോൾ അവർക്കു മുൻരാഷ്ട്രപതിമാർ എഴുതിയ പുസ്തകങ്ങൾ കൂടി സമ്മാനം നൽകാനും നിർദേശിച്ചു. ഇത് ഉദാരമായ സമീപനമായിരുന്നുവെന്നു മാത്രമല്ല, രാഷ്ട്രപതി ഭവനിലെ സ്റ്റോർ റൂമിൽ അശ്രദ്ധമായി തള്ളിയ മൂല്യവത്തായ വസ്തുക്കൾ പ്രയോജനപ്രദമായ രീതിയിൽ വിതരണം ചെയ്യാനുമായി.
സ്കൂൾ ബാഗുകളും സമ്മാനങ്ങളും പോലെയല്ല, ഇപ്പോൾ ഉയരുന്ന മറ്റൊരു വിവാദം. അതു കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അച്ചടിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ സംബന്ധിച്ചാണ്. കോവിഡ് പ്രതിരോധദൗത്യത്തിനു സാരഥിയായി പ്രധാനമന്ത്രിയെ പ്രതിഷ്ഠിക്കാനുള്ള കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയ തീരുമാനത്തിനെതിരെ പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നു. വിദേശരാജ്യത്തു വിമാനമിറങ്ങുമ്പോൾ, കോവിഡ് സർട്ടിഫിക്കറ്റിലെ ഫോട്ടോയ്ക്കു നിങ്ങളുമായി സാമ്യമില്ലല്ലോ എന്ന് ഇന്ത്യക്കാരോട് ഇമിഗ്രേഷൻ ഓഫിസർമാർ പറഞ്ഞതായുള്ള തമാശയും ഇതിനിടെ വ്യാപകമായി പ്രചരിച്ചു.
വാക്സീൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം അച്ചടിച്ചതിന്റെ നിയമപരമായ സാധുതയും ചിലർ ചോദ്യം ചെയ്തു. രാജ്യാന്തരചട്ടം പ്രകാരം പാസ്പോർട്ടിന്റെ ഉടമയുടേതല്ലാതെ മറ്റാരുടെയും ചിത്രം അതിൽ ഉണ്ടാവാൻ പാടില്ല. ഈ വ്യവസ്ഥയില്ലായിരുന്നുവെങ്കിൽ സ്വേച്ഛാധികാരികളും സ്വേച്ഛാധികാര സ്വാഭാവക്കാരായ മറ്റു രാഷ്ട്രനേതാക്കളും പാസ്പോർട്ടുകളിൽ തങ്ങളുടെ ചിത്രം കൂടി ചേർത്തേനെ. ( വാക്സീൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ഫോട്ടോ വലുതായി അച്ചടിച്ചിട്ടും ഡോ. ഹർഷ് വർധനു മന്ത്രിസ്ഥാനം നിലനിർത്താനായില്ല)
കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിക്കു പുറമേ മറ്റു നേതാക്കളുടെ പടങ്ങൾ കൂടി വയ്ക്കാനുള്ള ആവശ്യങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശക്തമായി ചെറുത്തിട്ടുണ്ട്. രാജഭരണം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ കറൻസികളിൽ രാജാവിന്റെയോ രാജ്ഞിയുടെയും ചിത്രം കൊടുക്കാറുണ്ട്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ് വ്യക്തിപൂജയെ വാനോളം ഉയർത്തുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തിപൂജ തടഞ്ഞിട്ടില്ല. പക്ഷേ, ഇതൊക്കെ ചെയ്യുമ്പോൾ ഖജനാവിനെക്കുറിച്ചു കൂടി കരുതൽ വേണമെന്നാണ് സ്റ്റാലിൻ ഓർമിപ്പിക്കുന്നത്.
Content Highlights: MK Stalin, Narendra Modi, Pranab Mukherjee