ADVERTISEMENT

കോവിഡിനെ അതിജീവിച്ചു പല മേഖലകളും സാധാരണനിലയിലേക്കു തിരിച്ചുവരികയാണ്. ഇതിനിടയിലും പ്രവാസികൾ പ്രതിസന്ധിയുടെ കടലിൽതന്നെയാണ്. കോവിഡ് കാരണം രാജ്യത്ത് ഏറ്റവുമധികം പ്രവാസികൾ തിരിച്ചെത്തിയതു കേരളത്തിലാണ്. കഴിഞ്ഞ മാസം വരെയുള്ള കണക്കുപ്രകാരം 14.71 ലക്ഷം പേർ. ഇതിൽ 3.32 ലക്ഷം പേർക്ക് (23%) തിരികെപ്പോകാൻ കഴിഞ്ഞിട്ടില്ലെന്നാണു സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) സർവേ കണ്ടെത്തിയത്. അഥവാ, തിരിച്ചെത്തിയവരിൽ നാലിലൊന്നു പേർക്കും ജോലിസ്ഥലത്തേക്കു മടങ്ങാൻ കഴിഞ്ഞില്ല. ഇങ്ങനെ നാട്ടിൽ കഴിയുന്നവരിൽ 71% പേരും തൊഴിൽരഹിതരായി നിൽക്കുകയാണ്. പുതുതായി വിദേശത്തുപോയി ജോലി കണ്ടെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോകാൻ കഴിയാതെ നിൽക്കുന്നവർ വേറെയുമുണ്ടാകും. 

പല മേഖലയിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം വരുമാനം കുറയുകയോ കുറച്ചുകാലത്തേക്കു നിലയ്ക്കുകയോ ചെയ്തെങ്കിൽ ലക്ഷക്കണക്കിനു പ്രവാസികൾക്കുമുന്നിൽ അവരുടെ ജീവനോപാധി പൂർണമായി കൊട്ടിയടയ്ക്കപ്പെട്ട സ്ഥിതിയാണ്. ഇനി ഏതെങ്കിലും വിധേന വിദേശത്തെ തൊഴിൽസ്ഥലത്തേക്കു തിരിച്ചുപോയാലും പഴയജോലി കിട്ടുമെന്ന് ഒരുറപ്പുമില്ല. ജോലി കിട്ടുന്നവർക്കുതന്നെ പഴയ ശമ്പളമില്ല. വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്കു മുൻഗണന നൽകുകയും ഒട്ടേറെ തൊഴിൽമേഖലകൾ പൂർണമായും സ്വദേശികൾക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നത് ഇന്ത്യക്കാർക്കു മുന്നിൽ അവസരങ്ങൾ വൻതോതിൽ കുറച്ചിട്ടുണ്ട്. ഇന്ത്യക്കാരെക്കാൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയാറായി മറ്റു രാജ്യക്കാർ എത്തുന്നതാണു മറ്റൊരു കാരണം. ഇങ്ങനെ, പല തലങ്ങളിലുള്ള വെല്ലുവിളികൾക്കുമുന്നിൽ പ്രവാസികൾ പകച്ചുനിൽക്കുകയാണ്. 

വാക്കുകളിലും പ്രഖ്യാപനങ്ങളിലും കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രതീതിയാണ്. പക്ഷേ, പ്രയോഗതലത്തിലെത്തുമ്പോൾ അതു യാഥാർഥ്യമാകുന്നുണ്ടോ എന്ന പരിശോധന സർക്കാർ നടത്തണം. പ്രവാസി പുനരധിവാസത്തിനുള്ള സംസ്ഥാന പദ്ധതികൾ വേണ്ടത്ര ഫലപ്രദമാകുന്നുണ്ടോ എന്നും വിലയിരുത്തണം. പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കാൻ 2,000 കോടി രൂപയുടെ വിശദ നിർദേശം കേന്ദ്രത്തിനു സമർപ്പിക്കുമെന്നു നാലു മാസം മുൻപു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. 

ഇനി സർക്കാരിന്റെ സഹായം കാത്തുനിൽക്കാതെ സ്വന്തം നിലയിൽ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുമുന്നിലും ശുഭവാർത്തയല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരഡസൻ പേരെങ്കിലും സ്വന്തം സംരംഭങ്ങൾ ഉപേക്ഷിക്കുകയോ പ്രതിസന്ധിയിലാവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായി. ഉപജീവനത്തിനായി ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ ഒരുങ്ങിയവർ മുതൽ സ്വപ്നപദ്ധതിക്കായി കോടിക്കണക്കിനുരൂപ മുടക്കിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. 

ഒരുമാസം മുൻപ് യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലും അബുദാബിയിലുമായി നടന്ന ചടങ്ങുകളിലും കൂടിക്കാഴ്ചകളിലും കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണു വിശദീകരിച്ചത്. കേരളത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തിലേറെ തദ്ദേശസ്ഥാപന പ്രതിനിധികളെ കഴിഞ്ഞവർഷം അഭിസംബോധന ചെയ്തപ്പോൾ മുഖ്യമന്ത്രി ഓർമിപ്പിച്ചതു സംരംഭകരെ ശത്രുക്കളായി കാണാതെ എല്ലാ സഹായവും നൽകണമെന്നാണ്. പ്രശ്നങ്ങൾ അങ്ങോട്ടു ചോദിച്ചു പരിഹരിക്കണമെന്നും പ്രവാസികളെ പങ്കെടുപ്പിച്ച് ഇ–ഗ്രാമസഭകൾ സംഘടിപ്പിച്ചാൽ ഒട്ടേറെ വികസനനിർദേശങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിക്ഷേപകരെയും സംരംഭകരെയും ശത്രുക്കളായി കാണുന്ന ഉദ്യോഗസ്ഥരെ തുറുങ്കിലടയ്ക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതു കഴിഞ്ഞമാസമാണ്. 

ഈ വാക്കുകളൊക്കെ പ്രവാസികൾക്കുമുന്നിൽ ജലരേഖ മാത്രമാകുന്ന സ്ഥിതിയാണ്. കണ്ണൂർ മാതമംഗലം ബസാറിൽ പ്രവാസിയുൾപ്പെടെ രണ്ടു സംരംഭകരുടെ കടകൾ അടച്ചുപൂട്ടേണ്ടി വന്നതിന്റെ വാർത്തകൾക്കിടയിൽ തന്നെയാണു കോഴിക്കോട് പേരാമ്പ്രയിലും സമാനപ്രശ്നങ്ങൾ ഉയർന്നത്. ആലപ്പുഴ തകഴിയിൽ വില്ലേജ് മാൾ എന്ന സംരംഭവുമായെത്തിയ പ്രവാസി ഗതികെട്ടു സ്വന്തം ദുരിതം പരസ്യപ്പെടുത്തിയപ്പോഴാണു മന്ത്രിയും മറ്റും പിന്തുണയ്ക്കെത്തിയത്. കൊച്ചി പള്ളുരുത്തിയിൽ പ്രവാസി വനിതയുടെ സംരംഭവും കൈക്കൂലിക്കടമ്പ കടക്കാൻ മന്ത്രി ഇടപെടേണ്ടിവന്നു. 

പ്രവാസികൾക്കുവേണ്ടി പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയും കാത്തിരുന്നുകൂടാ. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ തൊഴിൽപരിചയം പ്രയോജനപ്പെടുത്താവുന്ന സംരംഭങ്ങൾ കൊണ്ടുവരിക, പുതിയ സംരംഭങ്ങൾക്കു ശ്രമിക്കുമ്പോൾ ചുവപ്പുനാടകളും തൊഴിൽപ്രശ്നങ്ങളും പ്രതിബന്ധമാകുന്ന സാഹചര്യം ഇല്ലാതാക്കുക, വായ്പ ഇളവുകൾ നൽകുക, തൊഴിൽ നൈപുണ്യപരിശീലനം വ്യാപകമാക്കുക തുടങ്ങിയവ അനിവാര്യമാണ്. പ്രവാസികൾക്കു വാക്കുകൊണ്ടുള്ള പ്രശംസയും വാഗ്ദാനങ്ങളുമല്ല, പ്രായോഗികതലത്തിലെ പിന്തുണയും സഹായവുമാണു സർക്കാർ നൽകേണ്ടത്.

English Summary: Kerala Government must help NRIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com