സ്വാതന്ത്ര്യമെന്ന ഉത്തരവാദിത്തം
Mail This Article
നാനാത്വത്തിൽ ഏകത്വം-ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്ത മുഴുവൻ ഈ വാചകത്തിലുണ്ട്. ആഗോളതലത്തിൽ വിവിധ മേഖലകളിൽ നാം ഇന്നു മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ വലിയ പോരാട്ടങ്ങളുടെ നീണ്ട ചരിത്രമുണ്ട്. നമ്മുടെ മുൻഗാമികൾ നമുക്കു നേടിത്തന്നതു സ്വാതന്ത്ര്യം മാത്രമല്ല, രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കുകയെന്ന ഉത്തരവാദിത്തം കൂടിയാണെന്നത് ഈ എഴുപത്തിആറാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നാം ഓർമിക്കണം.
ഒരു സമൂഹമെന്ന നിലയിൽ, സ്വന്തം വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കുമപ്പുറം നാം ഓരോരുത്തരും പരസ്പരം ബഹുമാനം പുലർത്തുന്നുണ്ട്. ചെയ്യുന്ന ഓരോ കാര്യത്തിലും സാഹോദര്യവും ഐക്യബോധവും നാം പ്രകടിപ്പിക്കുന്നു. ക്രിക്കറ്റിലെപ്പോലെതന്നെ. വ്യത്യസ്ത വിശ്വാസങ്ങളും വ്യത്യസ്ത മതാഭിമുഖ്യങ്ങളുമുള്ള 11 വ്യക്തികളല്ല, ഒരൊറ്റ രാഷ്ട്രത്തിനു വേണ്ടി പൊരുതുന്ന 11 ഇന്ത്യക്കാരാണ് കളത്തിലിറങ്ങുന്നത്. അവരുടെ വിജയത്തിനു വേണ്ടി ആർത്തുവിളിക്കുന്നതും ഹിന്ദുക്കളോ സിഖുകാരോ ക്രിസ്ത്യാനികളോ മുസ്‌ലിംകളോ അല്ല, മുഴുവൻ ഇന്ത്യക്കാരുമാണ്. രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കുന്ന ഏതു മേഖലയിലും ഇതു ബാധകമാണ്.
ഈ ഉത്തരവാദിത്തബോധമാണ് എല്ലാ വ്യക്തിഗത നേട്ടങ്ങളേക്കാളും പ്രധാനമെന്ന് എന്റെ ക്രിക്കറ്റ് നാളുകളിൽ എനിക്കു ബോധ്യമുണ്ടായിരുന്നു. എന്റേതായ രീതിയിൽ കളിക്കാൻ എനിക്ക് അവകാശമുണ്ടായിരുന്നുവെങ്കിലും, എല്ലാ പന്തിലും ബൗണ്ടറിക്കു ശ്രമിക്കുന്നതു ന്യായമാണെന്ന് എനിക്കു തോന്നിയിരുന്നില്ല. ടീമിന്റെയും സാഹചര്യത്തിന്റെയും ആവശ്യത്തിനനുസരിച്ച് ചിലപ്പോൾ റണ്ണെടുക്കാതെയോ സ്‌ട്രൈക്ക് കൈമാറിയോ ബോളറായോ ഫീൽഡറായോ ഏതു പൊസിഷനിലും കളിക്കാൻ തയാറാകണം. ടീമിന്റെ മൊത്തത്തിലുള്ള നേട്ടത്തിനു വേണ്ടി ഈ ഉത്തരവാദിത്തബോധം ക്രിക്കറ്റിൽ ഓരോ കളിക്കാരനിലും ഉണ്ടാകുന്നുണ്ട്. വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, രാഷ്ട്രത്തിലെ പൗരൻ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന എന്തു കാര്യത്തിലും ഇതു ബാധകമാണ്.
വംശം, മതം, ലിംഗഭേദം തുടങ്ങിയ എല്ലാ സവിശേഷതകൾക്കും അതീതമാണ് സ്വാതന്ത്ര്യം എന്ന നമ്മുടെ ആശയം. ലിംഗപരമായ വിവേചനങ്ങളെ മറികടക്കുന്നതിലും, എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവിലും രാജ്യം വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഗോത്രവർഗത്തിൽ നിന്നൊരു വനിത–ദ്രൗപദി മുർമു– ആദ്യമായി രാഷ്ട്രപതിയായിരിക്കുന്നു . രാജ്യത്തിന്റെ വിദൂര കോണുകളിൽ നിന്നുള്ള പെൺകുട്ടികൾ കായിക രംഗത്ത് ആഗോളതലത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കുന്നു. ക്രിക്കറ്റിൽ തുല്യവേതനം നടപ്പാക്കിക്കഴിഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായി ക്രിക്കറ്റിനെ മാറ്റിയെടുക്കാൻ ബിസിസിഐ സ്വീകരിച്ച നടപടികളും നാം കണ്ടു. രാജ്യത്തിന്റെ വളർച്ചയിൽ ഉത്തരവാദിത്തപൂർണമായ പങ്കു വഹിക്കുന്നതിന് ഇത്തരം മാറ്റങ്ങൾ യുവതലമുറയെ പ്രേരിപ്പിക്കും. അടുത്തിടെ നടത്തിയ ചാന്ദ്രയാൻ-3 വിക്ഷേപണം പോലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിയിൽ വലിയ ദിശാമാറ്റം തന്നെ സാധ്യമാക്കിയിട്ടുണ്ട്. ചാന്ദ്രദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ഡോ. ഋതു കരിധാൽ ശ്രീവാസ്തവയെപ്പോലുള്ള ശാസ്ത്രജ്ഞർ പ്രചോദനത്തിന്റെ വഴിവിളക്കായി നമുക്കു മുൻപിലുണ്ട്. ഇതെല്ലാം രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിയെ മുന്നോട്ടു നയിക്കുക മാത്രമല്ല ചെയ്യുന്നത്. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ മുൻപിലുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് പൗരന്മാരായ നമ്മെ ബോധവൽക്കരിക്കുക കൂടി ചെയ്യുകയാണ്.
എങ്കിലും, അഭിവൃദ്ധിയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ സ്വയം വഹിക്കേണ്ട പങ്കിനെക്കുറിച്ച് നമുക്ക് തിരിച്ചറിവുണ്ടാകേണ്ടതും വളരെ പ്രധാനമാണ്. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിൽ തിരഞ്ഞെടുപ്പുകളിൽ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയെന്നത്, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന്റെ ആദ്യ ചുവടുകളിലൊന്നാണ്. അവരവർക്കു വേണ്ടി മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ നന്മയ്ക്കും വേണ്ടിയാണു നാം തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതു നമ്മളെ വിവേകമുള്ള പൗരന്മാരാക്കുന്നു.
നമുക്ക് കൂട്ടായി പ്രയത്നിച്ച് ലക്ഷ്യത്തിലെത്താൻ മറ്റു വഴികളുമുണ്ട്. എല്ലാവരെയും അങ്ങേയറ്റം ബഹുമാനിക്കുക, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, ജാഗ്രതയുള്ള ഉപഭോക്താവായിരിക്കുക, പ്രായമായവരോടും പാവങ്ങളോടും കരുതൽ കാണിക്കുക, എല്ലാവർക്കും തൃപ്തികരമായൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെയും നമുക്ക് നമ്മുടെ ഇടം കൂടുതൽ മികച്ചതാക്കാൻ കഴിയും.
ചെറുതെങ്കിലും ശക്തമായ ഈ ശീലങ്ങളിലൂടെയും നമുക്ക് സ്വാതന്ത്ര്യത്തെ ആഘോഷിക്കാം.
വൈവിധ്യങ്ങളുടെ പല തലമുറകളിലൂടെ രൂപപ്പെട്ടൊരു രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയിൽ, സ്വാതന്ത്ര്യത്തോടൊപ്പമുള്ള ഉത്തരവാദിത്തത്തിന്റെ ഭാരം തിരിച്ചറിയാൻ നമ്മൾ ബാധ്യസ്ഥരാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തേക്ക്, അതിനുമപ്പുറത്തേക്കും, രാജ്യത്തിന്റെ പുരോഗതിയെ നമ്മൾ ഇന്നു വിഭാവനം ചെയ്യുമ്പോൾ അതിൽ നാം വഹിക്കേണ്ട പങ്കിനെയും നമ്മുടെ ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചു സമഗ്രമായ അവബോധം ഉണ്ടായിരിക്കേണ്ടത് അതിപ്രധാനമാണ്.
English Summary: Former Indian Cricketer Sachin Tendulkar's column on 77th Independence day