ADVERTISEMENT

കല്ലേറുകൊണ്ടു തകർന്ന കണ്ണാടി പോലെയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടം. രണ്ടായി പിളർന്ന ശിവസേനയും എൻസിപിയും, എത്ര എംഎൽഎമാരെ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കോൺഗ്രസ്, അതിനിടെ, ഒറ്റയാനായി തലയുയർത്തിനിൽക്കുന്ന ബിജെപി... 

കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതിയിലേറെ സീറ്റു പിടിക്കുമെന്ന സർവേ സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണു കോൺഗ്രസ് പാളയത്തിലേക്കും ബിജെപി കടന്നുകയറിയത്. കോൺഗ്രസിന്റെ ജനകീയ മുഖമായ മുൻ മുഖ്യമന്ത്രി അശോക് ചവാനെ അടർത്തിമാറ്റിയാണു തുടക്കം. ഇനി എത്തിക്കാനുള്ളവരുടെ പട്ടികയും സജ്ജം. ശിവസേനയെയും എൻസിപിയെയും പിളർത്തിയ ശേഷവും മേൽക്കൈ ലഭിക്കുന്നില്ലെന്ന സൂചന വലിയ ഞെട്ടലാണു ബിജെപി ക്യാംപിലുണ്ടാക്കിയത്. യുപി (80) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ (48) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റാണ് എൻഡിഎ നേടിയത്. ഇത്തവണ 45 ആണു ലക്ഷ്യം.

അശോക് ചവാൻ എന്ന വൻമരം

സൈനികർക്കായി നിർമിച്ച ആദർശ് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട കുംഭകോണത്തിൽ 2010ൽ, മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അശോക് ചവാനെതിരെ ഇതുവരെ ചൊരിഞ്ഞിരുന്ന ആക്ഷേപങ്ങളെല്ലാം വിഴുങ്ങിയാണ് ബിജെപി അദ്ദേഹത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചു രാജ്യസഭാ ടിക്കറ്റ് നൽകിയത്. അഭിപ്രായസർവേ പുറത്തു വന്നതിനു തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ ആദർശ് കുംഭകോണം കൂടി ചേർത്തതു തനിക്കുള്ള അവസാന മുന്നറിയിപ്പായി തിരിച്ചറിഞ്ഞാണു ചവാൻ പാർട്ടിവിട്ടത്.

അശോക് ചവാൻ
അശോക് ചവാൻ

8 ലോക്സഭാ സീറ്റുകളുള്ള മറാഠ്‌വാഡ മേഖലയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ ചവാന്റെ രാജിയിലൂടെ കോൺഗ്രസിനു ചുരുങ്ങിയത് 2 ലോക്സഭാ സീറ്റുകളിലും 6 നിയമസഭാ സീറ്റുകളിലുമുള്ള പ്രതീക്ഷ നഷ്ടമായി. മറാഠാ സംവരണപ്രക്ഷോഭത്തിന്റെ കേന്ദ്രമായ മറാഠ്‌വാഡയിൽനിന്ന് ആ വിഭാഗത്തിൽപെട്ട മുതിർന്ന നേതാവിനെ പാർട്ടിയിൽ എത്തിച്ചതിലൂടെ സമുദായത്തെ കൈപ്പിടിയിൽ നിർത്താനും ബിജെപി ശ്രമിക്കുന്നു.  കേന്ദ്രമന്ത്രി സ്ഥാനവും മകൾക്കു സംസ്ഥാന മന്ത്രിസ്ഥാനവുമാണു ചവാനു കൊടുത്ത ഉറപ്പ്.

ഇനിയും പവാർ പ്ലേ..?

1999ൽ കോൺഗ്രസ് പിളർത്തി എൻസിപിയുണ്ടാക്കിയ ശരദ് പവാറിന് ഇപ്പോൾ സ്വന്തം പാർട്ടിയും ചിഹ്നവുമടക്കം നഷ്ടപ്പെട്ടു. സഹോദരപുത്രൻ അജിത് പവാർ നേതൃത്വം കൊടുക്കുന്ന വിഭാഗത്തിനൊപ്പമാണ് ഭൂരിപക്ഷം എംഎൽഎമാരും മുതിർന്ന നേതാക്കളും. ഇൗ അവസ്ഥയിൽ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി കോൺഗ്രസിൽ ലയിക്കുമെന്നു ചർച്ചയുണ്ട്. ലയനത്തിനുള്ള കോൺഗ്രസ് നീക്കത്തിനു പവാർ കൈ കൊടുത്താൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ പദ്ധതികൾ വീണ്ടും തകിടം മറിയും. കോൺഗ്രസിനും പവാർ പക്ഷത്തെ നേതാക്കൾക്കും ശിവസേനാ ഉദ്ധവ് വിഭാഗത്തിനും പുതിയ കുതിപ്പിന് അതു വഴിതുറക്കാം. എന്നാൽ, ആറു പതിറ്റാണ്ടുകൊണ്ടു കെട്ടിപ്പടുത്ത സാമ്രാജ്യവും കോടികളുടെ കുടുംബ ബിസിനസും അപകടത്തിലാക്കുംവിധം ബിജെപിയെ പ്രകോപിപ്പിക്കാൻ അദ്ദേഹം തയാറാകുമോ?

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി കൈകോർക്കാനുള്ള സാധ്യതയും പവാറിനു മുന്നിലുണ്ട്. മകൾ സുപ്രിയ സുളെയ്ക്ക് അർഹമായ പദവി ഉറപ്പാക്കി വെല്ലുവിളികൾ ഒന്നുമില്ലാതെ വിരമിക്കാം. പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ടെങ്കിലും ഇതുവരെ ബിജെപിയുമായി കൂട്ടുചേരാത്ത അപൂർവം നേതാക്കളിൽ ഒരാളാണ് പവാർ. നഷ്ടപ്പെട്ട ഘടികാരചിഹ്നത്തിനു പകരം ‘കാഹളം മുഴുക്കുന്നയാൾ’ എന്ന പുതിയ ചിഹ്നവുമായി തൽക്കാലം മുന്നോട്ടു പോവുകയാണ് അദ്ദേഹം.

ബിജെപിയുടെ പ്രതികാരം

2019ൽ, കോൺഗ്രസ്, എൻസിപി പാർട്ടികളെ ശിവസേനയുമായി കൂട്ടിക്കെട്ടി അസാധ്യമെന്നു കരുതിയ മഹാവികാസ് അഘാഡി രൂപപ്പെടുത്തി ഭരണം പിടിച്ചതു പവാറിന്റെ ബുദ്ധിയായിരുന്നു. തങ്ങളുടെ സഖ്യംവിട്ട ഉദ്ധവ് താക്കറെയ്ക്കും അട്ടിമറിക്കു ചുക്കാൻ പിടിച്ച പവാറിനും ‘കണക്കിന്’ നൽകുമെന്നു ബിജെപി അന്നു നിശ്ചയിച്ചതാണ്. ഇരുവരുടെയും പാർട്ടികളെ  പിളർത്തുക മാത്രമല്ല, പേരും ചിഹ്നവും വരെ കവർന്നു തിരിച്ചടി നൽകിയിരിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി. 

ദേവേന്ദ്ര ഫഡ്നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈയിൽ കോൺഗ്രസിന്റെ ന്യൂനപക്ഷ മുഖങ്ങളിലൊന്നായ ബാബാ സിദ്ദിഖി, അജിത് പവാറിന്റെ  എൻസിപിയിൽ ചേർന്നതാണു മറ്റൊരു പ്രധാന കൂറുമാറ്റം. ബിജെപിയിലോ, ഷിൻഡെ വിഭാഗം ശിവസേനയിലോ ചേരാൻ കഴിയാത്തവരെ കണ്ടെത്തി ഒപ്പം നിർത്തുകയാണ് അജിത് പവാറിനു ബിജെപി നൽകിയിരിക്കുന്ന ദൗത്യം. കോൺഗ്രസ് വോട്ടുകൾ അജിത് വിഭാഗത്തെയും മറാഠി വോട്ടുകൾ ഷിൻഡെ പക്ഷത്തെയുംകൊണ്ടു പിളർത്തി മുംബൈ കോർപറേഷൻ ഉദ്ധവ് പക്ഷത്തിൽനിന്നു പിടിച്ചെടുക്കാനും ബിജെപി പദ്ധതിയിടുന്നു.രാജ്യത്തെ പല സംസ്ഥാനങ്ങളെക്കാളും ഉയർന്ന വാർഷിക ബജറ്റുള്ള മുംബൈ കോർപറേഷൻ പിടിച്ചെടുത്ത് ഉദ്ധവ് വിഭാഗത്തിന്റെ ‘നട്ടെല്ല്’ തകർക്കുകയാണു ലക്ഷ്യം.

ജാതിസമവാക്യങ്ങൾ

ജനസംഖ്യയുടെ 28 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായം സംവരണം ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തെ തണുപ്പിക്കാൻ കഴിഞ്ഞയാഴ്ച 10% സംവരണം പ്രഖ്യാപിച്ചെങ്കിലും സമരം പൂർണമായി ഒതുക്കാനായിട്ടില്ല. നേരത്തേ വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച മറാഠാ സംവരണം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  ആകെ സംവരണം 50% കടക്കാൻ പാടില്ലെന്നതാണു കാരണം. ഇത്തവണ പ്രഖ്യാപിച്ച സംവരണം ഉറപ്പിക്കാനായാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ആറു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നണിക്കു വൻനേട്ടമാകും. മറാഠകളിൽ ഒരു വിഭാഗത്തിന് ഒബിസി ക്വോട്ടയിൽ സംവരണം നൽകി പ്രശ്നം പരിഹരിക്കാൻ സർക്കാർ നടത്തിയ നീക്കം ഒബിസികൾക്കിടെയും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.  പ്രബല വിഭാഗങ്ങളിലെ പ്രതിഷേധങ്ങളും തുടർച്ചയായ രാഷ്ട്രീയ അട്ടിമറികൾ ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥകളും എങ്ങനെ വോട്ടിൽ പ്രതിഫലിക്കുമെന്നു കാത്തിരുന്നു കാണണം. 

അജിത് പവാർ
അജിത് പവാർ

പക തീരാതെ അജിത് 

പാർട്ടിയും (എൻസിപി) ചിഹ്നവും സ്വന്തമാക്കിയിട്ടും അജിത് പവാറിന്റെ അരിശം തീരുന്നില്ല. ശരദ് പവാറിനെ പൊതുവേദികളിൽ അധിക്ഷേപിക്കുകയാണ് അദ്ദേഹം. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ, ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുളെയ്ക്കെതിരെ തന്റെ ഭാര്യ സുനേത്രയെ കളത്തിലിറക്കാനും തയാറെടുക്കുന്നു. അജിത്തിന്റെ സഹോദരന്റെ മകനടക്കം പലരും ശരദ് ക്യാംപിലേക്കും മാറി. കുടുംബത്തിന്റെ  ബിസിനസുകളുമായി ബന്ധപ്പെട്ട തർക്കവും ഉണ്ടായേക്കാം.

ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെ

സാധ്യതകൾ, പ്രതീക്ഷകൾ: മഹായുതി (എൻഡിഎ)

പ്രതിപക്ഷത്തെ എല്ലാ പാർട്ടികളിലെയും പല പ്രമുഖരെയും സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്ന എൻഡിഎ (ബിജെപി, ശിവസേന– ഏക്നാഥ് ഷിൻഡെ പക്ഷം, എൻസിപി– അജിത് വിഭാഗം) വലിയ ആത്മവിശ്വാസത്തിലാണ്. മറാഠാ സംവരണപ്രഖ്യാപനം അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നു. ഒബിസികളെയും ഒപ്പം നിർത്താനായാൽ വൻവിജയം കൊയ്യാമെന്നാണു പ്രതീക്ഷ. അതേസമയം, നേതാക്കളുടെ ബാഹുല്യം മൂലം സീറ്റ് തർക്കത്തിനു സാധ്യത.

ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

മഹാവികാസ് അഘാഡി (ഇന്ത്യ മുന്നണി)

ബിജെപി തങ്ങളുടെ പാർട്ടികൾ പിളർത്തിയതിന്റെ പേരിൽ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമായി സഹതാപതരംഗമുണ്ട്. നാഗ്പുർ ഉൾപ്പെടുന്ന വിദർഭയിൽ കോൺഗ്രസും പശ്ചിമ മഹാരാഷ്ട്രയിൽ ശരദ് പവാർ വിഭാഗവും മുംബൈ–താനെ–കൊങ്കൺ മേഖലയിൽ ഉദ്ധവ് പക്ഷവും കൂടുതൽ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷികപ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടാകുമെന്നു കരുതുന്നു. ക്രമസമാധാന പ്രശ്നങ്ങളും ഗുണ്ടാവിളയാട്ടവും തടയുന്നതിലെ സർക്കാർ വീഴ്ചയും വോട്ടുപ്രതീക്ഷ നൽകുന്നു.

English Summary:

Hope that the wave of sympathy for the split will be voted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com