ADVERTISEMENT

കുറഞ്ഞ സമയംകെ‍ാണ്ടു കൂടുതൽ മഴ പെയ്താൽ എന്തുണ്ടാവുമെന്ന് ഇനിയും നമുക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. ഒരൊറ്റ കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നതു പുതിയ വാർത്തയുമല്ല. കെ‍ാച്ചിയും തിരുവനന്തപുരവുമടക്കമുള്ള വലിയ നഗരങ്ങളെ മഴ തോൽപിച്ചുകെ‍ാണ്ടിരിക്കുന്നതും ജനം നരകയാതന അനുഭവിക്കുന്നതും സമീപകാലത്തായി പലപ്പോഴും കേരളം കണ്ടതാണ്. എന്നിട്ടും നാം പഠിക്കാത്തതെന്ത് എന്ന ചോദ്യത്തിനുമാത്രമാണ് ഇനി പ്രസക്തി. 

കാരണം, മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിലേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം മറന്നതിന്റെ കഠിനശിക്ഷയാണു നാം അനുഭവിക്കുന്നത്. കെ‍ാച്ചി നഗരമപ്പാടെ വെള്ളക്കെട്ടിലാവുന്നത് പ്രത്യേകിച്ചെ‍ാന്നും ചെയ്യാതെ കണ്ടിരുന്ന അധികൃതരുടെ നിസ്സംഗത കൂടിയായപ്പോൾ ഇത്തവണ ദുരന്തം പൂർത്തിയാവുകയും ചെയ്തു. 

ചെ‌ാവ്വാഴ്ച പെയ്ത കനത്തമഴയിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും എറണാകുളത്തുമുണ്ടായ വെള്ളക്കെട്ടിലാണു ജനം കെ‍ാടുംദുരിതത്തിലായത്. രാവിലെ രണ്ടു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ കൊച്ചിയും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയായിരുന്നു. കളമശേരിയിൽ മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണു പെയ്തത്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും കാര്യമായ നാശനഷ്ടങ്ങളുമുണ്ടായി. തിരുവനന്തപുരം നഗരമടക്കം വെള്ളക്കെട്ടിന്റെ കാഠിന്യം അനുഭവിച്ചു. കനത്ത മഴയിൽ ഇന്നലെയും കെ‍ാച്ചി, തിരുവനന്തപുരം നഗരങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ജനം വലഞ്ഞു. 

കേരളത്തിലെ മഴ ഇടയ്ക്കിടെ രൗദ്രഭാവം കാണിക്കുന്നതും അതിന്റെ വിനാശഫലങ്ങൾ നാം അനുഭവിക്കേണ്ടിവരുന്നതും അതീവ ഗൗരവത്തോടെവേണം കാണേണ്ടതെന്നു വീണ്ടും ഓർമിപ്പിക്കുന്നതായി ഈ കെ‍ാടുംമഴക്കലി. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ വലിയ നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്. നഗരങ്ങളിലെ പ്രധാന തോടുകൾ, നദികൾ എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കാൻ കൃത്യമായ സംരക്ഷണ നടപടികൾ, സമഗ്രമായ മാസ്റ്റർ പ്ലാനുകൾ, ഓടകളുടെ ശുചീകരണം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. 

മഴയുടെ സ്വഭാവം മാറിയെന്ന കാര്യം മനസ്സിലാക്കി, വെള്ളക്കെട്ടു നിവാരണ പരിപാടികൾ കാലോചിതം പരിഷ്കരിക്കുകയും വേണം. സ്ഥിരം വെള്ളക്കെട്ടു പ്രദേശങ്ങൾ, പുതിയ മേഖലകൾ, വെള്ളക്കെട്ട് ഉണ്ടാവാനുള്ള കാരണങ്ങൾ തുടങ്ങിയവ പഠിച്ച്, ഇനിയും ഇത്തരം ദുരിതസാഹചര്യം ആവർത്തിക്കാതിരിക്കാൻ അടിയന്തര പരിഹാരമാർഗങ്ങൾ കണ്ടെത്തിയേതീരൂ. എന്നാൽ, മഴക്കാലപൂർവ ശുചീകരണവും പിന്നാലെ കാലവർഷക്കെടുതി നേരിടാനുള്ള തയാറെടുപ്പുകളും പാളിയതോടെ വെള്ളക്കെട്ടും പകർച്ചവ്യാധി ഭീഷണിയുംമൂലം കേരളം സങ്കീർണമായ പ്രതിസന്ധി നേരിടുകയാണിപ്പോൾ.

വ്യക്‌തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. തലയ്‌ക്കു മീതെ വെള്ളം വരുമ്പോൾമാത്രം അതിനുമീതെ ഒഴുകാനുള്ള തോണി നാം പുറത്തെടുത്താൽ പോരാ. ദുരന്തം വന്നാൽ രക്ഷാപ്രവർത്തനം നടത്താം എന്ന നിലപാടിനു പകരം, ദുരന്തം വരാനിടയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണം എന്നതിലേക്കു ചർച്ചകളും നടപടികളും മാറിയേതീരൂ. ഭാവികൂടി നോക്കിക്കാണുന്ന സമഗ്ര ദുരന്തനിവാരണ നടപടികളാണ് കേരളത്തിന്റെ ആവശ്യം. കുറഞ്ഞ സമയംകെ‍ാണ്ടു കൂടുതൽ പെയ്യുന്ന മഴയുടെ കാരണം മേഘവിസ്ഫോടനമാണെങ്കിലും അല്ലെങ്കിലും, എപ്പോൾ വേണമെങ്കിലും അങ്ങനെയെ‍ാരു കെ‍ാടുംമഴ പ്രതീക്ഷിച്ചുള്ള മുൻകരുതൽ നടപടികളെടുക്കാൻ എന്താണു തടസ്സം? കെ‍ാച്ചി നഗരത്തിലെ വെള്ളക്കെട്ടിനു കാരണം ദേശീയപാതാ അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളാണെന്നു പറഞ്ഞു കോർപറേഷൻ കയ്യൊഴിയുന്നതുവരെ നാം കണ്ടു. 

കെ‍ാച്ചി നഗരം കഴിഞ്ഞദിവസം വെള്ളത്തിലായപ്പോൾ പെ‍ാലീസിനും അഗ്നിരക്ഷാസേനയ്ക്കും ദുരന്ത നിവാരണ സംവിധാനങ്ങൾക്കുമെ‍ാക്കെ മാതൃകയായി ഗതാഗതക്കുരുക്കഴിക്കാൻ മുന്നിൽനിന്നതും സമർപ്പിതരായി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടതും നാട്ടുകാരാണ്. ഈ ജനകീയ ഊർജത്തോടെ‌ാപ്പം അധികൃതരുടെ നിശ്ചയദാർഢ്യവും കുറ്റമറ്റ മുൻകരുതൽ നടപടികളുമുണ്ടെങ്കിൽ ഏതു കെ‍ാടുംമഴയെയും നമുക്കു ജയിക്കാനായേക്കും. അല്ലാതെ, കോർപറേഷൻ ഓഫിസ് ജാലകത്തിലൂടെ നോക്കി ഉഗ്രമായി ശപിച്ചുകെ‌ാണ്ടിരുന്നാൽ മഴ പേടിച്ചോടിപ്പോവില്ല.

English Summary:

Editorial about monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com