ADVERTISEMENT

ന്യൂഡൽഹി ∙ സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവിനെയും അന്വേഷണ ഏജൻസിയുടെ നിയമോപദേഷ്ടാവ് എസ്. ഭാസുറാമിനെയും സുപ്രീം കോടതി കോടതിയലക്ഷ്യത്തിനു ശിക്ഷിച്ചു. ഇരുവരും ഇന്നലെ കോടതി നടപടികൾ അവസാനിക്കുംവരെ കോടതിയിലിരിക്കാനും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ബിഹാറിലെ മുസഫർപുരിൽ ഷെൽട്ടർ ഹോമുകളിൽ പെൺകുട്ടികളെ പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചിരുന്ന സിബിഐ സംഘത്തിൽ നിന്ന് ജോയിന്റ് ഡയറക്ടർ എ.കെ.ശർമയെ സിആർപിഎഫിലേക്കു മാറ്റിയ നടപടിയാണ് കോടതിയലക്ഷ്യമായത്. ശർമയെ മാറ്റരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആലോക് വർമയെ ഡയറക്ടർസ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നാലെയാണ് സർക്കാർ നാഗ്വേശ്വര റാവുവിന് താൽക്കാലിക ചുമതല നൽകിയത്. അപ്പോഴാണ് ശർമയെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ 20 വർഷത്തിനിടെ താൻ ആർക്കുമെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുത്തിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥരുടേത് നഗ്നമായ കോടതിയലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗേശ്വര റാവുവും ഭാസുറാമും കോടതിയോടു നിരുപാധികം മാപ്പുപറഞ്ഞു. എന്നാൽ, മാപ്പപേക്ഷ തള്ളിക്കളയുന്നതായി ജഡ്ജിമാരായ എൽ.നാഗേശ്വര റാവുവും സഞ്ജീവ് ഖന്നയുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇരുവർക്കും മറ്റെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു.

പിഴവു മാനുഷികവും ക്ഷമിക്കുകയെന്നത് ദൈവികവുമാണെന്നും ഉദാര സമീപനം വേണമെന്നും അറ്റോർണി ജനറൽ(എജി) കെ.കെ. വേണുഗോപാൽ പറഞ്ഞു. 30 വർഷത്തിലേറെ നീണ്ട നാഗേശ്വര റാവുവിന്റെ ഒൗദ്യോഗിക ജീവിതം വിവാദമുക്തമാണെന്നും എജി വാദിച്ചു. സർക്കാർ ചെലവിൽ കോടതിയലക്ഷ്യക്കാരനു വേണ്ടി എജി വാദിക്കുന്നതിൽ കോടതി അദ്ഭുതം പ്രകടിപ്പിച്ചു.

കോടതിയുടെ അനുമതിയോടെ സ്ഥലം മാറ്റിയാൽ ആകാശം ഇടിഞ്ഞുവീഴില്ലായിരുന്നുവെന്നും കോടതിയലക്ഷ്യം നടത്തിയെന്ന് സമ്മതിച്ച സ്ഥിതിക്ക് നാഗേശ്വര റാവുവിന്റെ ഒൗദ്യോഗിക ജീവിതത്തിൽ കറപുരണ്ടുകഴിഞ്ഞെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പീഡനക്കേസുകൾ ബിഹാറിൽ നിന്നു ഡൽഹിയിലെ കോടതിയിലേക്കു മാറ്റാൻ സുപ്രീം കോടതി കഴിഞ്ഞ 7ന് ഉത്തരവിട്ടിരുന്നു. അന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com