ADVERTISEMENT

‘യോചനെ മാഡി, വോട്ട് മാഡി... നാവേ പാർലമെന്റ്ഗെ ഹോഗോണ’..

‘ചിന്തിച്ചു ചെയ്യൂ, വോട്ട് ചെയ്യൂ, നമുക്ക് ഒരുമിച്ച് പാർലമെന്റിൽ പോകാം’ എന്നാണ് അനൗൺസ്മെന്റ്. പിന്നാലെ ഡപ്പാംകുത്ത് മേളത്തിന്റെ ഓഡിയോ. 

സന്ധ്യ കഴിഞ്ഞിരിക്കുന്നു. കൂലിവേല കഴിഞ്ഞു വരുന്നവർ, മാർക്കറ്റിൽ പോയി മടങ്ങുന്നവർ എല്ലാം മർഫി ടൗണിലെ മുക്കവലയിൽ കൂടി നിൽക്കുന്നു. ബെംഗളൂരു സെൻട്രലിലെ സ്വതന്ത്ര സ്ഥാനാർഥി നടൻ പ്രകാശ് രാജ് അവരെ കാണാൻ എത്തുന്നുണ്ട്. 

പേരിലേ ടൗൺ ഉള്ളൂ. മർഫി ഒരു ചേരിയാണ്; പെട്ടി കമിഴ്ത്തിയതുപോലെ തൊട്ടുരുമ്മിക്കിടക്കുന്ന വീടുകൾക്കെല്ലാം ഇല്ലായ്മയുടെ ഒരേ ഭാവം. രണ്ടും മൂന്നും നിലകളിൽ അടുക്കിയടുക്കി വച്ചതുപോലെയുമുണ്ട് ചില വീടുകൾ. വഴികളെല്ലാം കുടുസ്സ്. താമസക്കാർ മിക്കവരും കന്നഡിഗരും തമിഴരും. 

‘പാർലമെന്റിൽ പൗരന്റെ ശബ്ദം, പ്രകാശ് രാജ്’ എന്നെഴുതിയ വെളുത്ത ടീഷർട്ടിട്ട് കുറെ ചെറുപ്പക്കാർ നോട്ടിസ് കൊടുക്കുന്നു – ടീം പ്രകാശ് രാജ് അംഗങ്ങൾ. കൂട്ടത്തിൽ ടീമിനു വേണ്ടി വിഡിയോ എടുക്കാൻ എത്തിയ മലയാളികളുമുണ്ട്. 

ഇരുട്ടു വീണു. കുടുസ്സു വഴിയിലേക്ക് പ്രകാശ് രാജിന്റെ വാഹനമെത്തിയപ്പോൾ ഉറക്കം വിട്ടതുപോലെ മർഫി ഉഷാർ.   സ്ക്രീനിൽ എത്തുമ്പോഴുള്ളതുപോലെ വരവേറ്റതു നീണ്ട വിസിലടികൾ...  തൊടാനും ഫോട്ടോ എടുക്കാനും തിരക്ക്. ആദ്യമേ പ്രകാശ് രാജ് നയം വ്യക്തമാക്കി, ‘‘എന്നെ നടനായി സ്വീകരിക്കരുത്. രാഷ്ട്രീയക്കാരനായി, സ്ഥാനാർഥിയായി കാണണം. നമുക്ക് ഒരുമിച്ചു നിൽക്കാം. പാർലമെന്റിൽ നിങ്ങളുടെ ശബ്ദമാകാനാണു ഞാൻ വന്നത്’’. 

എല്ലാവർക്കും നേരെ തംപ്സ് അപ് കാണിച്ച് അദ്ദേഹം അംബേദ്കർ പ്രതിമയിൽ മാലയിട്ടു വന്ദിച്ചു. പിന്നീട് കവലയുടെ മൂലയിൽ സ്റ്റൂളിൽ കയറി നിന്നു പ്രസംഗം: ‘‘കാശുമായി വരുന്നവർക്കു വോട്ട് കൊടുക്കരുത്. 1000 രൂപ വാങ്ങി വോട്ട് കുത്തി 5 വർഷത്തേക്കുള്ള ദുരിതം വാങ്ങിക്കൂട്ടരുത്. നമ്മുടെ കുട്ടികൾക്കു നല്ല വിദ്യാഭ്യാസം വേണം, ജോലി വേണം, നമുക്ക് ശുദ്ധജലം വേണം, പ്രാഥമിക സൗകര്യങ്ങൾ വേണം, നല്ല ഭാവി വേണം...’’ 

‘തമിഴ് പേശുങ്ക സാർ’ എന്ന് ഇതിനിടെ കൂട്ടത്തിലൊരാൾ. ‘ഒരു നിമിഷം തമ്പീ അപ്പറം പേശലാം’ എന്ന മറുപടിക്കു വൻ കയ്യടി. ചോദിച്ചയാൾ തമിഴ് കേട്ട സന്തോഷത്തിൽ.

‘‘എനിക്ക് കാശുണ്ട്. വീടുണ്ട്. കാറുകളുണ്ട്. ആരെയും പറ്റിച്ചു ജീവിക്കേണ്ട കാര്യമില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയത് മാറ്റങ്ങൾ കൊണ്ടുവരാനാണ്. നിങ്ങളോടു സത്യമേ പറയൂ’’– 15 മിനിറ്റ് നീണ്ട പ്രസംഗം കഴിഞ്ഞ് ഓരോരുത്തരെയും കണ്ടും സംസാരിച്ചും ചേരിയിലെ വഴികളിലൂടെ യാത്ര. പിന്നാലെ ജനക്കൂട്ടം. അടുത്ത ജംക്‌ഷനിലും സ്റ്റൂളിൽ നിന്നു പ്രസംഗം, തമിഴിലാണ് ഇക്കുറി. കയ്യടിക്കു കടുപ്പമേറി. 

വോട്ട് ചെയ്താൽ കാശ് തരാമെന്നു പറയുന്നവരെ എന്തു ചെയ്യണമെന്നായി ചെറുപ്പക്കാരിലൊരാൾ. ‘‘തമ്പീ, അതു വിഡിയോ എട്, വൈറലാക്ക്. അത്തരക്കാരെയെല്ലാം പുറത്താക്ക്’’ എന്നു മറുപടി.

പ്രകാശ് രാജ് മനോരമയോട്:

‘‘ 3 മാസമായി ബെംഗളൂരുവിലെ ചേരികളിൽ കയറിയിറങ്ങുന്നു. നല്ല സ്കൂളില്ല, വെള്ളമില്ല, റോഡില്ല, ആശുപത്രിയില്ല, ജീവിക്കാൻ പണമില്ല – പ്രശ്നങ്ങൾ പലതുണ്ട്. അതിൽ നിന്ന് ജനങ്ങളുടെ പ്രകടനപത്രിക (പീപ്പിൾസ് മാനിഫെസ്റ്റോ) തയാറാക്കി. 2000 കോളനികൾ ഉള്ള ഇവിടെ 500 എണ്ണമേ അംഗീകരിച്ചിട്ടുള്ളൂ. ഐടി നഗരം മാത്രമല്ല ബെംഗളൂരു, ചേരികൾ കൂടി അതിന്റെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com