ADVERTISEMENT

ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിലെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്ന അഞ്ച‌ാം ഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ, മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം രാഷ്ട്രീയ വിവാദങ്ങൾക്കു തിരി‌കൊളുത്തി. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണു മരിച്ചതെന്ന കടുത്ത പരാമർശം കഴിഞ്ഞദിവസം യുപിയിലെ പ്രതാപ്ഗഡിൽ തിരഞ്ഞെടുപ്പു റാലിയിലാണു മോദി നടത്തിയത്. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പേര് കളങ്കപ്പെടുത്തുകയാണു രാഹുലിന്റെ ലക്ഷ്യമെന്നു പറഞ്ഞ ശേഷമായിരുന്നു പരാമർശം.

ഇതു ചർച്ചയായതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് എത്തി– ‘‘താങ്കളെ കർമ‌ഫലം കാത്തിരിക്കുന്നു. രക്ഷപ്പെടാനാകില്ല’’. മോദിക്കുള്ള മറു‌പടി അമേഠി നൽകുമെന്നു പ്രി‌യ‌ങ്ക ഗാന്ധി പ്രതികരിച്ചു. വിമർശനവുമായി കൂടുതൽ പ്ര‌‌തിപക്ഷ നേതാക്കൾ എത്തിയതോടെ, ബിജെപിയും പ്രതിരോധ സജ്ജമായി.

∙ മോദി തിരഞ്ഞെടുപ്പു റാലിയിൽ
താങ്കളുടെ അച്ഛൻ മരിച്ചത് നമ്പർ 1 അഴിമതിക്കാരനായി

സ്തുതിപാഠകർ ‘മിസ്റ്റർ ക്ലീൻ’ എന്നു വിളിച്ച താങ്കളുടെ അച്ഛൻ ‘നമ്പർ 1 ഭ്രഷ്ടാചാരി’ (അഴിമതിക്കാരൻ) ആയാണു മരിച്ചത‌്. ഇത്രയേറെ പറഞ്ഞിട്ടും 50 വർഷം നീണ്ട മോദിയുടെ തപസ്യ (കഷ്ടപ്പാട്) ‌മണ്ണിലാഴ്ത്താൻ താങ്കൾക്കായിട്ടില്ല. എന്നെ താറടിച്ചും ചെറുതാക്കിയും കാണിച്ച് ദുർബല സർക്കാർ രൂപീകരിക്കാനാണു ശ്രമം. ഗാന്ധി നാമധാരി ശ്രദ്ധിച്ചുകേൾക്കണം– മോദി വായിൽ സ്വർണക്കരണ്ടിയുമായോ രാജകുടുംബത്തിലോ ജനിച്ചയാളല്ല.

∙ രാഹുൽ ട്വിറ്ററിൽ
യുദ്ധം കഴിഞ്ഞു, ഫലം കാക്കൂ

‘മോദിജീ, യുദ്ധം കഴിഞ്ഞിരിക്കുന്നു. താങ്കളെ കർമ‌ഫലം കാത്തിരിക്കുന്നു. താങ്കളെക്കുറിച്ചു സ്വന്തം മനസ്സിലുള്ള തോന്നലുകൾ എ‌ന്റെ അച്ഛനുമേൽ ചാർത്തിയതു കൊണ്ടു മാത്രം രക്ഷപ്പെടാനാകില്ല. താങ്കൾക്കെന്റെ നിറഞ്ഞ സ്നേഹം; വലിയൊരു ആലിംഗനം. ‌

∙ പ്രിയങ്ക ട്വിറ്ററിൽ
അവഹേളിച്ചത് രക‌്തസാക്ഷിയെ

ദേശീയതയുടെയും രക്‌തസാക്ഷികളുടെയും പേരിൽ വോട്ട് തേടുന്ന പ്രധാനമന്ത്രി, മനസ്സിന്റെ നിയന്ത്രണം വിട്ട് ഉത്തമനായ രക‌്തസാക്ഷിയെ അവഹേളിച്ചിരിക്കുന്നു. അമേഠിയിലെ ജനങ്ങൾ ഇതിന് അർഹിക്കുന്ന മറുപടി നൽകും. മോദിജീ, വഴിതെറ്റിക്കുന്നവരോട് ഈ രാജ്യം പൊറുക്കില്ല.

വിമർശിച്ച് വിശാല പ്രതിപക്ഷം

രാജ്യത്തിനായി ജീവിതം സമർപ്പിച്ച രാജീവ് ഗാന്ധിയെ‌ക്കുറിച്ചുള്ള പരമാർശം ദൗർഭാഗ്യകരമാണെന്നും മോദി എക്സ്പൈറി പിഎം (കാലാവധി കഴ‌ിഞ്ഞ പ്രധാനമന്ത്രി) ആണെന്നുമായിരുന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയുടെ പ്ര‌തികരണം. തിരഞ്ഞെടുപ്പിലാണെങ്കിലും അല്ലെങ്കിലും രക്തസാക്ഷികളെ ബഹുമാനിക്കുക എന്നതാണു മനുഷ്യത്വമെന്നു സമാജ്‌വാദി പാർട്ടി നേത‌ാവ് അഖിലേഷ് യാദവ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മോദിയുടെ പരാമർശത്തെ വിമർശിച്ചു. അതേസമയം, മോദി പറഞ്ഞതു ശരിയാണെന്നും 1984ലെ സിഖ് വിരുദ്ധ കലാപത്തെ അനുകൂലിച്ചയാളല്ലേ രാജീവ് എന്നും ചോദിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രതിരോധവുമായെത്തി.

വാജ്‌പേയി അന്നുപറഞ്ഞത് സ്നേഹ കഥ

ഇന്നലെ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായത് രാജീവ് ഗാന്ധിയെക്കുറി‌ച്ചു ‌മു‌ൻ പ്ര‌ധാനമന്ത്രി എ.ബി. വാജ്പേയി മുൻപു പറഞ്ഞ വാക്കുകളാണ്. താൻ ജീവിച്ചിരിക്കുന്നതിനു കാരണം രാജീവ് ആണെന്നു വാജ്പേയി പറ‌യാനിടയായ സംഭവം മലയാളി മാധ്യമപ്രവർത്തകൻ എൻ.പി. ഉല്ലേഖിന്റെ ‘ദി അൺടോൾഡ് വാജ‌്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിലുണ്ട്. രാജീവ് പ്രധാനമന്ത്രിയായിരിക്കെ, വാജ്പേയിയുടെ വൃക്കരോഗത്തെക്കുറിച്ച് അറിഞ്ഞ് അദ്ദേഹത്തെ യുഎൻ സന്ദർശത്തിനുള്ള സംഘത്തിൽ ഉൾപ്പെടുത്തി. യുഎസിൽ ചികിത്സ ഉറപ്പാക്കാനുള്ള സൂത്രവഴിയായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com