കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന്: തിരഞ്ഞെടുപ്പു ഫലം പരിശോധിക്കും
Mail This Article
ന്യൂഡൽഹി∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു യോഗം ചേരും. രാവിലെ 11ന് വിഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും.
കേരളം, അസം, ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയം സംബന്ധിച്ച് വിശദീകരണം നൽകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പാർട്ടിയുടെ ഉന്നത സമിതി ആദ്യമായാണ് കൂടുന്നത്.
ദയനീയ തോൽവി ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയെ കരകയറ്റാനുള്ള വഴികളിൽ ഊന്നിയാവും ഇന്നത്തെ ചർച്ച. സംസ്ഥാനങ്ങളിൽ സംഘടനാതലത്തിലടക്കം അഴിച്ചുപണികൾ നടത്തുന്നതിനു ദേശീയ നേതാക്കളുൾപ്പെട്ട സമിതികൾക്കു രൂപം നൽകുന്നതും പരിഗണനയിലുണ്ട്.
തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്തലുകൾ നിർദേശിക്കാനും പ്രത്യേക സമിതിക്കു രൂപം നൽകിയേക്കും. കേരളത്തിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ മാറ്റേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുൾപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം നിയോഗിച്ചിരുന്നു. ലോക്ഡൗൺ അവസാനിച്ചശേഷമാവും ഇവർ കേരളത്തിലെത്തുക.
തിരഞ്ഞെടുപ്പ് തോൽവി പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നു മുതിർന്ന നേതാവ് കപിൽ സിബൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള പ്രവർത്തനരീതിയിൽ സിബൽ അടക്കമുള്ള ഏതാനും നേതാക്കൾക്കു കടുത്ത അതൃപ്തിയുണ്ട്. സമീപകാലത്ത് കോൺഗ്രസ് നടത്തിയ ഏറ്റവും മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന യോഗത്തിൽ ഇവരിൽ ചിലർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു. തിരഞ്ഞെടുപ്പ് വിശകലനത്തിനു പുറമേ രാജ്യത്തെ കോവിഡ് വ്യാപനവും യോഗം ചർച്ചചെയ്യും.