ചർച്ചിൽ അലിമാവോ: രാഷ്ട്രീയത്തിലെ ‘ട്രാൻസ്ഫർ ഹീറോ’
Mail This Article
പനജി (ഗോവ) ∙ പ്രഫഷണൽ ഫുട്ബോളർ ക്ലബ്ബ് മാറുന്നതുപോലെയാണ് ചർച്ചിൽ അലിമാവോ എന്ന പ്രഫഷണൽ രാഷ്ട്രീയക്കാരൻ പാർട്ടി മാറുന്നത്. ഓരോ തിരഞ്ഞെടുപ്പും അലിമാവോയ്ക്ക് കൂറുമാറ്റത്തിന്റെ ട്രാൻസ്ഫർ കാലമാണ്.
ജീവിതം ആഘോഷമാക്കുന്ന ബീച്ചുകളും സിരകളിൽ ഫുട്‌ബോളും മേമ്പൊടിക്ക് അധോലോകവും ചേർന്ന ഒരു മസാലക്കഥയാണ് ഗോവയെങ്കിൽ അതിന്റെ നേർപകർപ്പാണ് ചർച്ചിൽ അലിമാവോ (72). അഞ്ചു വട്ടം എംഎൽഎയും ഒരുതവണ എംപിയും പിന്നെ 19 ദിവസത്തെ മുഖ്യന്ത്രി പദവുമാണ് ഗോവൻ രാഷ്ട്രീയത്തിൽ അലിമാവോ. അതേസമയം ചർച്ചിൽ ബ്രദേഴ്‌സ് എന്ന ഫുട്‌ബോൾ ക്ലബിന്റെ പേരിലാണ് കായികചരിത്രത്തിൽ അദ്ദേഹം തലയുയർത്തി നിൽക്കുന്നത്. കൂറുമാറ്റത്തിന്റെ അപ്പസ്തോലനാണ് അലിമാവോ. അരനൂറ്റാണ്ടിനിടെ 6 തവണ കൂറുമാറി.
ദിവസം 5 രൂപ ശമ്പളത്തിൽ ജോലി തുടങ്ങി പിന്നീട് വെൽഡറും നാവികനും ബോട്ടുടമയും രാഷ്ട്രീയക്കാരനുമൊക്കെയായി മാറിയ അലിമാവോ ബെനോളിമിലും പരിസരപ്രദേശങ്ങളിലും നാട്ടുരാജാവാണ്. ഇതിനിടെ പാട്ടെഴുത്തിലും നാടകമെഴുത്തിലുമൊക്കെ പയറ്റി. ഗോവൻ സിരകളിലെ ഫുട്‌ബോളിന്റെ ആവേശത്തെ രാഷ്ട്രീയമായി മാർക്കറ്റ് ചെയ്തു.
യുണൈറ്റഡ് ഗോവൻ പാർട്ടിയിൽ നിന്ന് വേർപെട്ട് യുണൈറ്റഡ് ഗോവൻസ് ഡമോക്രാറ്റിക് പാർട്ടി ഉണ്ടാക്കിയാണ് അലിമാവോ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കോൺഗ്രസിലേക്കു കൂറുമാറി.1990 ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും അതേ വർഷം തന്നെ മുഖ്യമന്ത്രി ആവുകയും ചെയ്തു. 2007 ൽ കോൺഗ്രസ് വിട്ട് സേവ് ഗോവാ ഫ്രണ്ട് ഉണ്ടാക്കി 2 സീറ്റു പിടിച്ചു. കോൺഗ്രസുമായി ചേർന്ന് ഭരണത്തിൽ പങ്കാളിയായി. 2008 ൽ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു.
2012 ചർച്ചിൽ കുടുംബത്തിന് മോശം വർഷമായിരുന്നു. കുടുംബത്തിലെ 4 പേർക്കാണ് അക്കുറി കോൺഗ്രസ് സീറ്റ് നൽകിയത്. അലിമാവോയെ കൂടാതെ മകളും രാഷ്ട്രീയ പിന്തുടർച്ചക്കാരിയുമായ വലൻക, അലിമാവോയുടെ സഹോദരൻ ജോക്വിം, ജോക്വിമിന്റെ മകൻ എന്നിവർ. 4 പേരും എട്ടുനിലയിൽ പൊട്ടി.
2014 ലെ തിരഞ്ഞെടുപ്പിൽ വലൻകയ്ക്കു പാർലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് അലിമാവോ കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേർന്നു മത്സരിച്ചു തോറ്റു. 2016 ൽ തൃണമൂൽ വിട്ട് എൻസിപിയിൽ ചേർന്ന് തൊട്ടടുത്ത വർഷം പാർട്ടിയുടെ ഏക എംഎൽഎ ആയി. 2021 ൽ തിരികെ തൃണമൂലിലെത്തി.
അലിമാവോ മൽസരിക്കുന്ന ബെനോളിമിന്റെ തൊട്ടടുത്ത മണ്ഡലമായ നവേലിമിൽ സ്ഥാനാർഥിയാണ് വലൻക. ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ടീമിന്റെ സിഇഒ കൂടിയാണ് മകൾ. അച്ഛനും മകളും വലിയ തോതിൽ പണമെറിഞ്ഞു പ്രചാരണം നടത്തുമ്പോൾ തൃണമൂൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നതു സ്വപ്നം കാണുന്നു.
Content Highlight: Churchill Alemao