നൈനിറ്റാളിൽ മറുകണ്ടം ചാടി അങ്കം വെട്ട്
Mail This Article
ശീതക്കാറ്റിൽ മഞ്ഞുപൊഴിയുന്ന നൈനിറ്റാൾ മലനിരകളിൽ രസകരമായ രാഷ്ട്രീയ യുദ്ധമാണ് നടക്കുന്നത്. മറുകണ്ടം ചാടിയ നേതാക്കളുടെ പോരാട്ടത്തിൽ അന്തംവിട്ടു നിൽക്കുന്നു വോട്ടർമാർ.
ബിജെപിയുടെ സിറ്റിങ് എംഎൽഎ സഞ്ജീവ് ആര്യ (35) ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. കോൺഗ്രസിൽ നിന്നു രാജിവച്ച മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യയാണു ബിജെപി സ്ഥാനാർഥി.
ഗതാഗത മന്ത്രിയായിരുന്ന ദലിത് നേതാവ് യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യ എംഎൽഎയും കഴിഞ്ഞ ഒക്ടോബറിലാണ് ബിജെപിയിൽ നിന്നു രാജിവച്ചു കോൺഗ്രസിൽ ചേർന്നത്. യശ്പാൽ ആര്യ മന്ത്രിസ്ഥാനവും രാജിവച്ചു. ഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായ യശ്പാൽ ആര്യ 2017ലാണ് ബിജെപിയിൽ ചേർന്നത്.
നൈനിറ്റാളിൽ നിന്ന് 2012ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച സരിത ആര്യയെയാണ് 2017ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സഞ്ജീവ് ആര്യ പരാജയപ്പെടുത്തിയത്. ഇക്കുറിയും സ്ഥാനാർഥിത്വം പ്രതീക്ഷിച്ചെങ്കിലും സഞ്ജീവ് ആര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുമെന്ന് സൂചന ലഭിച്ചതോടെ സരിത ബിജെപിയിലേക്ക് മറുകണ്ടം ചാടി.
Content Highlight: Uttarakhand Assembly Elections 2022