നാലുദിക്കിലും വിരിഞ്ഞ് നാൽത്താമര
Mail This Article
ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിലും വടക്കുകിഴക്കുള്ള മണിപ്പുരിലും തെക്കുപടിഞ്ഞാറുള്ള ഗോവയിലും ഒരുപോലെ കിട്ടിയ ജയം ഹിന്ദുത്വത്തിൽ പൊതിഞ്ഞ ജനക്ഷേമ രാഷ്ട്രീയം എന്ന ബിജെപി വിജയ ഫോർമുലയെ അരക്കിട്ടുറപ്പിക്കുന്നു. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുന്നതാകും ഇപ്പോഴത്തെ യുപി വിജയമെന്നു കണക്കു കൂട്ടുന്നവരുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അജയ്യ ജോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വീണ്ടും സ്ഥാനമുറപ്പിക്കുന്നു. സാഹചര്യത്തിനനുസരിച്ചു ഗെയിം പ്ലാൻ മാറ്റി തിരഞ്ഞെടുപ്പു ജയിക്കാൻ ബിജെപിയോളം മികവ് ആർക്കുമില്ലെന്നും വ്യക്തമായി.
ബിജെപി വിരുദ്ധ മുന്നണി എന്ന ആശയം തന്നെ അപ്രസക്തമാക്കുന്നു എന്നതാണ് അവരുടെ വലിയ നേട്ടം. പ്രതിപക്ഷ പ്രാദേശിക കക്ഷികളുടെ നേതാക്കളെന്ന നിലയിൽ മമത ബാനർജിയും എം.കെ. സ്റ്റാലിനും നിൽക്കുന്നിടത്തേക്ക് അരവിന്ദ് കേജ്‌രിവാൾ കൂടി വരുന്നത് ബിജെപിക്കു സന്തോഷമേ നൽകൂ. എല്ലാ സംസ്ഥാനങ്ങളിലും വേരുള്ള ദേശീയ കക്ഷിയെന്ന നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് ദുർബലമാകുമ്പോൾ പ്രതിപക്ഷ വോട്ടുകൾ കൂടുതൽ ഭിന്നിക്കുകയാണ്. കോൺഗ്രസിനു ബിജെപിയെ നേരിടാനാവില്ലെന്ന വാദത്തിനും ശക്തിയേറും.
യുപിയിൽ കർഷക സമരം വലിയ ചലനമുണ്ടാക്കുമെന്നു കരുതപ്പെട്ട മേഖലകളിൽപോലും ബിജെപി കോട്ടകൾ ഇളകിയില്ല. വിഭാഗീയത ഇളക്കിവിടുന്നുവെന്ന ആരോപണത്തെ പ്രീണനമില്ലാത്ത വികസനം എന്ന മറുവാദം കൊണ്ടു നേരിട്ടു. ഉത്തരാഖണ്ഡിൽ കോൺഗ്രസിലേതു പോലുള്ള ഗ്രൂപ്പുപോര് ബിജെപിയിലുമുണ്ടായിരുന്നെങ്കിലും അതു താഴേത്തട്ടിലെത്താതെ അവർ ശ്രദ്ധിച്ചു.
ഗോവയിൽ ഖനി അഴിമതി ആരോപണവും മനോഹർ പരീക്കർ കുടുംബത്തിന്റെ എതിർപ്പും ഭരണവിരുദ്ധ വികാരവും അതിജീവിക്കാൻ പ്രതിപക്ഷത്തെ അനൈക്യം തുണയായി. മണിപ്പുരിൽ കോൺഗ്രസിന്റെ കാമ്പും കാതലും തുരന്നെടുത്തു. പ്രതിപക്ഷത്ത് പ്രാദേശിക കക്ഷികളുടെ നേതൃത്വമേറ്റെടുക്കാൻ ദേശീയതലത്തിൽ ഒരു കക്ഷിയുമില്ലെന്നു കൃത്യമായ തന്ത്രങ്ങളിലൂടെ ഉറപ്പാക്കി.
രാഷ്ട്രപതി തിരഞ്ഞെടുപ്പും ബിജെപിക്ക് ഇനി സുഗമം
ന്യൂഡൽഹി ∙ യുപി ഫലം ജൂലൈയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ ഗുണം ചെയ്യും. രാജ്യസഭയിലെ 233 അംഗങ്ങളും ലോക്സഭയിലെ 543 അംഗങ്ങളും വിവിധ നിയമസഭകളിലെ 4120 അംഗങ്ങളും അടങ്ങിയതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ് (വോട്ടവകാശമുള്ളവർ).
യുപിയിലെ ആകെ വോട്ടുമൂല്യം 83,824 ആണ്. ഉത്തരാഖണ്ഡിൽ 4480, ഗോവയിൽ 800, മണിപ്പുരിൽ 1080 എന്നിങ്ങനെയാണ് വോട്ടുമൂല്യം. 1971 ലെ സെൻസസ് പ്രകാരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ടുമൂല്യം കണക്കാക്കുന്നത്. ആകെയുള്ള 4896 വോട്ടർമാരുടെ വോട്ടുമൂല്യം 10,98,903 ആണ്. ഇതിൽ 50 ശതമാനത്തിലേറെയും പിന്നെ ഒരു വോട്ടും അധികം കിട്ടുന്നവരാണ് രാഷ്ട്രപതിയാവുന്നത്.
പ്രതിപക്ഷത്തുനിന്ന് സംയുക്ത സ്ഥാനാർഥി വരാനുള്ള സാധ്യത ഏറെയായതിനാൽ യുപിയിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ ബിജെപിക്ക് മറ്റുകക്ഷികളുടെ സഹായം തേടേണ്ടി വരുമായിരുന്നു. ശരദ് പവാർ മുതൽ എൻഡിഎ ഘടകകക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരെയുള്ളവരുടെ പേര് പ്രതിപക്ഷ സ്ഥാനാർഥികളായി പറഞ്ഞുകേട്ടിരുന്നു. ബിഎസ്പി നേതാവ് മായാവതിക്കും താൽപര്യമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: BJP election planning wins