മാർഗരറ്റ് അൽവയോടു രേഖ ചോദിച്ചത് തട്ടിപ്പുകാർ: ബിഎസ്എൻഎൽ
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് അൽവയുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ രേഖ (കെവൈസി) ചോദിച്ചത് സൈബർ തട്ടിപ്പുകാരാണെന്നു ബിഎസ്എൻഎൽ. ഇത്തരം രേഖകൾ വാട്സാപ് വഴി ചോദിക്കാറില്ലെന്ന് ബിഎസ്എൻഎൽ സിഎംഡി പി.കെ.പുർവാർ അൽവയ്ക്ക് അയച്ച കത്തിൽ വിശദീകരിച്ചു. ഇത്തരം സന്ദേശം പ്രചരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ഡൽഹി പൊലീസും മുന്നറിയിപ്പു നൽകിയിരുന്നു.
ബിജെപിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം തന്റെ ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ലെന്ന അൽവയുടെ ട്വീറ്റ് രാഷ്ട്രീയവിവാദത്തിനു തിരി കൊളുത്തിയിരുന്നു. കോളുകൾ വഴിതിരിച്ചുവിട്ട നിലയിലാണെന്നായിരുന്നു അൽവയുടെ വാദം.
എന്നാൽ, ഇതിനു കാരണം ഫോണിലെ ഓട്ടമാറ്റിക് കോൾ ഫോർവേഡിങ് സംവിധാനം ആണെന്നു ബിഎസ്എൻഎൽ വ്യക്തമാക്കി. വരുന്ന കോളുകൾ മറ്റൊരു നമ്പറിലേക്കു പോകും വിധമാണ് അൽവയുടെ ഫോൺ ക്രമീകരിച്ചിരുന്നത്. അൽവയുടെ പിഎ ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ ബിഎസ്എൻഎലിനെ സമീപിച്ചിരുന്നു. സ്വന്തം നിലയിൽ മാറ്റാൻ കഴിയുന്നില്ലെന്നു പിഎ പറഞ്ഞതിനാൽ ബിഎസ്എൻഎൽ ഇതു ഡീ ആക്ടിവേറ്റ് ചെയ്തുവെന്നും സിഎംഡി പറഞ്ഞു.
English Summary: BSNL statement on Margaret Alva's phone disconnection row