മേഘാലയ: ബിജെപി തന്ത്രങ്ങൾ ഫലിച്ചില്ല; പിസിസി അധ്യക്ഷന്റെ പരാജയം കോൺഗ്രസിന് തിരിച്ചടി
Mail This Article
കൊൽക്കത്ത ∙ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ല എന്ന ചരിത്രം മേഘാലയ ഇത്തവണയും തിരുത്തിയില്ല. 20 സീറ്റ് മാത്രമുണ്ടായിരുന്ന, ന്യൂനപക്ഷ സർക്കാറിനെ നയിച്ച എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി) ഇത്തവണ 26 സീറ്റാണ് നേടിയത്. 60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നിരുന്നത്.
ഒരിടത്ത് സ്ഥാനാർഥിയുടെ മരണം കാരണം തിരഞ്ഞെടുപ്പ് മാറ്റിവച്ചു. എൻപിപി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബിജെപിയെ സംബന്ധിച്ചിടത്തോളം മേഘാലയയിലേത് വൻ പരാജയമാണ്.
കോൺറാഡ് സാങ്മ സർക്കാരിന്റെ ഭാഗമായ ബിജെപി ഇത്തവണ എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്ര മന്ത്രി അമിത് ഷാ വരെ എൻപിപി സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെപ്പോലെ 2 സീറ്റിൽ മാത്രമാണ് ബിജെപി ജയിച്ചത്.
ഖാസി-ജയന്റിയ ഹിൽസിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 11 സീറ്റുകൾ നേടി. നിലവിലുള്ള കൊൺറാഡ് മന്ത്രിസഭയിലെ പങ്കാളികളാണ് യുഡിപിയെങ്കിലും ബിജെപിയുമായി സഹകരിക്കുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ബംഗാളിനു പുറത്ത് തൃണമൂൽ കോൺഗ്രസിന്റെ ഏറ്റവും വലിയ വിജയമാണ് മേഘാലയിലേതെങ്കിലും ഇത് മമതാ ബാനർജിക്കു സന്തോഷം നൽകുന്നതല്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കുറുകളിൽ കുതിച്ചുയർന്ന തൃണമൂൽ കോൺഗ്രസിന് 5 സീറ്റ് മാത്രമാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 കോൺഗ്രസ് എംഎൽഎമാരാണ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നിരുന്നത്. മത്സരിച്ച എംഎൽഎമാരിൽ പലരും പരാജയപ്പെട്ടു. രണ്ടിടത്ത് മത്സരിച്ച മുകുൾ സാങ്മ ഒരിടത്ത് പരാജയപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റ് ലഭിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് 5 സീറ്റ് ലഭിച്ചു. ജയിച്ച എല്ലാ എംഎൽഎമാരും മറ്റു പാർട്ടികളിലേക്ക് കൂറുമാറിയതിനാൽ ഒറ്റ എംഎൽഎപോലുമില്ലാതെയാണ് കോൺഗ്രസ് മത്സരരംഗത്ത് ഇറങ്ങിയത്.
പിസിസി അധ്യക്ഷനും ഷില്ലോങ് എംപിയുമായ വിൻസന്റ് പാലായുടെ പരാജയം പക്ഷേ, അപ്രതീക്ഷിത തിരിച്ചടിയായി. 5 മണ്ഡലങ്ങളിൽ ജയിച്ചതിനു പുറമേ 13 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ആകെ ചെയ്ത വോട്ടിന്റെ 31.5% മാത്രമാണ് എൻപിപിക്ക് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് 13.8% നേടിയപ്പോൾ കോൺഗ്രസ് 13.1% നേടി. യുഡിപി 16.2% വോട്ടും ബിജെപി 9.3% വോട്ടും നേടി.
കേവല ഭൂരിപക്ഷത്തിലേക്ക് പാർട്ടിയെ വളർത്താൻ കഴിഞ്ഞില്ലെങ്കിലും കോൺറാഡ് സാങ്മയ്ക്ക് ഇത് ആഘോഷിക്കാവുന്ന വിജയമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളിൽ സ്ഥായിയായ വളർച്ചയാണ് എൻപിപിക്കുണ്ടാകുന്നത്. കഴിഞ്ഞ വർഷം നടന്ന മണിപ്പുർ തിരഞ്ഞെടുപ്പിൽ 7 സീറ്റ് നേടിയ എൻപിപി ഇത്തവണ നാഗാലാൻഡിൽ 5 സീറ്റ് നേടി. വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്ന് ദേശീയ പാർട്ടി പദവി ലഭിച്ച ഏക പാർട്ടിയാണ് എൻപിപി.
English Summary: Meghalaya Assembly Election Results 2023