അവസാനദിവസവും സമരം തുടരാൻ പ്രതിപക്ഷം; സംയുക്ത പ്രതിപക്ഷത്തിന്റെ ജന്തർ മന്തർ മാർച്ച് ഇന്ന്
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കാനിരിക്കുമ്പോഴും അദാനി, രാഹുൽ ഗാന്ധി വിഷയങ്ങളിൽ ഇരുസഭകളിലും സ്തംഭനം തുടരുന്നു. ഇന്നും അദാനി വിഷയത്തിൽ ജെപിസി അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. സഭയ്ക്കുശേഷം സംയുക്ത പ്രതിപക്ഷം ജന്തർ മന്തറിലേക്കു മാർച്ച് നടത്തും. രാഷ്ട്രപതിക്കു നിവേദനവും നൽകുന്നുണ്ട്.
മാർച്ച് 13ന് ബജറ്റ് സമ്മേളനം രണ്ടാംഘട്ടം തുടങ്ങിയതു മുതൽ നിരന്തര പ്രതിഷേധത്തിലാണു പ്രതിപക്ഷം.
ഇന്നലെയും കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. രാവിലെ തുടങ്ങിയ സഭ 2 മിനിറ്റിനകം ഉച്ചയ്ക്കു 2 വരെ നിർത്തിവച്ചു. രണ്ടിനു മന്ത്രി പർഷോത്തം രൂപാല കോസ്റ്റൽ അക്വാകൾചർ അതോറിറ്റി (ഭേദഗതി) ബിൽ അവതരിപ്പിച്ചു.
ബഹളം കാരണം രാജ്യസഭയും 2 വരെ നിർത്തിവച്ചു. രാഹുൽഗാന്ധി രാജ്യസഭയിൽ വന്നു മാപ്പുപറയണമെന്ന സഭാനേതാവ് പീയൂഷ് ഗോയലിന്റെ ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ കൊണ്ടുവന്ന ക്രമപ്രശ്നം നിലനിൽക്കില്ലെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ റൂളിങ് നൽകി.
സഭാംഗമല്ലാത്ത ഒരാളെ സഭയിലേക്കു വിളിക്കാനാവില്ലെന്നാണ് ഖർഗെ വാദിച്ചത്. രാജ്യസഭയ്ക്ക് അത്തരം പരിധികളില്ലെന്ന് ധൻകർ വ്യക്തമാക്കി.
English Summary : Parliament Budget conference