വീട്ടിൽനിന്ന് പുറത്താക്കി: ഷെട്ടർ
![Jagadish Shettar | (Photo - Twitter/@ANI) ജഗദീഷ് ഷെട്ടർ (Photo - Twitter/@ANI)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/4/17/jagadish-shettar.jpg?w=1120&h=583)
Mail This Article
ബെംഗളൂരു ∙ ജഗദീഷ് ഷെട്ടറിനെ കോൺഗ്രസ് ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാരണം കറപുരളാത്ത പ്രതിഛായയാണ്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിൽ വിവാദങ്ങൾ തൊട്ടുതീണ്ടാത്ത അപൂർവം നേതാക്കളിലൊരാൾ. ബിജെപി വിടാനും കോൺഗ്രസിൽ ചേരാനുമുള്ള കാരണങ്ങൾ അദ്ദേഹം മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി:
∙പാർട്ടി വിടാനുള്ള കാരണം
വടക്കൻ കർണാടകയിൽ ബിജെപിയെ വളർത്തിയ വ്യക്തിയാണു ഞാൻ. അനുസരണയുള്ള പ്രവർത്തകനായി ചുമതലകൾ നിർവഹിച്ചു. എന്നാൽ, സീറ്റിന്റെ കാര്യം വന്നപ്പോൾ മുതിർന്ന നേതാവിനോടെന്നപോലെയല്ല പാർട്ടി പെരുമാറിയത്. എനിക്കും മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയ്ക്കും സീറ്റില്ലെന്ന് ഏപ്രിൽ 11നാണ് നേതൃത്വം അറിയിച്ചത്. അതിനും ഒരാഴ്ച മുൻപ് ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ, മറ്റ് ഉത്തരവാദിത്തങ്ങളിൽ മുഴുകാൻ പറഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ ഇത്ര പ്രയാസമുണ്ടാകുമായിരുന്നില്ല. ഞാൻ കൂടി പ്രയത്നിച്ചു പണിത വീട്ടിൽനിന്നു പുറത്താക്കിയ അനുഭവമാണുണ്ടായത്. പുറത്തുപോകുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
∙ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?
പാർട്ടിയാണ് മുഖ്യം എന്നു പറഞ്ഞുപഠിപ്പിച്ച ബിജെപി ഇപ്പോൾ സ്വാർഥതാൽപര്യങ്ങളുള്ള ചില വ്യക്തികളുടെ കൈകളിലാണ്. കർണാടകയിലെ ചില ബിജെപി നേതാക്കൾ പാർട്ടിക്കും മുകളിലാണ്. അധികാരത്തിനായി ബിജെപിയിലെത്തിയ ആളല്ല ഞാൻ. ആർഎസ്എസിലും എബിവിപിയിലും പ്രവർത്തിച്ചാണു നേതാവായത്.
∙എന്തുകൊണ്ട് കോൺഗ്രസ്?
അനുയായികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഈ ചുവടുമാറ്റം. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിലും തത്വങ്ങളിലും വിശ്വസിക്കുന്നു. ഇതെന്റെ രാഷ്ട്രീയജീവിതത്തിലെ പുതിയ ഏടാണ്.
∙താങ്കളുടെ നിലപാടുമാറ്റം ബിജെപിയെ എങ്ങനെ ബാധിക്കും?
ഹുബ്ബള്ളി – ധാർവാഡ് ഉൾപ്പെടെ വടക്കൻ കർണാടകയിലെ ഒട്ടേറെ മണ്ഡലങ്ങളിൽ കോൺഗ്രസിന് പ്രയോജനമുണ്ടാകും. ലിംഗായത്ത് സമുദായത്തോടു ബിജെപി വേണ്ടത്ര പരിഗണന കാട്ടുന്നില്ലെന്നു വ്യക്തമായിരിക്കുന്നു. വടക്കൻ കർണാടകയിൽ ബിജെപിക്ക് 20–25 സീറ്റ് നഷ്ടപ്പെടാം.
English Summary: Interview with Jagadish Shettar