ബംഗാൾ തിരഞ്ഞെടുപ്പ്: തൃണമൂലിന് മുന്നേറ്റം
![PTI07_11_2023_000208A Howrah: TMC supporters celebrate the party's lead during the counting of votes of West Bengal panchayat polls, in Howrah, Tuesday, July 11, 2023. (PTI Photo) (PTI07_11_2023_000208A)](https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2023/7/12/bengal-election.jpg?w=1120&h=583)
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 26,629 പഞ്ചായത്ത് സീറ്റിൽ 18,590 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. 2000 സീറ്റുകളിൽ പാർട്ടി മുന്നിട്ടു നിൽക്കുകയാണ്. 63,229 പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.
വൈകുന്നേരം വരെയുള്ള ലീഡ് നിലയനുസരിച്ച് ബിജെപി 4479 സീറ്റുകളിൽ ജയിച്ചു. സിപിഎം മുന്നണി 1426 സീറ്റുകളിലും കോൺഗ്രസ് 1071 സീറ്റുകളിലും സ്വതന്ത്രർ 1062 സീറ്റുകളിലും ജയിച്ചു. കടലാസ് ബാലറ്റ് ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഡാർജലിങ്ങിൽ ഗൂർഖാ ടെറിറ്റോറിൽ അഡ്മിനിസ്ട്രേഷൻ മേഖലയിലെ ദ്വിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സഖ്യകക്ഷിയായ ഭാരതീയ ഗൂർഖാ പ്രജാതാന്ത്രിക് മോർച്ച മുന്നേറുകയാണ്. 23 വർഷത്തിനു ശേഷമാണ് ഇവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പു നടക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം തൃണമൂൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകും. ജനം തൃണമൂലിനൊപ്പമാണെന്നും ബിജെപിയുടെ കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞതായും പാർട്ടി ജന.സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
തട്ടിപ്പിലൂടെയാണ് തൃണമൂൽ നേട്ടമുണ്ടാക്കിയതെന്ന് സിപിഎം ആരോപിച്ചു. ബിജെപിയും ഇതേ ആരോപണമുന്നയിച്ചു. കേന്ദ്ര സേനയെ ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നുവെന്നും ബിജെപി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൻ അക്രമത്തിലാണു കലാശിച്ചത്. പ്രചാരണസമയത്ത് 18 പേരും വോട്ടിങ് ദിനം 19 പേരും കൊല്ലപ്പെട്ടു. വ്യാപകമായ രീതിയിൽ ബുത്തുപിടിത്തവും നടന്നു. 696 പോളിങ് ബൂത്തുകളിലാണ് റിപോളിങ് നടന്നത്.
വോട്ടെണ്ണലിന്റെ ദിനമായ ഇന്നലെയും വ്യാപകമായ അക്രമമുണ്ടായി.തിരഞ്ഞെടുപ്പു അക്രമത്തെ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് വിമർശിച്ചു. അഴിമതിയും അക്രമങ്ങളുമാണ് ബംഗാളിന്റെ ശത്രുക്കളെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ബംഗാളിൽ നടന്നത്. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റും നേടി തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റുകളിൽ ജയിച്ചപ്പോൾ ബിജെപിക്ക് ജയിക്കാനായത് 22 സീറ്റിൽ മാത്രമാണ്.
English Summary: Bengal local election result