രാഷ്ട്രപതി, പ്രധാനമന്ത്രി, അതിഥി
Mail This Article
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പ്രതിരോധമന്ത്രാലയമാണ്. വീരചരമം പ്രാപിച്ച സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയും സേനാതലവൻമാരും പുഷ്പചക്രം സമർപ്പിക്കുന്നതോടെയാണ് 26ലെ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകൾ തുടങ്ങുക. തുടർന്ന് പ്രധാനമന്ത്രി കർത്തവ്യപഥിലെ പ്രധാന വേദിയിലെത്തും. ഇതേ സമയം രാഷ്ട്രപതി അംഗരക്ഷകരുടെ അകമ്പടിയോടെ അവിടെയെത്തും. ഒപ്പം ആ വർഷത്തെ വിശിഷ്ടാതിഥിയുമുണ്ടാകും. ദേശീയ ഗാനം ഉയരുന്നതോടെ പ്രസിഡന്റ് ദേശീയ പതാക നിവർത്തും. അതിനുശേഷം സൈനിക പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കും. പിന്നീടാണ് ഇന്ത്യയുടെ 3 സേനകളും ചിട്ടയോടെ അണിനിരക്കുന്ന മാർച്ച്പാസ്റ്റ്. പ്രസിഡന്റ് സല്യൂട്ട് സ്വീകരിക്കും.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ
തൊട്ടുപിന്നാലെ വിവിധ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിച്ച് ഫ്ലോട്ടുകൾ ഒന്നായി നീങ്ങും. വിദ്യാർഥികളുടെ നൃത്തവും സാംസ്കാരികപരിപാടികളും ഇവയ്ക്ക് അകമ്പടിയേകും. ആകാശത്ത് വിമാനങ്ങളുടെ അഭ്യാസവും ഉണ്ടാകും.
ടോസിലൂടെ കിട്ടിയ കുതിരവണ്ടി
സാധാരണ 6 കുതിരകൾ വലിക്കുന്ന വാഹനത്തിൽ (Presidential buggy) ആണ് രാഷ്ട്രപതിമാർ ബീറ്റിങ് റിട്രീറ്റ് ചടങ്ങിന് എത്തിയിരുന്നത്. സുരക്ഷാ കാരണങ്ങളാൽ 1984ൽ നിർത്തിവച്ച ഈ യാത്ര 2014ൽ അന്നത്തെ രാഷ്ട്രപതി രാഷ്ട്രപതി പ്രണബ് മുഖർജിയാണു വീണ്ടും തുടങ്ങിയത്. 2017ൽ രാഷ്ട്രപതിയായി സത്യപ്രതിജ്ഞയ്ക്കെത്തിയ റാംനാഥ് കോവിന്ദ്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയോടൊപ്പം ഈ വാഹനത്തിലാണു യാത്ര ചെയ്തത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് വൈസ്രോയിമാർ ഉപയോഗിച്ചിരുന്ന ഈ വാഹനം സ്വന്തമാക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ആഗ്രഹിച്ചിരുന്നു. അവസാനം ടോസിലൂടെയാണ് ഇന്ത്യയ്ക്ക് ഇതു ലഭിച്ചത്.
പതാക നിവർത്തൽ
സ്വാതന്ത്ര്യ ദിനത്തിലെയും റിപ്പബ്ലിക് ദിനത്തിലെയും പതാക ഉയർത്തൽ രീതികളിൽ വ്യത്യാസമുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു (hoisting the National Flag). അതായത് ദേശീയ പതാക കൊടിമരത്തിനു മുകളിലേക്ക് ആദരപൂർവം വലിച്ചുയർത്തും. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ കൊടിമരത്തിന് മുകളിൽ തന്നെ വച്ചിരിക്കുന്ന ദേശീയപതാക രാഷ്‌ട്രപതി ചരടിൽ വലിച്ച് നിവർത്തുകയാണ് (unfurling the National Flag) ചെയ്യുക. Hoisting, Unfurling എന്നിവ മാറ്റിയും മറിച്ചും ഉപയോഗിക്കുമെങ്കിലും രണ്ടുതരം രീതികളാണ് ഇവ. കൊളോണിയൽ ഭരണത്തിൽ നിന്ന് മുക്തമായ പുതിയ രാജ്യത്തിന്റെ ഉദയം വിളംബരം ചെയ്യുന്നതിനാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത്. ഭരണഘടന നിലവിൽ വന്നതും രാഷ്ട്രം ഔദ്യോഗികമായി റിപ്പബ്ലിക്കായി മാറിയതുമായ ദിനത്തിൽ, ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി മാറിക്കഴിഞ്ഞു എന്നു സൂചിപ്പിക്കാൻ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ദേശീയപതാക രാഷ്ട്രപതി നിവർത്തുന്നു.
തയാറാക്കിയത്: ശ്രീജിത്ത് വിളയിൽ