‘കോൺഗ്രസിൽ ചേരാൻ അയച്ചത് ആർഎസ്എസ്’: ‘മാസ്റ്റർ പ്ലാൻ’ പുറത്തുപറഞ്ഞ് നേതാവ്; വിവാദം
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തിരഞ്ഞെടുപ്പു തന്ത്രത്തിന്റെ ഭാഗമായി ആർഎസ്എസ് തന്നെ കോൺഗ്രസിൽ ചേരാൻ അയച്ചുവെന്ന് ബിജെപി നേതാവ് രാം കിഷോർ ശുക്ലയുടെ വെളിപ്പെടുത്തൽ വിവാദമായി. മാവു നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച രാം കിഷോർ ശുക്ല കഴിഞ്ഞ ദിവസം തിരിച്ചു ബിജെപിയിലെത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ‘തന്ത്രം’ ശുക്ല വെളിപ്പെടുത്തിയത്. കോൺഗ്രസിൽ നിന്ന് നേതാക്കളെയും പ്രവർത്തകരെയും അടർത്തിയെടുത്തു കൊണ്ടിരിക്കുന്ന ബിജെപിക്ക് ശുക്ലയുടെ വെളിപ്പെടുത്തൽ ക്ഷീണമായി. ബിജെപിയോ കോൺഗ്രസോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
മാവുവിൽ മുതിർന്ന ബിജെപി നേതാവ് ഉഷ ഠാക്കൂർ ആണ് ജയിച്ചത്. 2 തവണ അവിടെ നിന്നു ജയിച്ച മുൻ എംഎൽഎ അന്തർ സിങ് ദർബാറിനു സീറ്റു നിഷേധിച്ചാണ് തിരഞ്ഞെടുപ്പിനു മുൻപ് ബിജെപി വിട്ടു വന്ന രാം കിഷോർ ശുക്ലയ്ക്ക് കോൺഗ്രസ് സീറ്റു നൽകിയത്. ഇതോടെ അന്തർ സിങ് സ്വതന്ത്രനായി മത്സരിച്ചു. ഉഷ താക്കൂറിനോട് 35,000 വോട്ടുകൾക്കാണ് അന്തർ സിങ് തോറ്റത്. മൂന്നാമതായെത്തിയ രാം കിഷോർ ശുക്ലയ്ക്ക് മുപ്പതിനായിരത്തിൽ താഴെ വോട്ടു മാത്രമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിൽ ഉഷ താക്കൂറിനെ ജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ആർഎസ്എസ് നേതാവ് അഭിഷേക് ഉദൈനിയയുടെ നിർദേശ പ്രകാരമാണ് താൻ കോൺഗ്രസിൽ ചേർന്നതെന്നാണ് രാം കിഷോർ ശുക്ല വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്നും പറഞ്ഞിരുന്നു. ഉഷയുടെ ജനപ്രീതിയിൽ ബിജെപിക്കു സംശയമുണ്ടായിരുന്നതിലാണ് ഈ പദ്ധതി തയാറാക്കിയത്.
കോൺഗ്രസ് വോട്ടു ചിതറിക്കാനായി അന്തർ സിങ്ങിനെ സ്വതന്ത്രനാക്കി മത്സരിപ്പിച്ചതും ബിജെപി തന്ത്രമായിരുന്നുവെന്നും ശുക്ല പറയുന്നു. തിരഞ്ഞെടുപ്പിനു ശേഷം അന്തർ സിങ്ങും ബിജെപിയിൽ ചേർന്നിരുന്നു. ശുക്ലയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അന്തർ സിങ് പറഞ്ഞു. ‘ഇപ്പോൾ ഒരു പാർട്ടിയിലാണെങ്കിലും ശുക്ല കാണിച്ചത് നെറികേടാണ്. എന്നെ ബിജെപിയല്ല സ്വതന്ത്രനാക്കി മത്സരിപ്പിച്ചത്. സ്വന്തം താൽപര്യപ്രകാരമാണ് ഞാൻ മത്സരിച്ചത്’– അന്തർ സിങ് പറഞ്ഞു. ശുക്ല വായിൽ തോന്നിയതു പറയുകയാണെന്ന് ആർഎസ്എസ് പ്രതികരിച്ചു.