ഭരണവിരുദ്ധ വികാരം ഇല്ല; ബിജെപി സർക്കാർ വീണ്ടും വരും: മോദി
Mail This Article
ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിൽ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. യുഎസ് വാരികയായ ന്യൂസ് വീക്കിനു നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘സാധാരണ 2 വട്ടം അധികാരത്തിലെത്തിയാൽ ഏതു സർക്കാരിനോടും ജനങ്ങൾക്ക് അസംതൃപ്തി തോന്നാം. ലോകം മുഴുവൻ അതു കണ്ടു വരുന്നുണ്ട്. എന്നാൽ ബിജെപി സർക്കാർ വീണ്ടും വരണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്’– മോദി പറഞ്ഞു.
ജനപ്രിയ പദ്ധതികളും സർക്കാർ ആനുകൂല്യങ്ങൾ പക്ഷപാതമില്ലാതെ എല്ലാവർക്കും വിതരണം ചെയ്തതും സുതാര്യമായ ഭരണവും സർക്കാരിന്റെ നേട്ടങ്ങളാണെന്ന് മോദി പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ റെക്കോർഡിട്ടു. എല്ലാ മേഖലയിലും കഴിഞ്ഞ 10 വർഷം കൊണ്ടു വലിയ പുരോഗതിയുണ്ടായി. അടിസ്ഥാന സൗകര്യ വികസനം എക്കാലത്തെയും മികച്ചതായിരുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണം ന്യൂനപക്ഷങ്ങൾ പോലും വിശ്വസിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇന്ത്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ജനബന്ധമില്ലാത്ത ചിലരാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്.
രാമക്ഷേത്ര നിർമാണം ചരിത്ര സംഭവമായിരുന്നു. രാജ്യത്തിന്റെ ഏകതയുടെ പ്രതീകമാണ് രാമനെന്ന് പ്രാണപ്രതിഷ്ഠയ്ക്കു മുൻപ് വ്രതമെടുത്ത് രാജ്യത്തെ വിവിധ ശ്രീരാമക്ഷേത്രങ്ങളിൽ പോയപ്പോൾ മനസ്സിലായെന്നും മോദി പറഞ്ഞു. ചൈനയുമായുള്ള അതിർത്തിത്തർക്കം ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടാലേ മേഖലയ്ക്കു വികാസമുണ്ടാകൂവെന്നു പറഞ്ഞ മോദി, ചൈനയേക്കാൾ വിശ്വസിക്കാവുന്ന നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അവകാശപ്പെട്ടു.