ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഓരോ ദിവസവും വിലപ്പെട്ടതാണെന്നു സുപ്രീം കോടതി ഓർമിപ്പിച്ചു. ഡൽഹി എക്സൈസ് നയ അഴിമതിക്കേസിലെ പ്രതിയും മദ്യവ്യവസായിയുമായ അമൻദീപ് ധല്ലിന്റെ ജാമ്യാപേക്ഷ 41 തവണ ഹൈക്കോടതി മാറ്റിവച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ പരാമർശം.  

11 മാസത്തിനിടെ 40 തവണ അമൻദീപിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. 41–ാം തവണ എത്തിയപ്പോൾ വേനലവധിക്കു ശേഷമേ പരിഗണിക്കൂവെന്ന് വ്യക്തമാക്കിയതോടെ ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സ്ഥിരജാമ്യം തേടിയുള്ള ഒരാളുടെ ഹർജി 11 മാസത്തോളം മാറ്റിവയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യമെന്ന അയാളുടെ വിലപ്പെട്ട അവകാശം ഇല്ലാതാക്കുമെന്നു നിരീക്ഷിച്ച സുപ്രീം കോടതി ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവർ വേനലവധിക്കു പിരിയുന്നതിനു മുൻപ് ഹർജിയിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയോട് നിർദേശിച്ചു. ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപന സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയവുമായി ബന്ധപ്പെട്ടു കോഴ നൽകിയെന്നാണ് അമൻദീപ് അടക്കം വ്യവസായികൾക്കെതിരായ ആരോപണം. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാംഗം സഞ്ജയ് സിങ്, തെലങ്കാന മുൻമുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത എന്നിവരടക്കം ഒട്ടേറെ നേതാക്കൾ അറസ്റ്റിലായത് ഈ അഴിമതിക്കേസിലാണ്.

English Summary:

Every day is precious in personal liberty: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com