‘നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടി എന്ത്?’: പൊലീസിനോട് ഡൽഹി കോടതി
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു ഡൽഹി കോടതി ആരാഞ്ഞു. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സാകേത് മെട്രൊപ്പൊലിറ്റൻ മജിസ്ട്രേട്ട് കാർത്തിക് തപാരിയ ഡൽഹി പൊലീസിനു നിർദേശം നൽകി.
രാജസ്ഥാനിൽ ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഖുർബാൻ അലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പരാതി ലഭിച്ചിരുന്നോ, അതിൽ എന്തു നടപടി സ്വീകരിച്ചു, അന്വേഷണം നടത്തിയോ, അന്വേഷണത്തിൽ തെറ്റായി എന്തെങ്കിലും കണ്ടെത്തിയോ, കണ്ടെത്തിയെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തോ എന്നീ വിഷയങ്ങളിലാണു പൊലീസ് മറുപടി നൽകേണ്ടത്. വിഷയം ജൂൺ 5നു വീണ്ടും പരിഗണിക്കും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു വീതിച്ചുനൽകുമെന്നു രാജസ്ഥാനിലെ ബൻസ്‌വാഡയിൽ മോദി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തിൽ നടപടിയാവശ്യപ്പെട്ട് ഖുർബാൻ അലി നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ സാകേത് കോടതിയെ സമീപിച്ചു.