ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ഉന്നമിട്ട് ബംഗാൾ ഘടകം നടത്തുന്ന ഉൾപാർട്ടി പോര് നേരിടാൻ ഹൈക്കമാൻഡ‍് ഇടപെടുന്നു. ബംഗാൾ പിസിസി ആസ്ഥാനത്തിനു മുന്നിൽ സ്ഥാപിച്ച കോൺഗ്രസ് പോസ്റ്ററിലെ ഖർഗെയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശം നൽകി. ഖർഗെ തൃണമൂലിന്റെ ദല്ലാളാണെന്ന വാചകം പോസ്റ്ററിൽ എഴുതിച്ചേർത്തിരുന്നു. ഗുരുതരമായ അച്ചടക്കലംഘനമാണു നടന്നതെന്നും പാർട്ടി അതു വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന ഘടകത്തെ വേണുഗോപാൽ അറിയിച്ചു. 

പിസിസി പ്രസിഡന്റും സംസ്ഥാനത്തെ മുതിർന്ന നേതാവുമായ അധീർരഞ്ജൻ ചൗധരിയെ തള്ളി കഴിഞ്ഞ ദിവസം ഖർഗെ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് സ്ഥിതി വഷളായത്. തിരഞ്ഞെടുപ്പിനു ശേഷം തൃണമൂലുമായി ഇന്ത്യാസഖ്യം കൈകോർക്കാൻ സാധ്യതയില്ലെന്ന് അധീർ പറഞ്ഞതാണു ഖർഗെ നിരാകരിച്ചത്. ഇത്തരം കാര്യങ്ങളെക്കുറിച്ചു പറയാൻ അധീർ ആരുമല്ലെന്നും താനും ഹൈക്കമാൻഡും ചേർന്ന് തീരുമാനമെടുക്കുമെന്നുമായിരുന്നു ഖർഗെയുടെ പ്രതികരണം. തന്നെയും കോൺഗ്രസിനെയും ബംഗാളിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മമത ബാനർജിയുമായി ഒരുതരത്തിലും സഹകരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് അധീർ. തൃണമൂൽ ബിജെപിയുമായി കൂട്ടുചേർന്നേക്കാമെന്നും മമതയെ വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് അധീറിന്റെ വാദം. 

സംസ്ഥാന ഘടകത്തിന്റെ വികാരം മാനിച്ചാണ് തിരഞ്ഞെടുപ്പിനു മുൻപു തൃണമൂലുമായി സഖ്യം വേണ്ടെന്നു കോൺഗ്രസ് മുൻപു തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കിൽ കൈകോർക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. അതു തകിടം മറിച്ച് അധീർ പരാമർശം നടത്തിയതാണു ഖർഗെയെ ചൊടിപ്പിച്ചത്. അതേസമയം, സംസ്ഥാനത്തു പാർട്ടിയുടെ മുഖമായ അധീറിനെ പൂർണമായി കയ്യൊഴിയാതിരിക്കാനുള്ള ജാഗ്രതയും ഖർഗെ കാട്ടി. അധീർ കോൺഗ്രസിന്റെ കരുത്തുറ്റ പോരാളിയാണെന്നും ബംഗാളിൽ പാർട്ടിയുടെ നേതാവാണെന്നും ഖർഗെ ഇന്നലെ പറഞ്ഞു. 

English Summary:

Bengal Congress against Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com