ഹ്രസ്വകാല നിയമന പദ്ധതിയോടു യുവാക്കൾക്ക് രോഷം; ‘അഗ്നിപഥ്’ ആയുധമാക്കി കോൺഗ്രസ് പ്രചാരണം
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം നടക്കുന്ന യുപി, ബിഹാർ എന്നിവിടങ്ങളിൽ ‘അഗ്നിപഥ്’ പദ്ധതി കേന്ദ്രീകരിച്ചു പ്രചാരണം ഊർജിതമാക്കാൻ കോൺഗ്രസ് തീരുമാനം. തിരോധസേനകളിലേക്കുള്ള ഹ്രസ്വകാല നിയമന പദ്ധതിയോടു യുവാക്കൾക്കിടയിലുള്ള രോഷം പ്രചാരണായുധമാക്കുകയാണു ലക്ഷ്യം.
കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പം നിന്ന ഉത്തരേന്ത്യയിലെ യുവാക്കളുടെ വോട്ടിൽ ഒരു വിഹിതം പിടിക്കാനാണ് കോൺഗ്രസ് ഉന്നമിടുന്നത്. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്നു കോൺഗ്രസ് മുൻപു വാഗ്ദാനം ചെയ്തിരുന്നു. പ്രചാരണയോഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ചു പ്രഖ്യാപിക്കാനാണു പാർട്ടി തീരുമാനം.
രാഹുലിനെതിരായ മാനനഷ്ടക്കേസ്: വാദം 7ന്
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായുള്ള മാനനഷ്ടക്കേസിൽ യുപിയിലെ എംപി–എംഎൽഎ കോടതി ജൂൺ 7ന് വാദം കേൾക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയുള്ള പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാവായ വിജയ് മിശ്ര രാഹുലിനെതിരെ പരാതി നൽകിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ രാഹുൽ ഗാന്ധിക്ക് ഹാജരാകാൻ സമയം നീട്ടിനൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
രാഹുലും അഖിലേഷും ഇന്ന് ഒരുമിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് ഒരുമിച്ചു പ്രചാരണം നടത്തും. വൈകിട്ട് 4ന് ഗംഗാപുരിലാണു സമ്മേളനം.