ADVERTISEMENT

കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്താൻ കേരളത്തിലും ഏജന്റുമാരെ നിയോഗിച്ച ഹൈദരാബാദിലെ ‘സാന്റി സിൻഡിക്കറ്റിനെ’ ഒതുക്കാൻ തെലങ്കാന പൊലീസ് ചുമത്തിയത് 10 വർഷം വരെ കഠിനതടവും 60 ലക്ഷം രൂപവരെ പിഴയും ചുമത്താവുന്ന 11 കുറ്റങ്ങൾ. 2017ലാണു സാന്റി സിൻഡിക്കറ്റ് കേരളത്തിൽ നിന്ന് 22 അതിഥിത്തൊഴിലാളികളെ വിദേശത്തേക്കു കടത്തിയത്. ഇവരെ പിന്നീടാരും കണ്ടിട്ടില്ല. 

ഇപ്പോഴത്തെ അവയവക്കച്ചവട കേസിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്ത്, എടത്തല സ്വദേശി സജിത്ത് എന്നിവരുടെ മൊഴികളിൽ പറയുന്ന ഹൈദരാബാദിലെ ഡോക്ടർ, സിൻഡിക്കറ്റിന്റെ ഭാഗമാണെന്നു സൂചനയുണ്ട്. ഇതേ സംഘത്തിന്റെ ഭാഗമാണ് ഇപ്പോൾ ഇറാനിലുള്ള മലയാളി ഡോക്ടറും കൊച്ചി സ്വദേശിയായ മധുവും. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ഇറാൻ എംബസിയുടെ സഹായം തേടും.

സിൻഡിക്കറ്റിന്റെ മുഖ്യകണ്ണികളായ മൂന്നുപേർ തെലങ്കാന പൊലീസിന്റെ പിടിയിലായെങ്കിലും ഇവരുടെ ഏജന്റുമാരുടെ സാന്നിധ്യം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ട്. അറസ്റ്റിലായ സന്ദീപ്കുമാർ (റോഹൻ മാലിക്ക്–സാന്റി), കൂട്ടാളികളായ അമരീഷ് പ്രതാപ്, റിതിക ജയ്സ്വാൾ (റിങ്കി) എന്നിവർക്കെതിരെയാണു തെലങ്കാന പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. അവയവക്കച്ചവട റാക്കറ്റിനെതിരെ ഇന്ത്യയിൽ ചുമത്തിയ ഏറ്റവും ഗൗരവമുള്ള വകുപ്പുകളാണിത്. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് ആക്റ്റ്– 1994 (അവയവ കൈമാറ്റ നിയമം) പ്രകാരം പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളും ലഭിക്കാവുന്ന പരമാവധി ശിക്ഷയും ചുവടെ:

∙വകുപ്പ്–18: നിയമവിരുദ്ധമായി അവയവം നീക്കം ചെയ്യൽ– 10 വർഷം കഠിനതടവ്, 20 ലക്ഷം പിഴ.

∙വകുപ്പ്–19: അവയവക്കച്ചവടത്തിൽ പങ്കാളിയാകൽ– 10 വർഷം കഠിനതടവ്, 20 ലക്ഷം പിഴ.

∙വകുപ്പ്–20: ഇത്തരം നിയമലംഘനത്തിനു പ്രേരിപ്പിക്കൽ, പങ്കാളിയാകൽ– 5 വർഷം കഠിനതടവ്, 20 ലക്ഷം രൂപ പിഴ.

∙വകുപ്പ്–21: സംഘമായോ സംഘടനയായോ കുറ്റകൃത്യത്തിൽ പങ്കെടുക്കൽ– ചെയ്യുന്ന കുറ്റത്തിനുള്ള പരമാവധി ശിക്ഷ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ(ഐപിസി കുറ്റങ്ങൾ):

∙ഗൂഢാലോചന– ചെയ്യുന്ന കുറ്റത്തിനുള്ള പരമാവധി ശിക്ഷ.

∙വഞ്ചന– 1 വർഷം, പിഴ.

∙വഞ്ചന നടത്തി സ്വത്തും പണവും തട്ടൽ– 7 വർഷം പിഴ.

∙തട്ടിപ്പിനായി വ്യാജരേഖ നിർമിക്കൽ– 7 വർഷം

∙ശരിയായ രേഖയെന്ന നിലയ്ക്കു വ്യാജരേഖ അറിവോടെ ഉപയോഗിക്കൽ– 7 വർഷം

∙മനുഷ്യക്കടത്ത്– 7 മുതൽ 10 വർഷം വരെ കഠിനതടവ്, പിഴ.

∙ഭയപ്പെടുത്തി കാര്യം സാധിക്കാനായി ഭീഷണിപ്പെടുത്തൽ– 2 വർഷം തടവ്, പിഴ. 

English Summary:

Serious cases in Telangana against human trafficking for organ trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com