നവജാതശിശു മരണം: ഡോക്ടർമാരുടെ യോഗ്യത പരിശോധിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ തീപിടിത്തത്തിൽ നവജാതശിശുക്കൾ മരിച്ച കിഴക്കൻ ഡൽഹിയിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. അതിനാൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന ആശുപത്രിയുടമ ഡോ. നവീൻ കിച്ചിയുടെ ഭാര്യ ജാഗ്രിതിയെയും അടുത്ത ദിവസം ചോദ്യം ചെയ്യും. സംഭവ ദിവസം ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്ന ഡോ. നവീന്റെയും ഡോ. ആകാശിന്റെയും ജാഗ്രിതിയുടെയും ഫോൺ റെക്കോർഡുകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഡോ. നവീൻ കിച്ചിയൊഴികെ എംബിബിഎസ് ബിരുദമില്ലാത്ത ഡോക്ടർമാരാണ് ഇവിടെ ചികിത്സിച്ചിരുന്നത്. ദന്ത ഡോക്ടറായ ജാഗ്രിതിയാണ് അപകടം നടന്ന ആശുപത്രിയുടെ പ്രധാന ചുമതല വഹിച്ചിരുന്നത്. ഇവർക്കു പുറമേ, ആയുർവേദ ഡോക്ടർമാരാണ് കുട്ടികളെ ചികിത്സിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.