ബംഗാളിൽ മിന്നുന്ന വിജയം നേടും: മോദി
Mail This Article
ന്യൂഡൽഹി ∙ ബിജെപിയുടെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനം ബംഗാളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ബംഗാളിൽ നിലനിൽപിനായി പോരാടുകയാണെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിക്ക് ഏകപക്ഷീയമായ ജയം കിട്ടുമെന്നു തിരിച്ചറിഞ്ഞ ടിഎംസി അക്രമം അഴിച്ചുവിടുകയാണെന്നും മോദി കുറ്റപ്പെടുത്തി.
പ്രീണന രാഷ്ട്രീയത്തിനും വോട്ട് ജിഹാദിനും വേണ്ടി ഒബിസി യുവാക്കളുടെ സംവരണം പിടിച്ചുപറിക്കുകയാണ് ഇന്ത്യാമുന്നണിയും ടിഎംസിയും ചെയ്യുന്നത്. അനിഷ്ടകരമായ വിധികളുണ്ടായാൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെയും മമത ബാനർജി ഗൂണ്ടകളെ അഴിച്ചുവിടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാൾ സർക്കാരിന്റെ സംവരണം സംബന്ധിച്ച ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടി പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഒബിസി യുവാക്കളുടെ സംവരണമില്ലാതാക്കാൻ ബംഗാൾ സർക്കാർ ശ്രമിച്ചു. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാലും അതുപോലെ സംഭവിക്കുമെന്നും മോദി പറഞ്ഞു.
∙ ‘സത്യസന്ധ ജീവിതം നയിക്കാനാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. ബിജെപി അതു രാഷ്ട്രീയം കളിക്കാനാണ് ഉപയോഗിക്കുന്നത്. മോദി ദൈവമാണെന്നു പറഞ്ഞതുകൊണ്ടൊന്നും ജനം ബിജെപിക്ക് വോട്ടുചെയ്യില്ല.’ – പ്രിയങ്ക ഗാന്ധി, ഉന, ഹിമാചൽപ്രദേശ്
∙ ‘ബിജെപി സഖ്യം 200 സീറ്റു കടക്കില്ല. സർക്കാരുണ്ടാക്കുകയുമില്ല. ജൂൺ 4നു ശേഷം എന്റെ ജോലി തെറിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. അദ്ദേഹത്തെക്കുറിച്ചോർത്താണ് എനിക്ക് വേവലാതി. എനിക്ക് രാഷ്ട്രീയം തൊഴിലല്ല.’ – മല്ലികാർജുൻ ഖർഗെ, ചണ്ഡിഗഡ്
∙ ‘നവീൻ പട്നായിക് ജൂൺ 4ന് മുൻ മുഖ്യമന്ത്രിയായി മാറും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടും. ഒഡിയ ഭാഷ നന്നായി സംസാരിക്കുന്നയാളായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു ബിജെപി ഉറപ്പുവരുത്തും.’ – അമിത് ഷാ, ഭദ്രക്, ഒഡീഷ