‘പാഠപുസ്തകം വായിച്ചെങ്കിൽ പറയില്ലായിരുന്നു’: മോദിയെ വിമർശിച്ച് ഖർഗെ, ബിജെപിക്ക് മൗനം
Mail This Article
ന്യൂഡൽഹി ∙ ഗാന്ധിജിയെക്കുറിച്ചു നടത്തിയ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ആയുധമാക്കി. തിരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ചു പ്രതികരിക്കാനെന്നു പറഞ്ഞ് ഇന്നലെ അടിയന്തരമായി വിളിച്ച വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇങ്ങനെ പറഞ്ഞു: ‘സ്കൂൾ പാഠപുസ്തകമെങ്കിലും വായിച്ചിരുന്നെങ്കിൽ മോദി അങ്ങനെ പറയില്ലായിരുന്നു’.
മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും ആൽബർട്ട് ഐൻസ്റ്റൈനും ജീവിതത്തിൽ ഗാന്ധിജിയുടെ സ്വാധീനത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുള്ളവരാണെന്നു തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ സംവാദങ്ങളുടെ അന്തസ്സു താഴ്ത്തിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന കടുത്ത വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും രംഗത്തെത്തി.
ഇതേസമയം, വിവാദത്തിൽ ബിജെപി തന്ത്രപൂർവം മൗനം പാലിച്ചു. പതിവിനു വിപരീതമായി മോദി പറഞ്ഞതിനെ ന്യായീകരിച്ചു പോലും ബിജെപി നേതാക്കൾ രംഗത്തു വന്നില്ല. പ്രസ്താവന അപകീർത്തികരമെന്നും പൗരനെന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി എൽ.കെ.ബർമൻ എന്നയാൾ മോദിക്കെതിരെ അസമിലെ ഹാത്തിഗാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
1982–ൽ റിച്ചഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ ഇറങ്ങുംവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നുവെന്നാണ് ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞത്.