ഒഡീഷ മുഖ്യമന്ത്രിയെ ഇന്നറിയാം: ബിജെപി യോഗം ഇന്ന്; സത്യപ്രതിജ്ഞ നാളെ വൈകിട്ട് 4.45ന്
Mail This Article
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി ബിജെപി നിയമസഭാകക്ഷി യോഗം ഇന്നു ചേരും. പുതിയ സർക്കാർ നാളെ വൈകിട്ട് 4.45ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബാബുനായിഡുവിന്റെ സത്യപ്രതിജ്ഞയും നാളെയാണ്. കേസരപള്ളി ഐടി പാർക്കിൽ രാവിലെ 11നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മോദി ഭുവനേശ്വറിലെത്തുക.
-
Also Read
പ്രേം സിങ് തമാങ് സിക്കിം മുഖ്യമന്ത്രി
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ചർച്ചയ്ക്കു നിയോഗിച്ചിരിക്കുന്നത് രാജ്നാഥ് സിങ്ങിനെയും ഭൂപേന്ദർ യാദവിനെയുമാണ്. 24 വർഷമായി അധികാരത്തിലുള്ള ബിജു ജനതാ ദളി(ബിജെഡി)നെ നിലംപരിശാക്കിയ ബിജെപി 147 അംഗ സഭയിൽ 78 സീറ്റ് നേടിയാണു ഭരണം പിടിച്ചത്. 21 ലോക്സഭാസീറ്റുകളിൽ ഇരുപതും സ്വന്തമാക്കി. ബ്രജരാജ്നഗറിൽനിന്നു വിജയിച്ച സുരേഷ് പൂജാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ, കെ.വി.സിങ്, മോഹൻ മാച്ഛി എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്.
സോഫിയ ഫിർദൗസ്: ഒഡീഷയിലെ ആദ്യ മുസ്‌ലിം വനിതാ എംഎൽഎ
ഭുവനേശ്വർ ∙ രാഷ്ട്രീയത്തിനായി ജനിച്ചവൾ എന്നാണ് സോഫിയ ഫിർദൗസ് സ്വയം വിശേഷിപ്പിക്കുന്നത്. ജനപ്രിയ കോൺഗ്രസ് നേതാവായ പിതാവ് മുഹമ്മദ് മോഖിം സിറ്റിങ് എംഎൽഎയായുള്ള ബാരാബതി– കട്ടക്ക് സീറ്റിൽ ജയിച്ച് ഒഡീഷയിലെ ആദ്യത്തെ മുസ്‌ലിം വനിതാ എംഎൽഎ എന്ന നേട്ടവും സോഫിയ സ്വന്തമാക്കി.
ഐഐഎം ബാംഗ്ലൂരിൽ പഠിച്ച് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ നടത്തിപ്പുമായി തിരക്കിലായിരുന്ന സോഫിയ ഫിർദൗസ് 32–ാം വയസ്സിലാണു രാഷ്ട്രീയത്തിലിറങ്ങുന്നത്. വായ്പാ അഴിമതിയുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിൽപ്പെട്ടതോടെ മോഖിമിന് വീണ്ടും മത്സരിക്കാൻ തടസ്സമുണ്ടായി. പിതാവിനു പകരമാണ് സോഫിയ സ്ഥാനാർഥിയായത്.