ADVERTISEMENT

ജമ്മു ∙ കഠ്​വ ജില്ലയിലെ അതിർത്തി ഗ്രാമമായ സയ്ദ സുഖലിൽ സുരക്ഷാ സേന 2 ഭീകരരെ വധിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ 15 മണിക്കൂർ നീണ്ട തിരച്ചിലിനിടയിൽ സിആർപിഎഫ് ഭടൻ മധ്യപ്രദേശ് സ്വദേശി കബീർ ദാസ് വീരമൃത്യു വരിച്ചു. ഗ്രാമവാസികൾ വിവരം നൽകിയതിനെ തുടർന്ന് അതിവേഗം പ്രവർത്തിച്ച സുരക്ഷാസേന വലിയൊരു ഭീകരാക്രമണമാണ് ഒഴിവാക്കിയത്. 

തിരച്ചിലിനെത്തിയ സുരക്ഷാസേനയ്ക്കു നേരെ ഗ്രനേഡ് ആക്രമണവും ഉണ്ടായി. കൊല്ലപ്പെട്ട ഭീകരർ പാക്ക് സ്വദേശികളാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. ഡിഐജി സുനിൽ ഗുപ്ത, എസ്പി അനായത് അലി ചൗധരി എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പുണ്ടായെങ്കിലും ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇതിനിടെ, ദോഡ ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 6 സുരക്ഷാ ഭടന്മാർക്കു പരുക്കേറ്റു. രജൗറി ജില്ലയിലെ കലാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടർന്ന് തിരച്ചൽ ആരംഭിച്ചു. 

ഞായറാഴ്ച ജമ്മുവിലെ റിയാസി ജില്ലയിൽ പൗണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ആക്രമിച്ച് ഭീകരർ 10 പേരെ കൊലപ്പെടുത്തിയിരുന്നു. 3 ദിവസത്തിനുള്ളിൽ 3 സംഭവങ്ങൾ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഭീകരരെപ്പറ്റി വിവരം കൈമാറണമെന്ന് ജമ്മു, അഖ്നുർ മേഖലകളിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകി. വിവരം നൽകാനുള്ള ഫോൺ നമ്പറുകളും പുറത്തുവിട്ടു. 

‘ഒഴിവായത് വലിയ ദുരന്തം’

കഠ്​വ ജില്ലയിലെ സയ്ദ സുഖലിൽ ഭീകരരെപ്പറ്റി വിവരം നൽകിയത് നാട്ടുകാരനായ സുരീന്ദർ ആയിരുന്നു. സുരീന്ദർ സംഭവം വിവരിക്കുന്നത് ഇങ്ങനെ: 

രാത്രി ഏഴരയ്ക്കു ശേഷം ബൈക്കിൽ വരുമ്പോൾ ഒരു കുട്ടി 2 ആയുധധാരികളെ കണ്ടതായി എന്നോടു പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച് എകെ 47 തോക്കുകളുമായി 2 പേരെ ഞാനും കണ്ടു. അവർ എന്നെ അടുത്തേക്കു വിളിച്ചു. എന്നാൽ, സംശയം തോന്നിയതു കാരണം ഞാൻ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി. 15–20 പേരെങ്കിലും അവിടെ ഉണ്ടായിരുന്നു. കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ എല്ലാവരും വീടുകളിലേക്കു പോയി. ഭയന്ന് നിലവിളികൾ ഉയർന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലായപ്പോൾ ഭീകരർ വെടിവയ്ക്കാൻ തുടങ്ങി. ഓംകാർ നാഥിന്റെ തോളിൽ വെടിയേറ്റു. സ്ഫോടനവുമുണ്ടായി. ഇതിനിടെ ഞാൻ അറിയിച്ചതിനു പിന്നാലെ പൊലീസ് എത്തി.

English Summary:

Terrorist attack at two places in Jammu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com