ആരാധകനെ കൊന്ന കേസ്: ദർശനൊപ്പം അഭിനയിച്ച നടനും പിടിയിൽ
Mail This Article
ബെംഗളൂരു ∙നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സഹനടൻ ഉൾപ്പെടെ 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നടൻ പ്രദോശ്, കേസിലെ രണ്ടാം പ്രതിയായ നടൻ ദർശന്റെ അടുത്ത അനുയായി നാഗരാജ് എന്നിവരാണു പിടിയിലായത്. നടന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന നാഗരാജ് കൊലപാതകം പുറത്തുവന്നതോടെ ഒളിവിൽ പോയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ദർശൻ നായകനായ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രദോശ് അഭിനയിച്ചിട്ടുണ്ട്.
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബെംഗളൂരു കാമാക്ഷിപാളയയിലെ മലിനജല കനാലിൽ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിനു കാരണമായത്. ഇതിനിടെ, രേണുകസ്വാമിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെയും കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുന്നതിന്റെയും നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
പ്രതിഷേധം ശക്തമായതോടെ ദർശനെയും മറ്റു പ്രതികളെയും കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്ന െബംഗളൂരുവിലെ അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷൻ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദർശന് അനുകൂലമായി ഫാൻസ് അസോസിയേഷൻ പ്രവർത്തകരും കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും രംഗത്തുവന്നിരുന്നു.