മിന്നൽ പ്രളയം: നദിയിൽ ടാങ്ക് കുടുങ്ങി; 5 സൈനികർക്ക് വീരമൃത്യു
Mail This Article
ന്യൂഡൽഹി ∙ ലഡാക്കിൽ ചൈനീസ് അതിർത്തിയോടു ചേർന്നു നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈനിക ടാങ്ക് കുടുങ്ങി 5 സൈനികർക്കു വീരമൃത്യു. ഇന്നലെ പുലർച്ചെ ഒന്നിനു ദൗലത് ബേഗ് ഓൾഡിയിലെ സസർ ബ്രാങ്സയ്ക്കു സമീപം ഷ്യോക്ക് നദിയിലുണ്ടായ അപകടത്തിൽ കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർ എം.ആർ.കെ.റെഡ്ഡി, ജവാൻമാരായ സുഭാൻ ഖാൻ, ഭൂപേന്ദ്ര നേഗി, എകെയ്ദാങ് തെയ്ബം, സദർബോനിയ നാഗരാജു എന്നിവരാണു മരിച്ചത്. സമുദ്രനിരപ്പിൽനിന്ന് 16,500 അടി ഉയരത്തിലുള്ള പ്രദേശമാണിത്.
സൈനിക പരിശീലനത്തിനു ശേഷം ടി72 ടാങ്കിൽ നദി കടക്കവേയാണു സൈനികർ അപകടത്തിൽപ്പെട്ടത്. ടാങ്കിനുള്ളിൽ 3 പേർക്കാണ് ഇരിക്കാൻ സാധിക്കുക. ഏതാനും പേർ ടാങ്കിനു മുകളിൽ ഇരുന്നുവെന്നാണു സൂചന. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ നദിയിൽ അതിവേഗം ജലനിരപ്പുയർന്നുവെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. നദിയുടെ അടിത്തട്ടിൽ കുടുങ്ങിയ ടാങ്കിനെ മൂടി ജലമുയർന്നു.
രക്ഷാപ്രവർത്തനത്തിനായി മറ്റു സൈനികർ കുതിച്ചെത്തിയെങ്കിലും കുത്തിയൊലിച്ചൊഴുകുന്ന നദിയിലേക്ക് ഇറങ്ങാനായില്ല. മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. ധീരസൈനികരുടെ വീരോചിത സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് അനുശോചന സന്ദേശത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
2012–13 കാലത്തു ചൈനീസ് സൈന്യം നടത്തിയ നീക്കങ്ങൾക്കെതിരെയാണ് കിഴക്കൻ ലഡാക്കിൽ ടാങ്കുകൾ ആദ്യമായി എത്തിച്ചത്. ഒരു ദശകത്തോളമായി ടാങ്ക് വ്യൂഹങ്ങൾ നിലയുറപ്പിച്ചിരിക്കയാണെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ അപകടം.
ടാങ്ക് അപകടം ഇങ്ങനെ
∙ ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്ന പ്രദേശത്തിനു സമീപമുള്ള ഷ്യോക്ക് നദി ടി72 ടാങ്കിൽ കടക്കുന്നതിന്റെ പരിശീലനത്തിൽ സൈനികർ. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും (ജെസിഒ) 4 ജവാൻമാരും. ടാങ്കിനുള്ളിൽ മൂന്നു പേരും പുറത്ത് രണ്ടു പേരും.
∙ നദി കടന്ന് അപ്പുറം ചെന്ന ശേഷം തിരികെ വരുമ്പോൾ മിന്നൽ പ്രളയത്തെത്തുടർന്ന് നദി പെട്ടെന്ന് കരകവിയുന്നു. അതിശക്തമായ പ്രളയപ്രവാഹത്തിൽപെട്ട് ടാങ്ക് ഒഴുകിപ്പോകുന്നു.
∙ മറ്റു സൈനികർ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും കുത്തിയൊഴുകുന്ന നദിയിലേക്ക് ഇറങ്ങാനായില്ല.