കേജ്രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; കേസിന്റെ രേഖകൾ പ്രതിയ്ക്കു കൈമാറാനാവില്ലെന്നു കോടതി
![Arvind Kejriwal | (Photo: Josekutty Panackal / Manorama) അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/27/arvind-kejriwal.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണു റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി എതിർത്തു. കേസിലെ എല്ലാ തെളിവുകളും കേസ് ഡയറിയും ഹാജരാക്കാൻ സിബിഐയോടു നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കേസിന്റെ രേഖകൾ പ്രതിക്കു കൈമാറാനാവില്ലെന്നു ജഡ്ജി പറഞ്ഞു. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നും കുറ്റാരോപിതനു ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ 26ന് ആണു കേജ്‌രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്.