പാം ഓയിൽ വില കുതിക്കുന്നു; ഏലത്തെ പിടിച്ചുകെട്ടി ഇടപാടുകാർ: ഇന്നത്തെ (12/2/25) അന്തിമ വില

Mail This Article
ആഗോള ഭക്ഷ്യയെണ്ണ വിപണികൾ കൂടുതൽ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. രാജ്യാന്തര മാർക്കറ്റിൽ പാം ഓയിൽ, ക്രൂഡ് പാം ഓയിൽ വിലകളിൽ ശ്രദ്ധേയമായ ഉണർവ്. അവധി വ്യാപാരത്തിൽ നിക്ഷേപകർ ഉത്സാഹം കാണിക്കുന്നത് എണ്ണ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കും. മലേഷ്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും നിരക്ക് ഉയർന്നു. അവിടെ പാം ഓയിൽ സ്റ്റോക്ക് 20 മാസത്തെ താഴ്‌ന്ന നിലവാരത്തിലാണ്. ഇതിനിടെ ഉൽപാദനം 16 ശതമാനം കുറഞ്ഞത് അന്താരാഷ്‌ട്ര തലത്തിൽ പാം ഓയിൽ വില ഉയർത്തി. ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 14 വർഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ നീങ്ങുന്നതിനാൽ വ്യവസായികളിൽനിന്നുള്ള ഓർഡറുകളെ ഉറ്റുനോക്കുകയാണ് മലേഷ്യൻ കയറ്റുമതിക്കാർ. പാം ഓയിൽ ഭീഷണി മങ്ങിയതിനിടയിൽ കൊപ്ര ഉൽപാദനം കുറഞ്ഞത് വിപണിയുടെ അടിത്തറ ശക്തമാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 22,500 രൂപയിലും കൊപ്ര 15,100 രൂപയിലുമാണ്.
ലേലത്തിന് ഇറങ്ങുന്ന ഏലക്കയുടെ അളവ് തുടർച്ചയായ രണ്ടാം ദിവസവും ചുരുങ്ങിയെങ്കിലും വാങ്ങലുകാരിൽ കാര്യമായ ഭാവവ്യത്യാസം ഒന്നും ദൃശ്യമായില്ല. ഈസ്റ്റർ, റംസാൻ ആഘോഷങ്ങൾ മുന്നിലുള്ളതിനാൽ തിരക്കിട്ടുള്ള വാങ്ങലിന് ഉത്തരേന്ത്യൻ ഇടപാടുകാരും കയറ്റുമതി സമൂഹവും ഉത്സാഹിക്കുന്നുണ്ട്. എന്നാൽ കാർഷിക മേഖലയുടെ വിലയിരുത്തലുകൾ തെറ്റിച്ച് ശരാശരി ഇനങ്ങൾക്ക് ഇന്ന് വീണ്ടും മൂവായിരം രൂപയുടെ നിർണായക താങ്ങ് നഷ്‌ടപ്പെട്ട് 2999 രൂപയിലാണ് ലേലം ഉറപ്പിച്ചത്. ഏതാണ്ട് ഒരു മാസമായി ഈ റേഞ്ചിൽ ഏലത്തെ പിടിച്ചുകെട്ടിയുള്ള വാങ്ങലുകളാണ് നടക്കുന്നത്. മികച്ചയിനങ്ങൾ 3124 രൂപയിൽ കൈമാറി. മൊത്തം 14,186 കിലോ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ 12,319 കിലോയും വാങ്ങലുകാർ ശേഖരിച്ചു.

റബർ വിലയിൽ കാര്യമായ മാറ്റമില്ല, വിൽപ്പനക്കാരുടെ അഭാവം മൂലം തിടുക്കത്തിൽ ഷീറ്റും ലാറ്റക്‌സും ശേഖരിക്കാൻ ഉത്തരേന്ത്യൻ വ്യവസായികളും ഇന്ന് താൽപര്യം കാണിച്ചില്ല. റബർ ഉൽപാദകരംഗത്തെ മ്ലാനത തുടരുന്നതിനാൽ മധ്യവർത്തികളും കരുതലോടെയാണ് വിപണിയെ വീക്ഷിക്കുന്നത്. നാലാം ഗ്രേഡ് 189 രൂപയിൽ വിപണനം നടന്നു.
കുരുമുളക് വില വീണ്ടും ഉയർന്നു. ആഭ്യന്തര വാങ്ങലുകാർ ചരക്ക് സംഭരിക്കാൻ മത്സരിച്ച് വിപണിയിൽ ഇറങ്ങിയതോടെ ഉൽപന്ന വില ക്വിന്റലിന് 200 രൂപ വർധിച്ച് അൺ ഗാർബിൾഡ് 65,800 രൂപയായി.