വ്യാജ പനീര്‍ പിടിച്ചു; ഉണ്ടാക്കുന്നത് പാമോയിലും അസറ്റിക് ആസിഡും ഉപയോഗിച്ച്

Mail This Article
എണ്ണയും മുളകുപൊടിയും തേനും നെയ്യുമെന്ന് വേണ്ട, ലോകത്തുള്ള സകലമാന ഭക്ഷണസാധനങ്ങളുടെയും വ്യാജന്മാര്‍ വിപണി വാഴുന്ന കാലമാണ്. മാരകരോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നതും, തൂക്കം കൂട്ടുന്നതും വ്യാപകമാണ്. പാം ഓയിൽ, ഇൻഡസ്ട്രിയൽ ഗ്രേഡ് അസറ്റിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച പനീര്‍ ഈയിടെ അഹമ്മദാബാദില്‍ അധികൃതര്‍ പിടിച്ചെടുത്തു.

അഹമ്മദാബാദിലെ ദ്വാരകേഷ് ഡയറി പ്രോഡക്‌ട്‌സിൽ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിസിഎ) നടത്തിയ റെയ്ഡില്‍, മായം ചേര്‍ത്ത 1,500 കിലോ പനീറും അതിന്‍റെ ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും കണ്ടെടുത്തു. ഗാന്ധിനഗറിൽ നിന്നുള്ള എഫ്‌ഡിസിഎയുടെ പ്രത്യേക സ്ക്വാഡ് 2025 ഫെബ്രുവരി 4 നായിരുന്നു ഇവിടെ റെയ്ഡ് നടത്തിയത്. ഓപ്പറേഷനിൽ, പാം ഓയിൽ, ഇൻഡസ്ട്രിയൽ ഗ്രേഡ് അസറ്റിക് ആസിഡ് എന്നിവയുൾപ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ വസ്തുക്കള്‍ പിടിച്ചു. മായം ചേർക്കലിന്‍റെ വ്യാപ്തിയും അതിന്റെ ആരോഗ്യപരമായ അപകടസാധ്യതകളും നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഭക്ഷണത്തിൽ മായം ചേർക്കൽ അല്ലെങ്കിൽ ഭക്ഷ്യവസ്തുക്കളുടെ വ്യാജ നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ ബിസിനസുകൾക്കോ എതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറഞ്ഞു.
2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഗുജറാത്തിലെ അധികാരികൾ 4,316 ഭക്ഷ്യ സാമ്പിളുകൾ പരിശോധിച്ചു, അതിൽ 360 എണ്ണം (ഏകദേശം 8.3 ശതമാനം) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. 2024 ഏപ്രിലിൽ, മുളകുപൊടി, മഞ്ഞൾ, മല്ലിപ്പൊടി, അച്ചാർ മസാല എന്നിവയുൾപ്പെടെ 60,000 കിലോയിലധികം മായം ചേർത്ത സുഗന്ധവ്യഞ്ജനങ്ങൾ എഫ്‌ഡിസിഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 2024 ഒക്ടോബറിൽ നടത്തിയ 15 ദിവസത്തെ പരിശോധനയിൽ, ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ഗുജറാത്തിലുടനീളം 233 ടൺ മായം ചേർത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 824, 978, 910 സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി സംസ്ഥാനം റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഈ ശ്രമങ്ങൾക്കിടയിലും, കുറ്റവാളികൾക്കെതിരായ നിയമനടപടികളുടെ നിരക്ക് പരിമിതമാണ്.
പ്യുവർ എർത്ത് നടത്തിയ ഒരു സർവേയില്‍, ഗുജറാത്തിലെ ഭക്ഷ്യവസ്തുക്കളിൽ ലെഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ ഉയര്‍ത്തിക്കാട്ടിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കായി ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളമുള്ള റെസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, ക്ലൗഡ് കിച്ചണുകൾ തുടങ്ങി വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു വരികയാണ്.
പനീര്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
ഒരു ലിറ്റര്‍ പാലില്‍നിന്ന് ഏകദേശം 200 ഗ്രാം വീതം പനീര്‍ നിർമിക്കാം. ഏകദേശം 24% കൊഴുപ്പും, 18 ശതമാനത്തോളം മാംസ്യവും അടങ്ങിയ പനീര്‍ പോഷകങ്ങളുടെ കലവറയാണ്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ഒരു ലിറ്റര്‍ പാല്‍ ഉപയോഗിച്ച് പനീര്‍ നിർമിക്കാൻ ഒരു ശതമാനം വീര്യമുള്ള 2.5 ഗ്രാം സിട്രിക് ആസിഡ് മിശ്രിതം വേണം. ഇതിനായി 2.5 ഗ്രാം സിട്രിക് ആസിഡ് പൗഡർ 250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു ശതമാനം വീര്യമുള്ള ലായനി തയാറാക്കാം.
പാല്‍ തിളയ്ക്കുന്നതിന് തൊട്ട് മുന്‍പ് വരെ ചൂടാക്കുക. ശേഷം 15 മിനിറ്റ് നേരം തീ കുറച്ച് ഇളക്കി ആ ചൂട് നിലനിര്‍ത്തണം. തുടര്‍ന്ന് പത്ത് മിനിറ്റ് തണുപ്പിക്കാന്‍ വയ്ക്കുക. തണുത്ത പാലിലേക്ക് ഇളംചൂടുള്ള സിട്രിക് ആസിഡ് അല്‍പാല്‍പ്പമായി പകർന്ന് പാല്‍ സാവകാശം ഇളക്കണം. ഇതോടെ പാൽ പിരിയാൻ ആരംഭിക്കും. പിരിയല്‍ പൂർണമാകുമ്പോള്‍ ഇളം പച്ച നിറമുള്ള വേ (Whey) എന്ന ദ്രാവകം വേര്‍പിരിഞ്ഞു വരും, അമിനോ ആസിഡുകളുടെ കലവറയാണ് ഇത്.
പാല്‍ പിരിഞ്ഞാല്‍ വൃത്തിയുള്ള ഒരു മസ്ലിന്‍ തുണി/തോർത്ത് ഉപയോഗിച്ച് അരിച്ചെടുക്കണം. വെള്ളം പൂർണമായും വാര്‍ന്നതിനു ശേഷം തുണിയോട് കൂടി തണുത്ത വെള്ളത്തില്‍ മുക്കിയെടുത്ത് സിട്രിക് ആസിഡ് കളയുക. ഇങ്ങനെ കിട്ടുന്ന ഖരപദാർഥമാണ് ഛന്ന എന്നറിയപ്പെടുന്നത്. ഛന്നയെ തുണിയോടു കൂടെ രണ്ടു പലകകള്‍ക്കിടയില്‍ പരത്തിവയ്ക്കാം. ഒരു ലിറ്ററിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ ഇതിന് മുകളില്‍ അരമണിക്കൂര്‍ ഭാരം വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഛന്നയില്‍ ബാക്കിയായ വേയുടെ ഒഴുക്ക് വേഗത്തിലാവും. ഇങ്ങനെ അരമണിക്കൂര്‍ കഴിയുന്നതോടെ പനീര്‍ തയാറാവും. ഈ പനീര്‍ തുണിയോടൊപ്പം തന്നെ തണുത്തവെള്ളത്തില്‍ 2-3 മണിക്കൂര്‍ മുക്കിവയ്ക്കുക.
വൃത്തിയായി പാക്ക് ചെയ്ത പനീര്‍ ഏകദേശം രണ്ടാഴ്ചവരെ റഫ്രിജറേറ്ററില്‍ കേടാകാതെ സൂക്ഷിക്കാന്‍ കഴിയും. ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ (പാര്‍ച്ചമെന്‍റ് പേപ്പര്‍) 2-3 ദിവസം അന്തരീക്ഷ ഊഷ്മാവില്‍ തന്നെ പനീര്‍ സൂക്ഷിക്കാം.