ഗ്രൗണ്ടിൽ വിയർത്ത് പോരാടി ഇംഗ്ലണ്ട് ബാറ്റർമാർ, ഡഗ്ഔട്ടിൽ ജോഫ്ര ആര്‍ച്ചറുടെ സുഖനിദ്ര- വിഡിയോ

Mail This Article
അഹമ്മദാബാദ്∙ ഇന്ത്യ– ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരുന്ന് ഉറങ്ങി ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചർ. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയ ലക്ഷ്യത്തിലെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ ഗ്രൗണ്ടിൽ കഷ്ടപ്പെടുമ്പോഴായിരുന്നു, ഇതൊന്നും ശ്രദ്ധിക്കാതെ ഡഗ്ഔട്ടിൽ ഇരുന്ന് ആര്‍ച്ചർ ഉറക്കം തൂങ്ങിയത്. താരം ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിലും പതിഞ്ഞു. ദൃശ്യങ്ങൾ വൈറലായതോടെ ഇംഗ്ലണ്ട് താരങ്ങളുടെ സമീപനത്തിനെതിരെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിൻ പീറ്റേഴ്സൻ, മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി എന്നിവർ രംഗത്തെത്തി.
‘‘അൽപനേരത്തെ ഉറക്കത്തിനു പറ്റിയ സമയമാണിത്. ഇംഗ്ലണ്ട് ഈ പരമ്പരയെ അങ്ങനെയാണു കാണുന്നത്.’’– ആർച്ചറുടെ ഉറക്കം ശ്രദ്ധയില്‍പെട്ട ശാസ്ത്രി കമന്ററി ബോക്സിൽ ഇരുന്ന് പരിഹസിച്ചു. ‘‘ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയ ശേഷം നെറ്റ്സിൽ ഒരു തവണ മാത്രമാണ് പരിശീലിച്ചതെന്നാണു ഞാൻ അറിഞ്ഞത്. കഠിനാധ്വാനം ചെയ്യാതെ നിങ്ങൾക്കു പുരോഗതിയുണ്ടാകാൻ പോകുന്നില്ല.’’– രവി ശാസ്ത്രി പ്രതികരിച്ചു.
ജേക്കബ് ബെതലിനു പകരക്കാരനായി ഇംഗ്ലണ്ട് ടീമിലെത്തിയ ടോം ബാന്റൻ മൂന്നാം ഏകദിനത്തിന്റെ തലേദിവസം ഗോൾഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് കെവിൻ പീറ്റേഴ്സനും ആരോപിച്ചു. ‘‘ദുബായിൽനിന്ന് അഹമ്മദാബാദിലേക്ക് രണ്ടു മണിക്കൂര്‍ വിമാന യാത്ര വേണ്ടിവരും. ടോം ബാന്റൻ ഇന്നലെ മുഴുവൻ ഗോൾഫ് കോഴ്സിലായിരുന്നു. അദ്ദേഹം ബാറ്റു ചെയ്തില്ല. ഈ ടീമിൽ എവിടെയാണു പ്രശ്നം?. 60ന് ഒരു വിക്കറ്റും 80ന് രണ്ടു വിക്കറ്റും നഷ്ടപ്പെട്ടതാണ്. പിന്നീട് എന്താണു സംഭവിച്ചത്? ഇവരിൽ ആർക്കും സ്പിൻ കളിക്കാൻ അറിയില്ല. അതു പരിഹരിക്കാൻ നിങ്ങൾ ശ്രമിച്ചോ?’’– കെവിൻ പീറ്റേഴ്സൻ ചോദിച്ചു.
മത്സരത്തിൽ 142 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 356 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 34.2 ഓവറിൽ 214 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ജോഫ്ര ആര്‍ച്ചർ ഇംഗ്ലണ്ടിനായി കളിച്ചത്. രണ്ടും മൂന്നും മത്സരങ്ങളിൽ താരം പ്ലേയിങ് ഇലവനിൽ ഇല്ലായിരുന്നു.