വിരാട് കോലിയല്ല, 11 കോടി നൽകി നിലനിർത്തിയ യുവതാരത്തെ ക്യാപ്റ്റനാക്കി ആർസിബി– വിഡിയോ

Mail This Article
ബെംഗളൂരു∙ 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ യുവതാരം രജത് പാട്ടീദാർ നയിക്കും. സൂപ്പർ താരം വിരാട് കോലി അടുത്ത സീസണിലും ആർസിബി ക്യാപ്റ്റനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് രജത് പാട്ടീദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്‍മാരെയെല്ലാം ഉൾപ്പെടുത്തി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് പുതിയ ക്യാപ്റ്റനെ ടീം മാനേജ്മെന്റ് വെളിപ്പെടുത്തിയത്.
മെഗാലേലത്തിനു മുൻപ് 11 കോടി രൂപ നൽകിയാണ് ആർസിബി പാട്ടീദാറിനെ നിലനിർത്തിയത്. 2022 ൽ ലുവ്നിത് സിസോദിയയുടെ പകരക്കാരനായാണ് രജത് പാട്ടീദാർ ആദ്യമായി ആർബിസിയിലെത്തുന്നത്. 20 ലക്ഷം രൂപയായിരുന്നു അന്ന് താരത്തിനു ലഭിച്ചത്. 2022 ഐപിഎല്ലിൽ 333 റൺസുമായി റൺവേട്ടയിൽ ആർസിബി താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ പാട്ടീദാറിനു സാധിച്ചു. എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ താരം സെഞ്ചറി നേടിയിരുന്നു.
2023 സീസൺ പരുക്കു കാരണം നഷ്ടമായി. കഴിഞ്ഞ സീസണിൽ 50 ലക്ഷം രൂപയ്ക്കാണ് പാട്ടീദാർ ആര്‍സിബിയിൽ കളിച്ചത്. 15 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ സെഞ്ചറികളടക്കം 395 റൺസാണ് പാട്ടീദാർ 2024 ൽ അടിച്ചുകൂട്ടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച 31 വയസ്സുകാരൻ ഇന്ത്യൻ ജഴ്സിയിൽ ട്വന്റി20യിൽ അരങ്ങേറിയിട്ടില്ല. ടെസ്റ്റിൽ മൂന്നു മത്സരങ്ങളും ഏകദിനത്തിൽ ഒരു മത്സരവും ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലേസിയായിരുന്നു ആർസിബിയുടെ ക്യാപ്റ്റൻ.