കേരളം ചൂടിന്റെ തലസ്ഥാനമാകും; തെക്കൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുന്നു

Mail This Article
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂൽ ( 37.8 °C ). തൊട്ടുപിറകെ കണ്ണൂർ എയർപോർട്ട് ( 37.7°C). അതേസമയം പാലക്കാട് മുണ്ടൂർ ഐആർടിസിയിൽ 38.2°C രേഖപ്പെടുത്തി. ഇടുക്കി, വയനാട്, ആലപ്പുഴ, ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ശരാശരി ഉയർന്ന താപനില 35 °C മുകളിലാണ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കേരളം ചൂടിന്റെ തലസ്ഥാനം
കേരളം ചൂടിന്റെ തലസ്ഥാനമാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്. കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ക്രമാതീതമായ വർധനവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത് – 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിനിടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെക്കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്. സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ ശരാശരി താപനിലയിലെ വർധന ക്രമവും രേഖപ്പെടുത്തിയ വർഷങ്ങളും
2021 (0.29°C)
2022 (0.30°C)
1987 (0.38°C)
2015 (0.42°C)
2017 (0.56°C)
2020 (0.67°C)
2019 (0.75°C)
2023 (0.76°C)
2016 (0.77°C)
2024 (0.99 °C)
സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുഃനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുഃനക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.

ജില്ലാ ലേബർ ഓഫിസർ, ഡെപ്യൂട്ടി ലേബർ ഓഫിസർ, അസി ലേബർ ഓഫിസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.