കൊടുംചതി: അച്ഛൻ എഴുതിയ വിൽപത്രം മറച്ചുവച്ച് അനുജൻ സ്വത്ത് തട്ടിയെടുത്തു: തിരികെ പിടിക്കാൻ വഴിയുണ്ടോ?

Mail This Article
എന്റെ പിതാവിന്റെ പേരിൽ 2.65 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. അത് മുഴുവനായും അനുജന് വേണമെന്ന് പറഞ്ഞ് വീട്ടിൽ എന്നും വഴക്കായിരുന്നു. പിതാവ് 2008 ൽ മരിച്ചു. തുടർന്ന് അനുജന് 10 സെന്റ് സ്ഥലവും വീടും വേണമെന്ന് പറഞ്ഞതുപ്രകാരം ഞങ്ങൾ സഹോദരങ്ങൾ നാലുപേരുംകൂടി രജിസ്റ്റർ ഓഫിസിൽ പോയി ഒപ്പിട്ടുകൊടുത്തു. പ്രമാണം ഞങ്ങളെ വായിച്ചുകേൾപ്പിക്കാതെ കബളിപ്പിച്ച് 2.65 ഏക്കർ സ്ഥലവും അനുജന്റെ പേരിലാക്കി കരംകെട്ടി. 2022 ൽ ഞാൻ വീടുമാറുന്ന സമയത്ത് പഴയ പെട്ടിയിൽനിന്ന് 2 വിൽപത്രത്തിന്റെ കോപ്പികിട്ടി. ഒന്നിൽ അനുജന് വീടും 1.65 ഏക്കർ സ്ഥലവും മറ്റൊന്നിൽ എനിക്ക് ഒരേക്കർ സ്ഥലവും പിതാവ് എഴുതി രജിസ്റ്റർ ചെയ്തുവച്ചിരുന്നു. വിൽപത്രം നിലവിലുള്ളപ്പോൾ വേറെ ഭാഗ ഉടമ്പടി ഉണ്ടാക്കാൻ സാധിക്കുമോ?
വിൽപത്രം പ്രവൃത്തിപഥത്തിൽ വരുന്നത് വിൽപത്ര കർത്താവ് മരിക്കുമ്പോഴാണ്. വിൽപത്ര പ്രകാരമുള്ള പോക്കുവരവ് നടപടികൾ ചെയ്യാനുള്ള അപേക്ഷ, മരണ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ഓഫിസർക്ക് സമർപ്പിക്കണം. അത്തരമൊരു നടപടി യഥാസമയം ഉണ്ടായിട്ടില്ലെന്നാണ് കത്തിൽനിന്ന് മനസ്സിലാകുന്നത്. അതിനാൽത്തന്നെ താങ്കളുടെ പിതാവ് തയാറാക്കിയ വിൽപത്രം പ്രവൃത്തിപഥത്തിലെത്താത്ത ഒരു രേഖയായി മാത്രമേ കണക്കാക്കാൻ കഴിയൂ.
ഈ സാഹചര്യത്തിൽ നിയമപരമായ അവകാശികൾ തന്നെ (അതിൽ താങ്കളും ഉണ്ടായിരുന്നു) സ്വമേധയാ ഒപ്പിട്ട് രജിസ്റ്റർ ചെയ്ത ഒരു ഭാഗപത്രത്തിന്റെ പോക്കുവരവിനായി ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അത് സ്വീകരിച്ച് പോക്കുവരവ് ചെയ്തുകൊടുക്കാൻ വില്ലേജ് ഓഫിസർ ബാധ്യസ്ഥനാണ്. അത്തരമൊരു ഭാഗപത്രത്തിന് രജിസ്‌ട്രേഷൻ നിരസിക്കാൻ സബ് രജിസ്ട്രാർക്കും കഴിയില്ല.
രജിസ്‌ട്രേഷൻ സമയത്ത് ഭാഗപത്രം വായിച്ചുനോക്കി മനസ്സിലാക്കിയോ എന്ന് കക്ഷി വിചാരണ നടത്തിയശേഷവും സാക്ഷികൾ ഒപ്പുവച്ചതിനുശേഷവും മാത്രമേ നടപടികൾ പൂർത്തിയാകുന്നുള്ളൂ. ഇങ്ങനെ രജിസ്റ്റർ ചെയ്ത ഒരു ഭാഗപത്രം, വിൽപത്ര കർത്താവായ പിതാവ് മരിച്ച് 16 വർഷത്തിനുശേഷം സിവിൽ കോടതി മുൻപാകെ ചോദ്യംചെയ്ത് തെളിവ് ഹാജരാക്കി അസാധുവായി പ്രഖ്യാപിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഇളയ സഹോദരൻ വിൽപത്രം ഉള്ള കാര്യം മറച്ചുവച്ചുകൊണ്ട് താങ്കളെ തെറ്റിധരിപ്പിച്ച് ഭാഗപത്രത്തിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നാണ് താങ്കൾ ആരോപിക്കുന്നത്. ഇത് ശരിയെങ്കിൽ അതൊരു ക്രിമിനൽ കുറ്റമാണ്. അതു സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും കോടതി അതിൽ തീർപ്പ് കൽപിക്കുകയുമാണ് ചെയ്യേണ്ടത്.
***
വിവരങ്ങൾക്ക് കടപ്പാട്
ഡി.ബി ബിനു
പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ
തർക്കപരിഹാര കമ്മീഷൻ, എറണാകുളം