ADVERTISEMENT

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ജീവൻ ആദ്യമായി ഉദ്ഭവിച്ചതു ജലത്തിലാണ്. ഭൂമിയിൽ 75 ശതമാനത്തോളം ജലമായതിനാൽ തന്നെ, ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ ഭൂമിക്കു നീല നിറമായിരിക്കും.  ജലഗ്രഹം, നീലഗ്രഹം എന്നൊക്കെ ഭൂമിയെ വിശേഷിപ്പിക്കാറുണ്ടല്ലോ. ഇത്രയൊക്കെ ജലം ഉണ്ടെങ്കിലും കോടാനുകോടി ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടി ഉപയോഗിക്കാനുള്ള ശുദ്ധജലം ഭൂമിയിൽ വളരെ കുറച്ചേയുള്ളൂ. 

എത്രമാത്രമുണ്ടെന്ന് അറിയാമോ?
വിവിധ ജലസ്രോതസുകളായ സമുദ്രങ്ങൾ, പുഴകൾ, കായലുകൾ, അരുവികൾ, നീരുറവകൾ തുടങ്ങിയവയിലെ ജലമെല്ലാം ശേഖരിച്ച് 100 ഗ്ലാസിലായി പകർത്തി എന്നിരിക്കട്ടെ. ഒരു ഗ്ലാസിലെ ജലത്തിന്റെ പകുതിയോളം പോലും കാണില്ല ശുദ്ധജലം. കൃത്യമായി പറഞ്ഞാൽ 0.33% മാത്രമാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ്! ജലപരിവൃത്തി ജലത്തിന്റെ 3 പ്രധാന അവസ്ഥകളാണല്ലോ മഞ്ഞ് (ice), ദ്രാവകം, നീരാവി എന്നിവ... ഈ അവസ്ഥകൾക്ക് തുടർച്ചയായി രൂപഭേദം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ജലപരിവൃത്തി എന്നറിയപ്പെടുന്നത്  ജലസ്രോതസ്സുകളെ ഉപരിതല ജലസ്രോതസ്സുകൾ എന്നും ഭൂഗർഭ ജലസ്രോതസ്സുകൾ എന്നും രണ്ടായി തിരിക്കാം. സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവ ഒന്നാമത്തെ വിഭാഗത്തിനും  കിണർ, കുളം, കുഴൽകിണർ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിനും ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

ചില ‘ജല’പദങ്ങൾ
സുഷിരിതാവസ്ഥ (Porosity): മണ്ണിൽ ഒട്ടേറെ സൂക്ഷ്മസുഷിരങ്ങളുണ്ട്. സുഷിരങ്ങളുള്ള ഈ അവസ്ഥയാണ് സുഷിരിതാവസ്ഥ എന്നറിയപ്പെടുന്നത് ഉദാഹരണം: കളിമണ്ണ്

പ്രവേശനീയത (Permeability): ചിലയിനം ശിലകൾക്ക് സുഷിരിതാവസ്ഥ കൂടുതലായി ഉണ്ടായിരിക്കും. ഈ സുഷിരങ്ങൾ പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നതെങ്കിൽ, ശിലകൾക്ക് ജലസംഭരണ ശേഷികൂടുതലായി ഉണ്ടായിരിക്കും. ഈ പ്രത്യേക ഗുണവിശേഷത്തെ പ്രവേശനീയത എന്നാണു വിളിക്കുന്നത്. പ്രകൃതി ഏർപ്പെടുത്തിയ ജലസംഭരണ മാർഗമാണിത്. മഴയുള്ള സമയങ്ങളിൽ ഊർന്നിറങ്ങുന്ന ജലമാണ് ഇങ്ങനെ സംഭരിക്കപ്പെട്ട് വേനലിൽ നമുക്ക് അനുഗ്രഹമാകുന്നത്. കോൺക്രീറ്റ് ചെയ്തും മറ്റും ജലം മണ്ണിലേക്കിറങ്ങാനുള്ള മാർഗം തടയുന്നതാണ് നാം നേരിടുന്ന വേനൽക്കാല ജലക്ഷാമത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം.

ജലപീഠം (water table):  ഭൂമിക്കടിയിൽ ജലസമൃദ്ധമായ ഭാഗമുണ്ട്. ഇതിന്റെ മുകൾ പരപ്പാണ് ജലപീഠം എന്നറിയപ്പെടുന്നത്.

ഭൂഗർഭജലം (Underground water): ഭൂമിക്കടിയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഭൂഗർഭജലം അഥവാ underground water.

തണ്ണീർത്തടങ്ങൾ (wetlands) : തണ്ണീർത്തടങ്ങളിലാണ് ഉപരിതലജലം ശേഖരിക്കപ്പെടുന്നത്. അതായത് വയലുകൾ, കുളങ്ങൾ, ചതുപ്പുകൾ ഇവയെല്ലാം തണ്ണീർത്തടങ്ങളാണ്. ഇവിടെ സംഭരിക്കപ്പെടുന്ന ജലം ഭൂഗർഭജലത്തിന്റെ ഭാഗമായി മാറുന്നു. തണ്ണീർത്തടങ്ങളില്ലെങ്കിൽ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകും. കിണറുകളിലെ ജലനിരപ്പ് താഴ്ന്നുപോകുന്നതും ചെറുമഴയിൽപ്പോലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്നതുമെല്ലാം ഇവയിൽ ചിലതാണ്. 

LISTEN ON

വിവിധയിനം കിണറുകൾ
ഭൂമിക്കടിയിലേക്ക് യന്ത്രസാമഗ്രികളുടെ സഹായത്തോടെ പാറ തുരന്നു സ്ഥാപിക്കുന്ന കിണറുകളാണ് കുഴൽക്കിണറുകൾ. ജലപീഠം വളരെ താഴെയാണെങ്കിലാണ് കുഴൽക്കിണറുകൾ നിർമിക്കേണ്ടി വരുന്നത്.

അരിപ്പ കിണറുകൾ
ആഴം കുറഞ്ഞ കിണറുകളാവ. മണൽ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ നിർമിക്കുന്നത്.

ആർട്ടീഷ്യൻ കിണറുകൾ
പ്രവേശനീയത എന്തെന്ന് മനസ്സിലായല്ലോ? പ്രവേശനീയത ഒട്ടും ഇല്ലാത്ത, രണ്ട് ശിലാപാളികളുടെ ഇടയിലുള്ള താരതമ്യേന പ്രവേശനീയത കൂടുതലായുള്ള ശിലാപാളിയിലേക്കു കുഴിച്ചാൽ സമ്മർദത്താൽ അതിലൂടെ ജലം മുകളിലേക്ക് എത്തുന്നു. ഈ തത്വം ഉപയോഗിച്ചു നിർമിക്കുന്ന കിണറുകളാണ് ആർട്ടീഷ്യൻ കിണറുകൾ.

നീരുറവയും ഗീസറും
ഭൂമിയിലെ ചിലയിടങ്ങളിൽ ജലപീഠം ഭൗമോപരിതലത്തെ സ്പർശിക്കും. ഇത്തരം സ്ഥലങ്ങളിൽ, ജലം ഭൂമിക്കുള്ളിൽ നിന്നു പുറത്തേക്ക് ഒഴുകുന്നു. ഇതാണ് നീരുറവ അഥവാ spring. മറ്റു ചില സ്ഥലങ്ങളിലാകട്ടെ ഈ ജലത്തിന് ചൂടും ഉണ്ടാകും ഇവ ചൂടുനീരുറവുകൾ അഥവാ hotsprings എന്ന് അറിയപ്പെടുന്നു. നിശ്ചിത ഇടവേളകളിൽ ഭൂമിക്കുള്ളിൽ നിന്നും ചൂട് ജലവും നീരാവിയും അതിശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം ചുരുക്കം ചിലയിടങ്ങളിൽ കാണാം. ഇവയെ ഗീസറുകൾ എന്ന് വിളിക്കുന്നു. ഉദാഹരണം: അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷനൽ പാർക്കിലെ ഓൾഡ് ഫെയ്ത്‌ഫുൾ ഗീസർ.

44 നദികൾ ഉണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ട് ജലക്ഷാമം 
∙കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതി. 70% ജലവും കടലിലേക്ക് ഒഴുകുന്നു 

∙വനങ്ങൾ, തണ്ണീർ–ത്തടങ്ങൾ, കാവുകൾ തുടങ്ങിയവ സംരക്ഷിക്കാത്ത അവസ്ഥ

∙മഴവെള്ള സംഭരണത്തിന്റെ അഭാവം

∙ജലാശയങ്ങളിൽ വാഹനങ്ങൾ കഴുകുന്നതും മൃഗങ്ങളെ കുളിപ്പിക്കുന്നതും

∙മാലിന്യം തള്ളൽ 

∙പുഴയിൽ വസ്ത്രം കഴുകുന്നത്

ജലത്തിന്റെ പുനഃചംക്രമണം 
ഒരു ആവശ്യത്തിനായി ഉപയോഗിച്ച ജലം മറ്റുചില ആവശ്യങ്ങൾക്കും കൂടി പ്രയോജനപ്പെടുത്തുന്ന ശാസ്ത്രീയ രീതിയാണിത് . ഉദാഹരണം: പാത്രങ്ങൾ കഴുകിയ ജലം ചെടികൾ നനയ്ക്കുവാനായി ഉപയോഗിക്കുന്നത്.

ഉപരിതല നീരൊഴുക്ക് സംഭരണ മാർഗങ്ങൾ
∙തണ്ണീർത്തട സംരക്ഷണം
∙വന സംരക്ഷണം
∙മരങ്ങൾ വച്ചുപിടിപ്പിക്കൽ
∙നിലകളിലായുള്ള കൃഷി
∙പുതയിടൽ
∙കയ്യാല നിർമാണം
∙മഴക്കുഴി നിർമാണം

English Summary:

From Rivers to Reservoirs: Explore the Amazing Water Cycle and Our Water Crisis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com