കോംഗോ കട്ടുമുടിച്ച രാജാവ്; ലോകത്തെ ഏറ്റവും വലിയ ചൂഷണങ്ങളിലൊന്നിന്റെ കഥ

Mail This Article
പ്രകൃതി വിഭങ്ങളും ധാതുസമ്പത്തും ലക്ഷ്യമിട്ടു കോംഗോയിൽ ബൽജിയം രാജാവ് ലിയോപോൾഡ് രണ്ടാമൻ 3 പതിറ്റാണ്ട് നടത്തിയ കൊടിയ ചൂഷണത്തിനൊടുവിൽ കോംഗോയിലെ ജനസംഖ്യയുടെ പകുതിയോളം കുറഞ്ഞു
ഓരോ ഫെബ്രുവരി 5–ാം തീയതിയും ലോകത്തിലെ ഏറ്റവും വലിയ കൊളോണിയൽ ചൂഷണങ്ങളിലൊന്നിന്റെ ഓർമപ്പെടുത്തലാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബൽജിയം രാജാവ് ലിയോപോൾഡ് രണ്ടാമൻ നടത്തിയ ഈ കൊടിയ ചൂഷണം ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതകളിലൊന്നാണ്.
1865 ൽ ആണ് ലിയോപോൾഡ് ബൽജിയം രാജാവായത്. പാർലമെന്റ് ഉണ്ടായിരുന്നെങ്കിലും രാജാവിനു വ്യക്തമായ സ്വാധീനമുള്ള ഭരണരീതിയാണ് അന്ന്. മറ്റു പല യൂറോപ്യൻ രാഷ്ട്രങ്ങൾക്കും ഉള്ളതുപോലെ ഒരു കോളനി രാഷ്ട്രം ബൽജിയത്തിനും ഉണ്ടാകണമെന്നു ലിയോപോൾഡ് ആഗ്രഹിച്ചു. മധ്യ ആഫ്രിക്കയിൽ പ്രകൃതിവിഭവങ്ങൾ, ധാതുനിക്ഷേപങ്ങൾ, വനങ്ങൾ എന്നിവയാൽ സമ്പന്നമായ കോംഗോയെ അദ്ദേഹം നോട്ടമിട്ടു.
ഭരണത്തിന് വളഞ്ഞവഴി
സൈനിക നടപടിയിലൂടെ കോംഗോ പിടിച്ചടക്കാനാകില്ലെന്നു രാജവിന് അറിയാമായിരുന്നു. അതിനാൽ പുതിയൊരടവ് പ്രയോഗിച്ചു. 1876 ൽ ബൽജിയത്തിലെ ബ്രസൽസിൽ നടത്തിയ രാജ്യാന്തര ഉച്ചകോടിയിൽ, കോംഗോയെ വികസിപ്പിക്കാനും അവിടെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനും താൽപര്യമുണ്ടെന്നു ലിയോപോൾഡ് അറിയിച്ചു. തന്റെ വാക്ചാതുരിയാൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മതം അദ്ദേഹം നേടി. പദ്ധതികൾ നടപ്പാക്കാനായി ഹെൻറി മോർട്ടൺ സ്റ്റാൻലി എന്ന പര്യവേക്ഷകനെ ചുമതലപ്പെടുത്തി. ഹെൻറി കോംഗോയിലെങ്ങും സഞ്ചരിച്ചു ഗോത്രത്തലവൻമാരുടെ ഒപ്പുകൾ വാങ്ങി. അവർക്കാർക്കും അതെന്തിനാണെന്നുപോലും അറിയില്ലായിരുന്നു. 1885 ഫെബ്രുവരി 5നു രാജ്യത്തെ കോംഗോ ഫ്രീ സ്റ്റേറ്റ് എന്നു നാമകരണം ചെയ്തു. ചൂഷണത്തിന്റെ അധ്യായങ്ങൾ അവിടെത്തുടങ്ങി.

ക്രൂരതയുടെ ഫോഴ്സ് പബ്ലിക്
കോംഗോയിൽ ലിയോപോൾഡ് സ്വന്തം ഭരണസംവിധാനം ഒരുക്കി. തുറമുഖ നഗരമായ ബോമയിൽ ഒരു ഗവർണറെയും ഫോഴ്സ് പബ്ലിക് എന്ന ഗുണ്ടാപട്ടാളത്തെ കോംഗോയിലുടനീളവും നിയമിച്ചു.19,000 അംഗങ്ങളുള്ള ഈ കുപ്രസിദ്ധ സൈന്യത്തിന്റെ അധികാരികൾ ബൽജിയംകാരും അംഗങ്ങൾ നാട്ടുകാരുമായിരുന്നു. ആനക്കൊമ്പു വേട്ടയായിരുന്നു ആദ്യം. ആനകളെ കൂട്ടക്കൊല നടത്തി കൊമ്പുകൾ ശേഖരിച്ചു. ബോമയിൽനിന്നു കപ്പലുകളിൽ ഇവ യൂറോപ്പിലെത്തിച്ചു.
ആയിടയ്ക്കു ലോകത്ത് റബറിന്റെ ആവശ്യം കൂടി. കോംഗോയിലെ ലാൻഡോൾഫിയ വള്ളിച്ചെടികളിൽനിന്നു റബർ ശേഖരിക്കാമായിരുന്നു. ഇതോടെ ലിയോപോൾഡിന്റെ ശ്രദ്ധ അങ്ങോട്ടേക്കു തിരിഞ്ഞു. പിന്നീടു നടന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രവൃത്തികളാണ്. ഫോഴ്സ് പബ്ലിക് ഗ്രാമങ്ങളിലേക്കു ചെന്നു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി. ഇവരെ മോചിപ്പിക്കണമെങ്കിൽ ആ വീടുകളിലെ പുരുഷൻമാർ കാട്ടിൽ പോയി നിർദിഷ്ട അളവിൽ റബർ കൊണ്ടുവരണമെന്നു വ്യവസ്ഥ വച്ചു. ഇതിനിടെ റബർ വില കുതിച്ചുയർന്നതോടെ കൊണ്ടുവരേണ്ട റബറിന്റെ അളവ് പലമടങ്ങ് കൂട്ടി. വലിയ രീതിയിൽ കറയെടുക്കുന്നതു മൂലം ലാൻഡോൾഫിയ ചെടികൾ കരിഞ്ഞു. പുതിയ ചെടികൾ തേടി ആഴ്ചകളോളം നാട്ടുകാർക്കു നടക്കേണ്ടി വന്നു. തടവിലിരുന്ന പല സ്ത്രീകളെയും പെൺകുട്ടികളെയും ഫോഴ്സ് പബ്ലിക് േസനാംഗങ്ങൾ പീഡിപ്പിച്ചു. പലരും പട്ടിണിമൂലം മരിച്ചു.
പ്രക്ഷോഭങ്ങൾ, പതനം
റബർ തേടി പോയവരിൽ പലരും രോഗവും അമിത ജോലിയും കാരണവും മരിച്ചു. എല്ലാവരെയും റബർ ശേഖരിക്കാൻ വിട്ടതോടെ കൃഷിയും മീൻപിടിത്തവും മുടങ്ങി നാട് പട്ടിണിയിലായി.
ചൂഷണം അസഹനീയമായതോടെ കോംഗോയിൽ പ്രക്ഷോഭങ്ങൾ തുടങ്ങി. പ്രക്ഷോഭകാരികളെ വെടിവച്ചു കൊല്ലാൻ രാജാവ് ഉത്തരവിട്ടു. വെടിയേറ്റു വീണവരുടെ കൈകൾ വെട്ടിയെടുത്തു കമാൻഡർമാർക്കു മുൻപിൽ ഹാജരാക്കണമായിരുന്നു. കമാൻഡർമാരുടെ താവളത്തിൽ ബാസ്കറ്റ് നിറയെ മനുഷ്യക്കൈകളുമായി ഫോഴ്സ് പബ്ലിക് സേനാംഗങ്ങൾ എത്തിത്തുടങ്ങി.
കോംഗോയിൽ 2 കോടിയുണ്ടായിരുന്ന ജനസംഖ്യ കിരാതഭരണം കാരണം ഒരു കോടിയായി.രാജ്യാന്തര തലത്തിൽ ബൽജിയത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു. ലിയോപോൾഡിന്റെ സ്വകാര്യസ്വത്ത് എന്ന നിലയിൽ നിന്നു ബൽജിയം പാർലമെന്റിന്റെ നിയന്ത്രണത്തിലേക്കു കോംഗോയെ മാറ്റാൻ തീരുമാനിച്ചു.1908 ൽ കോംഗോ ഫ്രീ സ്റ്റേറ്റ്, ബൽജിയൻ കോംഗോയായി മാറി. ലിയോപോൾഡിനു വലിയ തുക നഷ്ടപരിഹാരവും കിട്ടി. തൊട്ടടുത്തവർഷം അദ്ദേഹം അന്തരിച്ചു. 1960 ൽ കോംഗോ സ്വാതന്ത്ര്യം നേടി.