വെറും അക്കൗണ്ടന്റായി തുടങ്ങി, ആഗോള ബിസിനസുകാരനായി: മുരള്യയുടെ സാരഥി മാറിയതിങ്ങനെ!

Mail This Article
മണലാരണ്യത്തിലേക്ക് ഭാഗ്യം തേടിപ്പോയ അസംഖ്യം പേരുടെ കഥകളിലൊന്ന് തന്നെയാണ് കെ. മുരളീധരന്റേയും. എന്നാല്‍ ഗള്‍ഫില്‍ ഒരു അക്കൗണ്ടന്റായി മാത്രം ജോലി തുടങ്ങി രാജ്യാന്തരതലത്തിൽ വളർന്ന ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹത്തിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്.
1976ല്‍ അക്കൗണ്ടന്റായി ജോലി തുടങ്ങിയ മുരളീധരന്റെ ബിസിനസ് സാമ്രാജ്യം ഇന്ന് മലയാളിയുടെ സുപരിചിത ക്ഷീര ബ്രാന്‍ഡായ മുരള്യ ഡയറിയില്‍ എത്തി നില്‍ക്കുന്നു. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌സി ഗ്രൂപ്പെന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഇന്ന് കെ.മുരളീധരന്‍.
"ഞാന്‍ 50 വര്‍ഷമായി ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. സഹോദരനാണ് വിസ തന്ന് എന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. ഒരു ക്ലര്‍ക്കില്‍ നിന്നാണ് കരിയര്‍ തുടങ്ങിയത്. ആ കമ്പനിയില്‍ 12 വര്‍ഷം ജോലി ചെയ്ത്, മാനേജിങ് പാര്‍ട്ണറായി മാറി. എന്റെ കഠിനാധ്വാനവും സത്യസന്ധതയുമാണ് അത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്"-മുരള്യ ഡയറി പ്രൊഡക്ട്സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ മുരളീധരന്‍ പറയുന്നു.
മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിപഠിക്കാനുള്ള താല്‍പ്പര്യം പണ്ടേ ഉണ്ടായിരുന്നു. കമ്പനിയിലെ ബോസ് ചെയ്യുന്നതെല്ലാം നോക്കിപ്പഠിച്ചു. 12 വര്‍ഷം കഴിഞ്ഞ് ജോലി രാജിവച്ചു. എന്നാല്‍ ബോസിന് ഞാന്‍ പിരിയുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. മാനേജിങ് പാര്‍ട്ണറാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍, ഈ മേഖലയിലല്ലാതെ വേറെ എന്തെങ്കിലും തുടങ്ങാന്‍ പറഞ്ഞു-സംരംഭകനായ വഴി അദ്ദേഹം പറയുന്നു.
കോഫി ഷോപ്പാണ് ആദ്യം തുടങ്ങിയത്. സതേണ്‍ ഫ്രൈഡ് ചിക്കന്‍ അഥവാ എസ്എഫ്‌സി എന്ന സുപരിചിത ബ്രാന്‍ഡായി അത് മാറി. അതിന് ശേഷം ഇന്ത്യന്‍ ഫുഡിനായി ഇന്ത്യ പാലസ് എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങി. അത് വളരെ ജനകീയമായി. 50ഓളം റസ്റ്ററന്റുകള്‍ ഇന്ത്യ പാലസിന് യുഎഇയിലുണ്ട്.
എന്ത് ബിസിനസ് തുടങ്ങണം
പുതുതായി ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മുരളീധരന് നല്‍കാനുള്ള ഉപദേശം ഇതാണ്. 'അറിയാവുന്ന ബിസിനസ് തുടങ്ങുക. അതെവിടെയും വിജയിക്കും. മറ്റുള്ളവരുടെ ഐഡിയ കണ്ട് ബിസിനസ് തുടങ്ങിയാല്‍ വിജയിച്ചേക്കില്ല. അറിയാവുന്ന ബിസിനസ് എവിടെ തുടങ്ങിയാലും വിജയിക്കും. കേരളത്തില്‍ എനിക്കറിയാവുന്ന ബിസിനസാണ് ഞാന്‍ തുടങ്ങിയത്. ആദ്യം റസ്റ്ററന്റ് തുടങ്ങി അത് വിജയിച്ചില്ല. പിന്നെ കേരളത്തില്‍ മികച്ച പശുവിന്‍പാലിന്റെ ലഭ്യതക്കുറവുണ്ടെന്ന് മനസിലാക്കി. അങ്ങനെയാണ് മുരള്യ പാലിലൂടെ ക്ഷീര ബിസിനസ് തുടങ്ങിയത്.
500 ഏക്കര്‍ സ്ഥലം തമിഴ്‌നാട്ടില്‍ വാങ്ങിയാണ് മുരള്യയ്ക്ക് അദ്ദേഹം തുടക്കമിട്ടത്. 4000 പശുക്കളുടെ ഡയറി ഫാം സജ്ജീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. അടുത്തുള്ള ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും പശുവിന്‍ പാല്‍ സംഭരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ പ്രൊസസിങ് പ്ലാന്റുമുണ്ട് മുരള്യക്ക്.
പാല്‍, പാലധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ആവശ്യം കൂടിയതോടെ, വളര്‍ച്ചയെ പുതിയ തലത്തിലെത്തിക്കാന്‍ അങ്കമാലിയില്‍ കെഎസ്‌ഐഡിസിയുടെ ബിസിനസ് പാര്‍ക്കില്‍ പ്രോസസിങ് പ്ലാന്റ് നിര്‍മിക്കാനുള്ള മുരള്യയുടെ പദ്ധതി പുരോഗമിക്കുകയാണ്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല. ഐഎസ്ഒ 9001, ഐഎസ്ഒ 22000 തുടങ്ങിയ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടരുന്ന സ്ഥാപനമാണ് മുരള്യ ഡയറി.
ഒരു തടസവുമില്ലാതെ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 100 കോടി രൂപ മുതല്‍മുടക്കിലാകും പുതിയ പ്രോസസിങ് പ്ലാന്റ് തുടങ്ങുക.