നീറ്റ് ചോദ്യച്ചോർച്ച: ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി/പട്ന ∙ നീറ്റ് ചോദ്യക്കടലാസ് ചോർത്തൽ കേസിൽ മാധ്യമപ്രവർത്തനായ ജലാലുദ്ദീനെ സിബിഐ അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിന്റെ ലേഖകനാണു ജലാലുദ്ദീൻ. ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ.അഖ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംത്യാസ് ആലം എന്നിവരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു സഹായം ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു ജലാലുദ്ദീൻ പിടിയിലായത്.
ഒയാസിസ് സ്കൂളിലെ പരീക്ഷാകേന്ദ്രത്തിൽ നിന്നാണു ചോദ്യക്കടലാസ് ചോർന്നതെന്നാണു സിബിഐയുടെ നിഗമനം. ചോദ്യപ്പേപ്പർ അടങ്ങിയ പെട്ടിയുടെ ഡിജിറ്റൽ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നു. ഒയാസിസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇംത്യാസ് ആലത്തിനു പരീക്ഷാ കേന്ദ്രം കോ ഓർഡിനേറ്ററുടെയും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിരീക്ഷകന്റെയും ചുമതലകളുമുണ്ടായിരുന്നു. ഹസാരിബാഗ് ജില്ലയിൽ 5 പേരെ കൂടി സിബിഐ ചോദ്യം ചെയ്തുവരുന്നു.
അതേസമയം, നീറ്റ് പരീക്ഷയുടെ ഉത്തരക്കടലാസിൽ തിരിമറി കാട്ടിയതിനു ഗുജറാത്തിലെ ഗോധ്‌രയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ 7 സ്ഥലത്തു സിബിഐ സംഘം പരിശോധന നടത്തി. ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്‌ര എന്നീ ജില്ലകളിലെ കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്.
7 വർഷത്തിനുള്ളിൽ 1100 കേസ്
ന്യൂഡൽഹി ∙ പ്രവർത്തനമാരംഭിച്ച് 7 വർഷത്തിനുള്ളിൽ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നേരിടേണ്ടി വന്നത് 1100 കേസുകൾ. സുപ്രീം കോടതിയിലും 22 ഹൈക്കോടതികളിലുമായുണ്ടായിരുന്ന കേസുകളിൽ 870 എണ്ണം തീർപ്പാക്കി. ഈ വർഷം 6 മാസത്തിനുള്ളിൽ വിവിധ കോടതികളിലെത്തിയതു 139 കേസുകൾ. ഇക്കുറി നീറ്റ്–യുജി വിഷയത്തിൽ മാത്രം ഇരുപതോളം ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
എൻടിഎ രൂപീകരിച്ച 2017 ൽ കേസുകളൊന്നുമില്ലായിരുന്നെങ്കിൽ പരീക്ഷകൾ നടത്തിത്തുടങ്ങിയ 2018 ൽ 6 കേസുകൾ ഉണ്ടായി. 2019 ൽ ഇതു 125 ആയി ഉയർന്നു. 2022 ൽ 317 കേസുകൾ. സുപ്രീം കോടതിയിൽ 159 കേസുകളും കേരള ഹൈക്കോടതിയിൽ 60 കേസുകളുമുണ്ട്.