നീറ്റ് പുനഃപരീക്ഷ: പൂർണ സ്കോർ ആർക്കുമില്ല
Mail This Article
ന്യൂഡൽഹി ∙ ഗ്രേസ് മാർക്കിന്റെ പേരിലുള്ള പരാതികളെത്തുടർന്ന് 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിയ നീറ്റ്–യുജി പുനഃപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 813 പേരിൽ ഒരാൾക്കുപോലും 720 എന്ന മുഴുവൻ സ്കോറും ലഭിച്ചില്ല. മുഴുവൻ സ്കോറോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം ഇതോടെ 67ൽ നിന്ന് 61 ആയി കുറഞ്ഞു. പുനഃപരീക്ഷാഫലം ഉൾപ്പെടുത്തി അന്തിമ റാങ്ക് പട്ടിക പുതുക്കും.
-
Also Read
കർണാടക നേതാക്കൾക്ക് എഐസിസി താക്കീത്
ആദ്യ പരീക്ഷയിൽ ചണ്ഡിഗഡിൽ ഒരേ കേന്ദ്രത്തിലെ 6 പേർക്കു മുഴുവൻ സ്കോറും ലഭിച്ചതു സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇവരിൽ 5 പേർ വീണ്ടും പരീക്ഷയെഴുതിയെങ്കിലും 680 മുതലുള്ള സ്കോറുകളേ ലഭിച്ചുള്ളൂ. 1563 പേരാണ് പുനഃപരീക്ഷ എഴുതേണ്ടിയിരുന്നത്. എഴുതിയില്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴിവാക്കി ഇവരുടെ സ്കോർ പുനർനിർണയിക്കുമെന്നു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നേരത്തേ അറിയി ച്ചിരുന്നു.
ഈമാസം 6 മുതൽ പ്രവേശന നടപടികൾ ആരംഭിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, എൻടിഎയ്ക്കും നീറ്റ്–യുജി പരീക്ഷയ്ക്കുമെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഹർജികൾ എട്ടിനാണു സുപ്രീം കോടതി പരിഗണിക്കുന്നത്.