ശിക്ഷയിളവ് തേടി ഗ്രഹാം സ്‌റ്റെയ്‌ൻസ് വധക്കേസ് പ്രതി ദാരാസിങ്ങ്
Mail This Article
ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌ൻസ് വധക്കേസിലെ മുഖ്യപ്രതി ദാരാസിങ്ങ് ശിക്ഷായിളവു തേടി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഒഡീഷ സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടിസയച്ചു. ‘ഏതു പുണ്യാളനും ഒരു ഭൂതകാലമുണ്ടാകുമെന്നതു പോലെ ഏതു പാപിക്കും ഒരു ഭാവിയുണ്ട്’ എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ ഉൾപ്പെടെ ഉദ്ധരിച്ചാണ് ശിക്ഷയിളവു തേടിയത്.
കേസിൽ 24 വർഷമായി തടവിലാണെന്നും 25 വർഷം പൂർത്തിയായാൽ ഇളവു നൽകാമെന്ന് ഒഡീഷ സർക്കാരിന്റെ ചട്ടമുണ്ടെന്നും അഭിഭാഷകനായ വിഷ്ണുശങ്കർ ജെയിൻ വഴി നൽകിയ ഹർജിയിലുണ്ട്. ഒഡീഷയിൽ കുഷ്ഠരോഗികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന സ്‌റ്റൈയ്‌ൻസ്, മക്കളായ ഫിലിപ്, തിമോത്തി എന്നിവരെ 1999 ജനുവരിയിൽ വാനിലിട്ടു ജീവനോടെ തീവച്ചുകൊന്ന കേസിലാണ് ദാരാസിങ് ഉൾപ്പെടെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്.