ADVERTISEMENT

വിയന്ന ∙ യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓസ്ട്രിയ സന്ദർശനത്തിനെത്തിയ അദ്ദേഹം ചാൻസലർ കാൾ നീഹാമറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ, ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ ആവർത്തിച്ചു. കഴി‍ഞ്ഞദിവസം മോസ്കോയിൽ ഇന്ത്യ– റഷ്യ ഉച്ചകോടിയിൽ മോദി യുക്രെയ്ൻ യുദ്ധമുൾപ്പെടെയുള്ളവയ്ക്ക് എതിരെ പ്രതികരിച്ചിരുന്നു. 40 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

‘‘യുക്രെയ്നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങളെപ്പറ്റി ചർച്ച ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയും ഓസ്ട്രിയയും ഊന്നൽ നൽകും’’– മോദി പറഞ്ഞു. റഷ്യ – യുക്രെയ്ൻ സമാധാന പ്രക്രിയയിൽ ഇന്ത്യയുടെ പങ്ക് പ്രധാനമാണെന്നു കാൾ നീഹാമർ വ്യക്തമാക്കി. സമാധാന ചർച്ചകൾക്കു വേദിയൊരുക്കാൻ ഓസ്ട്രിയ തയാറാണെന്നും പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ചർച്ചയായി. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യ–ഓസ്ട്രിയ സ്റ്റാർട്ടപ് ബ്രിജ് ഏറെ ഗുണം ചെയ്യുമെന്നു പറഞ്ഞ മോദി ഇരു രാജ്യങ്ങളിലെയും യുവസംരംഭകർക്കായി സംയുക്ത ഹാക്കത്തൺ സംഘടിപ്പിക്കണമെന്നു നിർദേശിച്ചു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, അടിസ്ഥാനസൗകര്യം, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലെ വികസനം തുടങ്ങിയവയും ചർച്ചയായി. വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി സെമികണ്ടക്ടർ, എഐ, മെഡിക്കൽ ഉപകരണങ്ങൾ, സോളർ സെല്ലുകൾ തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡർ ബെല്ലനെയും മോദി സന്ദർശിച്ചു.

English Summary:

It is not the time for war says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com